ജെയിംസ് കാമറൂണ്‍ ചിത്രം ‘അവതാര്‍: ദി വേ ഓഫ് വാട്ടര്‍’ മികച്ച വിഷ്വല്‍ എഫക്ടിനുള്ള ഓസ്‌കര്‍ സ്വന്തമാക്കി. ജോ ലെറ്റെറി, റിച്ചാര്‍ഡ് ബെന്‍ഹാം, എറിക് സൈന്‍ഡന്‍, ഡാനിയല്‍ ബാരറ്റ് എന്നിവരാണ് പ്രേക്ഷകരുടെ മനംകവര്‍ന്ന അനിമേഷന് പിന്നില്‍. അവതാറിന്റെ ആദ്യ ഭാഗത്തില്‍ പ്രേക്ഷകര്‍ കണ്ട സംഭവങ്ങള്‍ക്ക് 14 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന കാര്യങ്ങളാണ് അവതാര്‍ ദി വേ ഓഫ് വാട്ടറെന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നായകനായ ജേക്കും നെയ്റ്റിരിയും ഇപ്പോള്‍ ഒരു കുടുംബമായി തങ്ങളുടെ മക്കള്‍ക്കൊപ്പം ജീവിക്കുകയാണ്. അതിനിടെ മനുഷ്യരുടെ ഭീഷണി വീണ്ടും പാന്‍ഡോറ ഗ്രഹത്തിലേക്ക് കടന്ന് വരുന്നതും അതില്‍ നിന്നുള്ള നേവി വംശജരുടെ ചെറുത്ത് നില്‍പ്പുമാണ് അവതാര്‍ ദി വേ ഓഫ് വാട്ടറിലെ പ്രമേയം.
മെറ്റ്‌കൈന ജനവിഭാഗങ്ങളുടെ കടലിനോട് ചേര്‍ന്നുള്ള താമസ സ്ഥലം കണ്ണിന് കുളിര്‍മ്മയേകുന്ന ഒട്ടനവധി ദൃശ്യങ്ങളുടെ സഹായത്തോടെ സ്‌ക്രീനിലെത്തിച്ചു. പാന്‍ഡോറയില്‍ നമ്മള്‍ ആദ്യ ഭാഗത്തില്‍ കാണാത്ത കൗതുകകരമായ നിരവധി കാഴ്‌ച്ചകളും ഈ രണ്ടാം ഭാഗത്തില്‍ ജെയിംസ് കാമറൂണ്‍ ഒരുക്കി വച്ചിട്ടുണ്ട്. ആദ്യ ഭാഗത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സാം വര്‍ത്തിംഗ്ടണ്‍, സോ സാല്‍ഡാന, സ്റ്റീഫന്‍ ലാങ്ങ് എന്നീ അഭിനേതാക്കള്‍ ഈ ചിത്രത്തിലും തിരികെ എത്തുന്നുണ്ട്. അവതാറില്‍ ജേക്കിന്റെയും നെയ്റ്റിരിയുടെയും പ്രണയത്തിനായിരുന്നു പ്രാധാന്യം കൊടുത്തിരുന്നതെങ്കില്‍ രണ്ടാം ഭാഗത്തിലേക്ക് വന്നപ്പോള്‍ അവരുടെ മക്കളെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്.











