ഡല്‍ഹി : മണിപ്പൂര്‍ കലാപത്തില്‍ രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് സമിതിയോട് സുപ്രീം കോടതി. പൊലീസ് അക്രമം നടത്തിയവരുമായി ഒത്തുകളിച്ചിട്ടുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ദത്താത്രയ് പദ്സാല്‍ഗിക്കറോട് നിര്‍ദ്ദേശിച്ചു. അന്വേഷണത്തിന് ആവശ്യമായ സഹായം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും നിര്‍ദ്ദേശം നല്‍കി. കൂടാതെ സുപ്രീംകോടതി രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇരു റിപ്പോര്‍ട്ടുകളും ഒക്ടോബര്‍ 13 ന് കോടതി പരിഗണിക്കും.
ഇന്നലെ രാത്രിയോടെയാണ് ഉത്തരവിന്റെ പകര്‍പ്പ് പുറത്തിറക്കിയത്. മണിപ്പൂര്‍ കലാപത്തിലും അന്വേഷണത്തിലും അതിനിര്‍ണ്ണായക ഇടപെടല്‍ നടത്തിയിരിക്കുകയായിരുന്നു സുപ്രീംകോടതി. സ്വമേധയ എടുത്ത കേസ് അടക്കം വിവിധ ഹര്‍ജികള്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ഇടപെടല്‍ നടത്തിയത്. കലാപത്തെ കുറിച്ച് അന്വേഷിക്കാന്‍ മുന്‍ ഹൈക്കോടതി വനിതാ ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന ഉന്നതതല സമിതിയെയാണ് നിയോഗിച്ചിട്ടുള്ളത്.
മുന്‍ ജഡ്ജിമാരായ ഗീത മിത്തല്‍, ശാലിനി പി ജോഷി, മലയാളിയായ ആശ മേനോന്‍ എന്നിവരടങ്ങുന്നതാണ് സമിതി. അന്വേഷങ്ങള്‍ക്ക് പുറമെ പുനരധിവാസം, ദുരിതാശ്വാസ പ്രവര്‍ത്തനം, നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങളും സമിതിയുടെ പരിധിയില്‍ വരും. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമിതി കോടതിക്ക് സമര്‍പ്പിക്കും. സിബിഐ അന്വേഷണം തടയുന്നില്ലെന്ന വ്യക്തമാക്കിയ കോടതി നിലവിലുള്ള സംഘത്തിനൊപ്പം കോടതി നിയോഗിച്ച അഞ്ച് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി.














