ഡല്‍ഹി : സിനിമാട്ടോഗ്രാഫി ഭേദഗതി ബില്‍-2023 രാജ്യസഭ പാസാക്കി. ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ സെൻസര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയ സിനിമയ്ക്ക് രാജ്യത്ത് മൊത്തമായോ ഭാഗികമായോ അംഗീകാരം പിൻവലിക്കാനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതടക്കമുള്ള ചട്ടങ്ങള്‍ ഇതില്‍ അടങ്ങുന്നു. മണിപ്പുര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയതിന് പിന്നാലെയാണ് ഭരണകക്ഷി അംഗങ്ങളുടെ ചര്‍ച്ചയ്ക്കുശേഷം ബില്‍ ശബ്ദവോട്ടോടെ പാസാക്കിയത്. ഈ ചട്ടം പഴയ ബില്ലിലും ഉണ്ടായിരുന്നെങ്കിലും 1990-ലെ കെ.എം. ശങ്കരപ്പ കേസില്‍ പാടില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
സിനിമ പകര്‍ത്തിപ്രദര്‍ശിപ്പിച്ചാല്‍ മൂന്നുവര്‍ഷംവരെ തടവും നിര്‍മാണച്ചെലവിന്റെ അഞ്ചുശതമാനം പിഴയും ചുമത്താൻ ബില്ലില്‍ വ്യവസ്ഥ ചെയ്തു. സിനിമാശാലകളില്‍ ഫോണിലൂടെ സിനിമ പകര്‍ത്തുന്നവര്‍ക്കുള്‍പ്പെടെ ഇതു ബാധകമാണ്. പ്രായപൂര്‍ത്തിയാവുന്നവര്‍ക്ക് മാത്രം കാണാവുന്ന എ സര്‍ട്ടിഫിക്കറ്റും എല്ലാവര്‍ക്കും കാണാവുന്ന യു സര്‍ട്ടിഫിക്കറ്റും നല്‍കുന്നതിനൊപ്പം യുഎ കാറ്റഗറിയില്‍ ഏഴ്+, 13+, 16+ എന്നിങ്ങനെ വിവിധ പ്രായക്കാര്‍ക്ക് കാണാനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.













