ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ഇന്ന് കുറഞ്ഞ താപനില 27 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. പകല്‍ സമയത്ത് മിതമായ മഴ പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ദിവസങ്ങളായി ഉയര്‍ന്ന നിലയില്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് നഗരത്തിലെ യമുന നദി കരകവിഞ്ഞൊഴുകുന്നതിനാല്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ദേശീയ തലസ്ഥാനത്ത് ‘യെല്ലോ’ അലര്‍ട്ട് പ്രഖ്യാപിച്ചു. യമുനയുടെ ജലനിരപ്പ് ഉയരാൻ മഴ കാരണമായേക്കും.
സെൻട്രല്‍ വാട്ടര്‍ കമ്മീഷൻ കണക്കുകള്‍ പ്രകാരം യമുനയുടെ ജലനിരപ്പ് വ്യാഴാഴ്ച രാത്രി 8 മണിയോടെ 208.66 മീറ്ററില്‍ നിന്ന് ശനിയാഴ്ച രാവിലെ 7 മണിയോടെ 207.62 മീറ്ററായി കുറഞ്ഞു. രാത്രി എട്ടരയോടെ ഡല്‍ഹിയിലെ ആപേക്ഷിക ആര്‍ദ്രത 85 ശതമാനമായിരുന്നു. നഗരത്തിലെ പരമാവധി താപനില 33 ഡിഗ്രി സെല്‍ഷ്യസായി മാറാൻ സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. ഡല്‍ഹിയുടെ എയര്‍ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) രാവിലെ 9 മണിക്ക് തൃപ്തികരമായ വിഭാഗത്തില്‍ രേഖപ്പെടുത്തിയതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണക്കുകള്‍ വ്യക്തമാക്കുന്നു.














