Home യൂറോപ്പ് ഭക്ഷണവും കിടക്കാനിടവും മരുന്നുമില്ലാതെ കഷ്ടപ്പെട്ട് മോസ്കോയില്‍ ഇറക്കിയ വിമാനത്തിലെ യാത്രക്കാര്‍

ഭക്ഷണവും കിടക്കാനിടവും മരുന്നുമില്ലാതെ കഷ്ടപ്പെട്ട് മോസ്കോയില്‍ ഇറക്കിയ വിമാനത്തിലെ യാത്രക്കാര്‍

278
0

മോസ്കോ : ചൊവ്വാഴ്ച എൻജിൻ തകരാറുമൂലം മോസ്കോയില്‍ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി ഇറക്കിയതു മൂലം കഷ്ടപ്പെടുന്നത് കുട്ടികളും പ്രായമായവരുമടക്കമുള്ള യാത്രക്കാര്‍. ഭാഷ പ്രശ്നങ്ങളും ഭക്ഷണവും താമസസൗകര്യങ്ങളില്ലാത്തതുമാണ് ഇവര്‍ക്ക് തിരിച്ചടിയായത്. ഡല്‍ഹിയില്‍ നിന്ന് യു.എസിലെ സാൻഫ്രാൻസിസ്കോയിലേക്ക് 216 യാത്രക്കാരും 16 ജീവനക്കാരുമായി പറന്ന എയര്‍ ഇന്ത്യയുടെ എ.ഐ. 173 നോണ്‍ സ്റ്റോപ്പ് വിമാനമാണ് റഷ്യയില്‍ ഇറക്കിയത്. മോസ്കോയില്‍ നിന്ന് 10,000 കി.മി ദൂരത്തിലാണ് യാത്രക്കാര്‍ കഴിയുന്നത്. വിമാനത്താവളത്തില്‍ അടിസ്ഥാന സൗകര്യമില്ലാത്തതാണ് യാത്രക്കാരെ പ്രയാസത്തിലാക്കിയത്. എല്ലാവര്‍ക്കും ഹോട്ടല്‍ താമസം ലഭ്യമല്ലാത്തതിനാല്‍ ഡോര്‍മെറ്ററികളിലും സ്കൂള്‍ കെട്ടിടങ്ങളിലുമായാണ് യാത്രക്കാരെ താമസിപ്പിച്ചിരിക്കുന്നത്.

”230ലേറെ ആളുകളുണ്ട്. അവരില്‍ ഇഷ്ടം പോലെ കുട്ടികളും പ്രായമായവരുമുണ്ട്. ഞങ്ങളുടെ ബാഗുകള്‍ ഇപ്പോഴും വിമാനത്തിലാണുള്ളത്. ബസുകളിലായി വിവിധ സ്ഥലങ്ങളിലേക്ക് അയച്ചിരിക്കുകയാണ് ഞങ്ങളെ. ചിലരെ സ്കൂളിലേക്കാണ് മാറ്റിയത്. മറ്റു ചിലര്‍ കിടക്കകള്‍ വെറും തറയിലിട്ട് കിടക്കുന്നു. മതിയായ ടോയ്‍ലറ്റ് സൗകര്യങ്ങളില്ല. ഭാഷയും മനസിലാകുന്നില്ല. ഭക്ഷണവും വ്യത്യസ്തമാണ്. ഇഷ്ടംപോലെ കടല്‍ വിഭവങ്ങളും മാംസവുമാണുള്ളത്. ചിലര്‍ ബ്രഡും സൂപ്പും മാത്രം കഴിച്ച്‌ വിശപ്പടക്കുകയാണ്. പ്രായമായവരില്‍ കൂടുതല്‍ ആളുകളും രോഗികളാണ്. അവര്‍ക്ക് മരുന്നും ലഭിക്കുന്നില്ല. ”-മോസ്കോയില്‍ കുടുങ്ങിയ യാത്രക്കാരിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ” സ്കൂളുകളിലേക്ക് അയച്ചവര്‍ ബെഞ്ചുകള്‍ കൂട്ടിയിട്ട് കിടക്കുകയാണ്. ഒരു മുറിയില്‍ 20 പേരൊക്കെയുണ്ട്. ഇവര്‍ക്കാര്‍ക്കും ഭക്ഷണവും ലഭിച്ചിട്ടില്ല. 88 വയസുള്ള ആളും രണ്ട് കൈക്കുഞ്ഞുങ്ങളുമായി ഒരു യുവതിയും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ഞങ്ങളെ ആരെയും അധികൃതര്‍ പുറത്തേക്ക് വിടുന്നില്ല. ഇന്ന് മറ്റൊരു വിമാനത്തില്‍ ഞങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുമെന്നാണ് പറയുന്നത്”-യാത്രക്കാരൻ കൂട്ടിച്ചേര്‍ത്തു.

ഏതാനും യു.എസ് പൗരൻമാരും വിമാനത്തിലുണ്ട്. സംഭവത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വൈറ്റ് ഹൗസ് വക്താവ് വേദാന്ത് പട്ടേല്‍ പറഞ്ഞു. സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വ്യക്തമാക്കി. യാത്രക്കാര്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളുമായി മുംബൈയില്‍ നിന്ന് മറ്റൊരു വിമാനം റഷ്യയിലേക്ക് പുറപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Previous articleചാലിയാര്‍ ദോഹ എക്കോ ഫെസ്റ്റ് : സ്റ്റില്‍ മോഡല്‍ എക്സിബിഷനില്‍ ഡി പി എസ് മൊണാര്‍ക് സ്കൂള്‍ ജേതാക്കളായി
Next article48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം കേരളത്തില്‍, ഇന്ന് നാലുജില്ലകളില്‍ ശക്തമായ മഴ ; യെല്ലോ അലര്‍ട്ട്

Leave a Reply