കോട്ടയം: കോട്ടയത്തെ ലുലു ഹൈപ്പർ മാർക്കറ്റ് അടപ്പിക്കാൻ ഹർത്താൽ അനുകൂലികൾ എത്തി. ഒരു കസ്റ്റമറെയും ഇതിനുള്ളിലേക്ക് കയറാൻ അനുവദിക്കില്ലെന്ന് സമരക്കാർ താക്കീതു നൽകി. ലുലുവിന് ഉള്ളിലേക്ക് കയറാൻ ഹർത്താൽ അനുകൂലികൾ ശ്രമിച്ചതോടെ പോലീസും ജീവനക്കാരും ചേർന്ന് തടഞ്ഞു. പത്തോളം പ്രവർത്തകരാണ് ലുലു അടപ്പിക്കാൻ എത്തിയത്. ലുലു അവശ്യ സർവീസ് അല്ലെന്നും പ്രവർത്തിക്കാൻ സമ്മതിക്കില്ലെന്നും സമരക്കാർ പറഞ്ഞു. അകത്ത് ക്ലീനിങ്ങാണ് നടക്കുന്നതെന്ന് ലുലു പ്രതിനിധി അറിയിച്ചു. എന്നാൽ, ക്ലിനിങ്ങ് ഒന്നും പറ്റില്ലന്നായിരുന്നു ഹർത്താൽ അനുകൂലികളുടെ നിലപാട്. പിന്നീട് ലുലുവിലേക്ക് എത്തിയവരെ ഹർത്താൽ അനുകൂലികൾ തടഞ്ഞു. സമരത്തോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ലുലുവിൻ്റെ മുൻ ഗേറ്റുകൾ സംഘം ഉപരോധിച്ചു. ഹർത്താൽ ദിനത്തിൽ തുറന്ന് പ്രവർത്തിച്ച കോട്ടയം മുത്തൂറ്റ് ഫിനാൻസിലെ ജോലിക്കാരെ സമരക്കാർ ഇറക്കിവിട്ടു. മുൻവശത്തെ ഷട്ടർ അടച്ചിട്ട് തുറന്ന് പ്രവർത്തിച്ച കോട്ടയം ആനന്ദ് ഹോട്ടലിൽ ഫുഡ് കഴിക്കാൻ എത്തിയവരെയും സമരക്കാർ ഒഴിപ്പിച്ച് ഹോട്ടൽ അടപ്പിച്ചു. സമാനമായ രീതിയിൽ കെ.എസ്.ആർ.ടി.സി ക്യാൻ്റിനും സമരക്കാർ അടപ്പിച്ചിരുന്നു.











