Home അമേരിക്ക സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്‍ ; പ്രവര്‍ത്തനോല്‍ഘാടനം ഉജ്ജ്വലമായി

സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്‍ ; പ്രവര്‍ത്തനോല്‍ഘാടനം ഉജ്ജ്വലമായി

56
0

ന്യൂയോര്‍ക്ക് : സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം കുറിച്ചു. ഏപ്രില്‍ 12-ാം തീയ്യതി ഞായറാഴ്ച സെന്റ് ജോര്‍ജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെട്ട ഈസ്റ്റര്‍, വിഷു സംയുക്ത ആഘോഷങ്ങളിലും പ്രവര്‍ത്തന ഉല്‍ഘാടന ചടങ്ങിലും അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് കറസ്‌പോണ്ടന്റ് തലവനുമായ ഡോ.കൃഷ്ണകിഷോര്‍, പ്രശസ്ത നെഫ്രോളജിസ്റ്റും ട്രാന്‍സ്പ്ലാന്റ് വിദഗ്ധനുമായ ഡോ. മധു ഭാസ്‌ക്കരന്‍ എം.ഡി. എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. നാലു പതിറ്റാണ്ടിലേറെയായി ന്യൂയോര്‍ക്കിലെ മലയാളി സമൂഹത്തിന്റെ ഭാഗമായി തീര്‍ന്ന സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോ. കൃഷ്ണ കിഷോര്‍ തിരിതെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ശ്രീ.റെജി വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതു സമ്മേളനത്തില്‍ വെരി.റവ.ആദായി പൗലൂസ് കോറെപ്പിസ്‌ക്കോപ്പ(വികാരി, സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്) ഈസ്റ്റര്‍ സന്ദേശം നല്‍കി. മലയാളിയുടെ ഗൃഹാതുര ഓര്‍മ്മകള്‍ നിറഞ്ഞുനില്‍ക്കുന്ന വിഷു ഉല്‍സവത്തിന്റെ ആശംസകള്‍. ഡോ മധു ഭാസ്‌ക്കരന്‍ നേര്‍ന്നു. സെക്രട്ടറി ശ്രീമതി ലൈസി അലക്‌സ് സ്വാഗതവും ട്രഷറര്‍ ശ്രീ.ജോസ് വര്‍ഗീസ് കൃതജ്ഞതയും പ്രകാശിപ്പിച്ചു. ജോഷ്വ- ജെയിംസ് അമേരിക്കന്‍ ദേശീയഗാനവും, റോഷിന്‍ മാമ്മന്‍ ഇന്ത്യന്‍ ദേശീയഗാനവും ആലപിച്ചു.

പൊതുസമ്മേളനത്തിനുശേഷം കുട്ടികളുടെയു മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികള്‍ അരങ്ങേറി. ചിട്ടയായ പരിശീലനത്തോടെ അവതരിപ്പിക്കപ്പെട്ട വിവിധ നൃത്തങ്ങള്‍, ഗാനങ്ങള്‍ തുടങ്ങിയവ ഉന്നത നിലവാരം പുലര്‍ത്തി. ശ്രീ. മൈക്കിള്‍ തര്യന്‍ അസോസിയേറ്റ്‌സിന്റെ സ്‌റ്റേറ്റ് ഫാം ബിസിനസ്സ് സ്ഥാപനം ഈ വര്‍ഷത്തെ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യ സ്‌പോണ്‍സര്‍ ആയിരിക്കും.

കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്റ് പ്രസിഡന്റ് ശ്രീ. സാബു തോമസ് ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. സ്റ്റാറ്റന്‍ ഐലന്റ് മലയാളി സീനിയര്‍ ഫോറം പ്രസിഡന്റ് ശ്രീ.തോമസ് തോമസ് പാലത്തറ, ഫൊക്കാന, ഫോമ, നഴ്‌സസ്സ് അസോസിയേഷന്‍ എന്നിവയുടെ പ്രതിനിധികളായി ശ്രീ. ആന്റോ വര്‍ക്കി, ശ്രീ.ജോണി കെ ജോര്‍ജ്, ശ്രീമതി ഉഷാ ജോര്‍ജ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഡിന്നറോടു കൂടി പരിപാടികള്‍ക്ക് സമാപനമായി.

ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക്

Previous articleമുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ താൽപ്പര്യമില്ല ; കെ.സി. വേണുഗോപാൽ
Next articleഫൊക്കാന ടീം ഇന്റെഗ്രിറ്റി സ്ഥാനാർത്ഥികൾക്ക് ആൽബനിയിൽ വമ്പിച്ച സ്വീകരണം

Leave a Reply