കൊപ്പേൽ / ടെക്‌സാസ് : ഇന്ത്യയ്ക്ക് പുറത്തെ പ്രഥമ സീറോ മലബാർ രൂപതയായ ചിക്കാഗോ രൂപതയുടെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സീറോ മലബാർ ദേശീയ കൺവെൻഷൻ്റെ ഔദ്യോഗിക കിക്കോഫ്, കോപ്പൽ സെൻ്റ് അൽഫോൻസാ ദേവാലയത്തിൽ നടന്നു. രൂപതാ അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് കിക്കോഫ് നിർവഹിച്ചു. ഇടവക വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ കുര്യൻ, ഇടവകാംഗങ്ങളും ചേർന്ന് അഭിവന്ദ്യ പിതാവിനേ സ്നേഹോഷ്മളമായി സ്വീകരിച്ചു. ഇടവകയിലെ കൺവെൻഷൻ പ്രതിനിധികളും ട്രസ്റ്റിമാരുമായ ജോഷി കുര്യാക്കോസ്, റോബിൻ കുര്യൻ, റോബിൻ ജേക്കബ് ചിറയത്ത്, രഞ്ജിത്ത് മാത്യു തലക്കോട്ടൂർ, സെബാസ്റ്റ്യൻ പോൾ (സെക്രട്ടറി) എന്നിവർ കിക്കോഫ് വിജയകരമാക്കുന്നതിൽ നേതൃത്വം നൽകി. നിരവധിപേരാണ് ഇടവകയിൽ നിന്ന് കൺവൻഷനു പങ്കെടുക്കാൻ തദവസരത്തിൽ രജിസ്റ്റർ ചെയ്തത്.
മാർ. ജോയ് ആലപ്പാട്ട് വിശ്വാസികളെ അഭിസംബോധന ചെയ്തു. രൂപത സ്‌ഥാപിതമായ ശേഷം 85 ഓളം ദേവാലയങ്ങളും 75 വൈദികരും ഉള്ള വലിയ സഭാസമൂഹമായി സീറോ മലബാർ സഭ അമേരിക്കയിൽ പടർന്നു പന്തലിച്ചു. അമേരിക്കയിലെ ഒരു വലിയ കുടുംബമായി അതിവേഗം വളർന്ന സഭക്കു കൂടുതൽ ഉണർവ് നേടാനുള്ള സമയമാണിതെന്നും മാർ. ജോയ് ആലപ്പാട്ട് വിശ്വാസികളോട് ആഹ്വാനം ചെയ്തു. തലമുറകളുടെ സംഗമം, സൗഹൃദ കൂട്ടായ്മ, ശോഭനമായ സഭയുടെ ഭാവിക്കുവേണ്ടിയുള്ള ചർച്ചകൾ, യുവജന പങ്കാളിത്തം എന്നിവയാണ് ഈ കൺവെൻഷനിലൂടെ ലക്ഷ്യമിടുന്നതെന്നും വിശ്വാസ പ്രഘോഷണത്തിന്റെ ഈ മഹാസമ്മേളനത്തിലേക്ക് രൂപതയിലെ എല്ലാ കുടുംബങ്ങളേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായും മാർ ജോയ് ആലപ്പാട്ട് പറഞ്ഞു.
മാർട്ടിൻ വിലങ്ങോലിൽ











