Home ഇന്ത്യ നടിയെ ആക്രമിച്ച കേസ് ; ദിലീപിനെ വെറുതെ വിട്ടു ; ഒന്ന് മുതൽ 6 വരെ...

നടിയെ ആക്രമിച്ച കേസ് ; ദിലീപിനെ വെറുതെ വിട്ടു ; ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം

102
0

രാജ്യം ഉറ്റുനോക്കിയ നടിയെ ആക്രമിച്ച കേസില്‍ നടൻ ദിലീപിനെ വെറുതെ വിട്ടു. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി വിധി. കേസിൽ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാര്‍. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. കൃത്യത്തിൽ നേരിട്ട് പങ്കില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ്‌ ആണ് വിധി പ്രഖ്യാപിച്ചത്. 2018 മാര്‍ച്ച് എട്ടിനാണ് വിചാരണനടപടികള്‍ ആരംഭിച്ചത്. കേസിലെ 261 സാക്ഷികളുടെയും 833 രേഖകളുടെയും അടിസ്ഥാനത്തിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. അതിജീവിത ആവശ്യപ്പെട്ടതനുസരിച്ചാണ് വനിതാജഡ്ജിയെ ഹൈക്കോടതി നിയോഗിച്ചത്.

കോവിഡ് ലോക്ഡൗണിനു പുറമേ, പ്രതികളിലൊരാളായ നടന്‍ ദിലീപും പ്രോസിക്യൂഷനും അതിജീവിതയും പലതവണ മേല്‍ക്കോടതികളില്‍ നല്‍കിയ ഉപഹര്‍ജികളും അപ്പീലും വിചാരണ നീണ്ടുപോകാന്‍ കാരണമായി. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മാസങ്ങളോളം വിചാരണ നിര്‍ത്തിവച്ചാണു തുടരന്വേഷണം നടത്തിയത്. പ്രമുഖ നടീനടന്മാരും സംവിധായകരും ഉള്‍പ്പെടെ 261 സാക്ഷികളെ വിസ്തരിക്കാന്‍ മാത്രം 438 ദിവസം വേണ്ടിവന്നു. ഇതില്‍ സിനിമക്കാരും നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ 28 പേര്‍ മൊഴിമാറ്റി. മൊഴികളില്‍ വ്യക്തത വരുത്താനുള്ള തുടര്‍വാദങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും വേണ്ടി 294 ദിവസം കൂടി കോടതിക്കു വേണ്ടിവന്നു. ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ അടക്കം പ്രോസിക്യൂഷന്‍ ഹാജരാക്കിയ 833 രേഖകളും സൂക്ഷ്മമായി പരിശോധിച്ചാണു പ്രതിഭാഗത്തിന്റെ വാദങ്ങളും രേഖപ്പെടുത്തിയത്.

സമൂഹ മനസാക്ഷിയെ നടുക്കിയ ക്രൂരത നടന്നത് 2017 ഫെബ്രുവരി 17നായിരുന്നു. ഷൂട്ടിംഗിന് ശേഷം തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് മടങ്ങിയ നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്താനായിരുന്നു ക്വട്ടേഷന്‍. അങ്കമാലിക്ക് സമീപം അത്താണിയില്‍ വച്ചായിരുന്നു പ്രതികള്‍ നടിയുടെ കാറില്‍ കടന്നത്. അതിജീവിതയെ ഓടുന്ന വാഹനത്തില്‍ അതിക്രമത്തിനിരയാക്കി വീഡിയോ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് നടന്‍ ദിലീപായിരുന്നു എന്നായിരുന്നുവെന്ന് പിന്നീട് പോലീസ് കണ്ടെത്തിയിരുന്നു. എട്ടാം പ്രതിയായ നടന്‍ അഴിക്കുള്ളിലായത് 85 ദിവസമായിരുന്നു.

2012 മുതൽ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നെന്നും കാവ്യ മാധവനുമായുളള ബന്ധം മഞ്ജു വാര്യരോട് പറഞ്ഞതാണ് പിണക്കത്തിന് കാരണമെന്നും നടി കോടതിയിൽ മൊഴി നൽകിയിരുന്നു. തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയിൽ എങ്ങുമെത്തിയിട്ടില്ലെന്നടക്കം ദിലീപ് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും നടി വിവരിച്ചിട്ടുണ്ട്. നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്താൻ പൾസർ സുനിയും സംഘവും മുമ്പും ശ്രമിച്ചിരുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. 2017 ജനുവരി 03 ന് ഗോവയിൽ വെച്ച് കൃത്യം നടത്താനായിരുന്നു ആലോചന. എന്നാൽ ഷൂട്ടിങ് നേരത്തെ പൂ‍ർത്തിയാക്കി നടി മടങ്ങിയതിനാൽ കൃത്യം നടന്നില്ലെന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കിയത്.

Previous articleസർക്കാർ നടപടികൾക്ക് ശേഷം ഇൻഡിഗോ പിൻമാറി ; യാത്രക്കാർക്ക് ₹610 കോടി തിരികെ നൽകി; 3,000 ബാഗുകളും തിരികെ നൽകി
Next articleപാക്കിസ്താന്‍ പാർലമെന്റിൽ കഴുത ഓടിക്കയറി ; വീഡിയോ വൈറല്‍

Leave a Reply