ന്യൂ യോർക്ക് മേയറായി ചരിത്ര വിജയം നേടിയ സോഹ്രാൻ മാംദാനി ചൊവാഴ്ച്ച തന്റെ വിജയ പ്രസംഗത്തിൽ കുടിയേറ്റക്കാർക്ക് അഭിവാദ്യം അർപ്പിച്ചു. “ഈ ജനാധിപത്യം നിങ്ങളുടേതു കൂടിയാണ്,” അദ്ദേഹം പറഞ്ഞു. ബ്രൂക്ലിൻ പാരമൗണ്ട് തിയറ്റർ തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തോട് സംസാരിക്കുമ്പോൾ മാംദാനി ജവാഹർലാൽ നെഹ്രുവിന്റെ വാക്കുകൾ ഉദ്ധരിച്ചു. “ചരിത്രത്തിൽ അപൂർവമായി വരുന്ന ഒരു മുഹൂർത്തമുണ്ട് — നമ്മൾ പഴയതിൽ നിന്നു പുതിയതിലേക്കു പ്രവേശിക്കുന്നു, ഒരു യുഗം അവസാനിക്കയും ദീർഘകാലം നിശബ്ദമാക്കപ്പെട്ട രാജ്യത്തിൻറെ ആത്മാവ് പുതുതായി സംസാരിക്കയും ചെയ്യുന്ന കാലം വരികയും ചെയ്യുന്നു. ഇന്നു നമ്മൾ പഴയതിൽ നിന്നു പുതിയ കാലഘട്ടത്തിലേക്കു പ്രവേശിച്ചു.”
പുരോഗമന ആശയക്കാരായ തൊഴിലാളി വർഗവും കുടിയേറ്റക്കാരും വെള്ളക്കാരല്ലാത്തവരുമാണ് തന്റെ വാക്കുകൾ കേൾക്കുന്നതെന്നു മാംദാനി പറഞ്ഞു. “തീർച്ചയായും ന്യൂ യോർക്ക് കുടിയേറ്റക്കാരുടെ നഗരമായിരിക്കും. കുടിയേറ്റക്കാർ നിർമിച്ച നഗരം. അവർ ഊർജം കൊടുക്കുന്ന നഗരം. ഇന്നു രാത്രി മുതൽ കുടിയേറ്റക്കാരൻ നയിക്കുന്ന നഗരം.\ “ഞാനിതു പറയുമ്പോൾ കേട്ടോളൂ പ്രസിഡന്റ് ട്രംപ്, ഞങ്ങളിൽ ആരെയെങ്കിലും എത്തിപ്പിടിക്കണമെങ്കിൽ ഞങ്ങളിൽ എല്ലാവരിലൂടെയും കൂടി മാത്രമേ അത് സാധ്യമാവൂ.” കുടിയേറ്റക്കാരെ ബലം പ്രയോഗിച്ചു നീക്കുന്ന ട്രംപിന്റെ ശൈലിയെ ഉരുക്കുമുഷ്ടി ഉപയോഗിച്ചു ചെറുക്കുമെന്നു മാംദാനി പറഞ്ഞിരുന്നു. തന്റെ പിന്നിലുള്ള ജനങ്ങളെ മറക്കേണ്ട എന്ന താക്കീതും നൽകിയിരുന്നു.
“നമ്മുടെ നഗരത്തിന്റെ രാഷ്ട്രീയത്തിൽ മറക്കപ്പെടുന്നവരെ ഞാൻ ഓർമിക്കുന്നു. യെമെനി ഭക്ഷണശാലകൾ, മെക്സിക്കൻ റസ്റ്റോറന്റുകൾ, സെനഗളീസ് ടാക്സി ഡ്രൈവർമാർ, ഉസ്ബക് നഴ്‌സുമാർ, ട്രിനിഡാഡിൽ നിന്നുള്ള ലൈൻ കുക്കുകൾ, എത്യോപ്യൻ ആന്റിമാർ, അതേ ആന്റിമാർ. “കെൻസിങ്ങ്ടണിലും മിഡ്‌വുഡിലും ഹണ്ട്സ് പോയിന്റിലും ഉള്ള ഓരോ ന്യൂ യോർക്ക് നിവാസിയും ഓർമിക്കണം, ഇത് ഞങ്ങളുടെ നഗരമാണ്, ഈ ജനാധിപത്യവും നിങ്ങളുടേതാണ്.”
വിലകൾ നിയന്ത്രിക്കും
വിലക്കയറ്റം നിയന്ത്രിക്കാൻ ഏറ്റവും മികച്ച പരിപാടി തന്റെ ഭരണം ആവിഷ്കരിക്കുമെന്നു മാംദാനി വ്യക്തമാക്കി.











