കാലിഫോർണിയ : തൃശ്ശൂർ പൂരം, വള്ളംകളി തുടങ്ങിയ ആഘോഷങ്ങൾ കേരളത്തിൻറെ മണ്ണിൽ മാത്രം ഒതുങ്ങുമ്പോൾ, ലോകമെമ്പാടുമുള്ള കലാസ്നേഹികൾക്ക് മുന്നിൽ നമ്മുടെ പൈതൃകത്തിൻറെ ആഴവും സൗന്ദര്യവും അവതരിപ്പിക്കാനൊരുങ്ങുകയാണ് കാലിഫോർണിയ് ‘മോഹം മലയാളീ അസോസിയേഷൻ കേരളത്തിൻറെ അഭിമാനമായ കഥകളി എന്ന ക്ലാസിക്കൽ നൃത്ത-നാടക രൂപത്തെ ആഗോള വേദിയിലെത്തിക്കുന്ന കേളീരവം 2025’ എന്ന മഹത്തായ ഉദ്യമമാണ് ഇതിന് പിന്നിൽ. ഭാഷാപരമായ അതിർവരമ്പുകളില്ലാതെ കഥകളിയുടെ സംഗീതം, മുദ്രകൾ, ഭാവപ്രകടനങ്ങൾ, കഥപറച്ചിൽ എന്നിവയുടെ ശക്തി ലോകത്തിന് നേരിട്ട് അനുഭവവേദ്യമാക്കാൻ ഈ പരിപാടി ലക്ഷ്യമിടുന്നു. കേരളത്തിൻറെ ഹൃദയം പേറുന്ന ഈ കലാരൂപത്തെ കാലിഫോർണിയയിലെ സഹൃദയർക്കു മുന്നിൽ സമർപ്പിക്കാനുള്ള സാംസ്കാരിക ദൗത്യമാണിത്. ‘കേളീരവം 2025 വെറുമൊരു കലാപരിപാടിയല്ല, മറിച്ച് കലയെയും കലാകാരന്മാരെയും പിന്തുണയ്ക്കുന്ന ഒരു കാരുണ്യ സംരംഭം കൂടിയാണ്. പരിപാടിയുടെ ടിക്കറ്റ് വരുമാനവും സ്പോൺസർഷിപ്പിലൂടെ ലഭിക്കുന്ന മുഴുവൻ തുകയും കഥകളി കലാകാരന്മാർക്ക് നേരിട്ട് കൈമാറാനാണ് മോഹം മലയാളീ അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്.
കാലാന്തരത്തിൽ വെല്ലുവിളികൾ നേരിടുന്ന ഈ പരമ്പരാഗത കലാരൂപത്തെ നിലനിർത്താനും, കലാകാരന്മാരുടെ ജീവിതത്തിന് താങ്ങും തണലുമാകാനും ഈ സഹായം അത്യന്താപേക്ഷിതമാണ്. അടുത്ത തലമുറയ്ക്ക് വേണ്ടി ഈ മഹത്തായ കലയെ ജീവനോടെ നിലനിർത്തുന്നതിൽ അവരുടെ പങ്ക് വിലമതിക്കാനാവാത്തതാണ്. ഈ ഉദാരമായ സംരംഭത്തിലൂടെ, ‘മോഹം’ കലയെ സ്നേഹിക്കുന്നതിനൊപ്പം കലാകാരന്മാരെ ചേർത്തുപിടിക്കേണ്ടതിൻറെ പ്രാധാന്യം ലോകത്തിന്” മുന്നിൽ ഓർമ്മിപ്പിക്കുകയാണ്. ഈ മേളയിൽ അരങ്ങിലെത്തുന്നത് ഇന്ത്യയിലെ പ്രശസ്തരായ കഥകളി കലാകാരന്മാരാണ്. കലാമണ്ഡലം മനോജ്, പീസപ്പള്ളി രാജീവ്, കോട്ടക്കൽ മധു, കലാമണ്ഡലം ശിവദാസ്, കലാമണ്ഡലം ശ്രീജിത് സുന്ദരൻ, കോട്ടക്കൽ ഹരികുമാർ, എരൂർ മനോജ്, കലാമണ്ഡലം വേണു,രോഷി പിള്ള ജിഷ്ണു നമ്പൂതിരിപ്പാട്, സദനം ജ്യോതിഷ് ബാബു, സദനം ജിതിൻ എന്നിവരാണ് കേളീവാരം 2025-ൽ തങ്ങളുടെ അഭിനയത്തികവും വാദ്യവിസ്മയവും പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ഓരോ കഥാപാത്രത്തിൻറെയും സ്വഭാവം വിളിച്ചോതുന്ന വർണ്ണാഭമായ ചമയങ്ങളും വേഷവിധാനവും, നവരസങ്ങളെ കണ്ണുകളിലൂടെ പകർന്നു നൽകുന്ന അസാമാന്യമായ അഭിനയ വൈഭവവും, ചെണ്ടയുടെയും മദ്ദളത്തിൻറെയും അകമ്പടിയോടെയുള്ള സോപാന സംഗീതത്തിൻറെ താളവും – ഇതെല്ലാമാണ് കഥകളിയെ ലോകോത്തര കലാരൂപമാക്കുന്നത്. ഈ സാംസ്കാരിക ദൗത്യത്തിൽ പങ്കുചേർന്ന്, കേരളത്തിൻറെ പൈതൃകത്തിന് പിന്തുണയേകാൻ സഹൃദയരെ മോഹം മലയാളീ അസോസിയേഷൻ ക്ഷണിക്കുന്നു.
ജെയിംസ് വര്ഗീസ്











