Home ഓഷിയാന അനുര ദിസനായകെ ശ്രീലങ്കൻ പ്രസിഡന്‍റായി ചുമതലയേറ്റു

അനുര ദിസനായകെ ശ്രീലങ്കൻ പ്രസിഡന്‍റായി ചുമതലയേറ്റു

259
0

കൊളംബോ: ശ്രീലങ്കൻ പ്രസിഡന്‍റായി ഇടത് നേതാവ് അനുര കുമാര ദിസനായകെ ചുമതലയേറ്റു. പ്രസിഡൻഷ്യല്‍ സെക്രട്ടറിയേറ്റില്‍ ചീഫ് ജസ്റ്റിസ് ജയന്ത ജയസൂര്യയുടെ സാന്നിധ്യത്തിലാണ് ദിസനായകെ ചുമതലയേറ്റത്. ശ്രീലങ്കക്ക് ഒരു പുതിയ തുടക്കം നല്‍കുമെന്ന് മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടിയായ ജെ.വി.പി (ജനത വിമുക്തി പെരമുന) നേതാവായ ദിസനായകെ പറഞ്ഞു.
രാജ്യത്ത് നവോത്ഥാനത്തിന്‍റെ ഒരു പുതിയ യുഗം കൊണ്ടുവരാൻ നിങ്ങളേല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റുമെന്ന് വാഗ്ദാനം ചെയ്യുന്നു, അതിലേക്കായി എല്ലാവരുടെയും കൂട്ടായ സംഭാവനകള്‍ പ്രതീക്ഷിക്കുന്നു -ദിസനായകെ പറഞ്ഞു.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഒന്നാംഘട്ടത്തില്‍ 42.31 ശതമാനം വോട്ടുകള്‍ നേടിയാണ് നാഷണല്‍ പീപ്പിള്‍സ് പവർ (എൻ.പി.പി) സഖ്യത്തിന്‍റെ സ്ഥാനാർഥിയായ ദിസനായകെ മുന്നിലെത്തിയത്. ആർക്കും 50 ശതമാനം വോട്ടുകള്‍ നേടാൻ കഴിയാത്ത സാഹചര്യത്തില്‍ രണ്ടാം മുൻഗണന വോട്ടുകള്‍ കൂടി എണ്ണിയാണ് ദിസനായകെയെ വിജയിയായി പ്രഖ്യാപിച്ചത്.

എ.ഡി.കെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ദിസ്സനായകെ 2000ത്തിലാണ് ആദ്യമായി പാർലമെന്റിലെത്തുന്നത്. 2014ലെ ദേശീയ കണ്‍വെൻഷനിലാണ് സോമവംശ അമരസിംഹയുടെ പകരക്കാരനായി ജെ.വി.പിയുടെ അമരത്തെത്തുന്നത്. 2019ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആദ്യമായി ജനവിധി തേടിയെങ്കിലും വെറും മൂന്നു ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാൻ കഴിഞ്ഞത്. ഇത്തവണ എതിരാളികളെ ഞെട്ടിച്ചുകൊണ്ടായിരുന്നു മുന്നേറ്റം.

തെരഞ്ഞെടുപ്പില്‍ തൊഴിലാളിവർഗത്തിന്‍റെയും സർവകലാശാല വിദ്യാർഥികളുടെയും അധ്യാപകരുടെയും പിന്തുണയാണ് ദിസനായകെക്ക് കരുത്തായത്. കടക്കെണിയില്‍ ഉഴലുന്ന രാജ്യത്ത് അഴിമതി വിരുദ്ധതയുടെയും സംശുദ്ധമായ ഭരണത്തിന്‍റെയും പ്രതിച്ഛായ ഉയർത്തിയുള്ള അദ്ദേഹത്തിന്‍റെ പ്രചാരണം ഫലപ്രദമായി.

Previous articleഅന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് 2028-ല്‍ സിഡ്‌നി ആതിഥേയത്വം വഹിക്കും ; പ്രഖ്യാപനവുമായി വത്തിക്കാന്‍
Next articleകുവൈത്ത് കിരീടാവകാശിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

Leave a Reply