കൊച്ചി : പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ കെ.ജി ജയൻ അന്തരിച്ചു. ഇന്ന് പുലർച്ചെയോടെ തൃപ്പൂണിത്തുറയിലെ വീട്ടിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. 90 വയസ്സുകാരനായ ജയന്റെ വിയോഗത്തോടെ 60 വർഷം നീണ്ട സംഗീത സപര്യയ്ക്ക് കൂടിയാണ് അവസാനമായത്. നടൻ മനോജ് കെ ജയൻ മകനാണ്. മലയാള ഗാനശാഖയിൽ നിരവധിയായ സംഭാവനകൾ നൽകിയ ജയവിജയന്മാരിലെ ഇരട്ട സഹോദരനാണ് കെ.ജി ജയൻ. സിനിമാ ഗാനങ്ങൾക്ക് പുറമേ മലയാളികൾക്ക് പ്രിയപ്പട്ട ഒട്ടേറെ ഭക്തിഗാനങ്ങൾക്കും കെ.ജി ജയൻ ഈണം പകരുകയും ആലപിക്കുകയും ചെയ്തിട്ടുണ്ട്. അയ്യപ്പ ഭക്തി ഗാനങ്ങളായിരുന്നു ഇവയിൽ കൂടുതൽ ശ്രദ്ധ നേടിയിരുന്നവ. കർണ്ണാടക സംഗീതത്തിന് ആരാധക സമൂഹത്തിനിടയിൽ ജനകീയത നേടിക്കൊടുക്കുന്നതിൽ ജയവിജയന്മാരുടെ സംഗീത കച്ചേരികൾക്ക് കഴിഞ്ഞു. കേരള സംഗീത നാടക അക്കാദമി പുരസ്ക്കാരം, ഹരിവരാസനം അവാർഡ് എന്നിവ നേടിയ കെ.ജി ജയനെ തേടി 2019 ലെ പത്മശ്രീ പുരസ്ക്കാരവും എത്തിയത് രാജ്യം അദ്ദേഹത്തിന്റെ പ്രതിഭയ്ക്ക് നൽകിയ ആദരവായി മാറി.
ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കെ ജി ജയൻ നവതി ആഘോഷിച്ചത്. ജയവിജയ എന്ന പേരിൽ ഇരട്ട സഹോദരനൊപ്പം അദ്ദേഹം നടത്തിയ നിരവധി കച്ചേരികൾ ശ്രദ്ധേയമായിരുന്നു. സിനിമ ഭക്തി ഗാനങ്ങളിലൂടെ കർണാടക സംഗീതത്തെ ജനകീയനാക്കിയ സംഗീതജ്ഞൻ കൂടിയായിരുന്നു കെ ജി ജയൻ. ഇരുപതോളം സിനിമകൾക്ക് സംഗീത സംവിധാനം നിർവഹിച്ചു. 1968-ൽ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖമാർ ആണ് ആദ്യസിനിമ. ‘നക്ഷത്രദീപങ്ങൾ തിളങ്ങി…’, ‘ഹൃദയം ദേവാലയം…’ തുടങ്ങിയവ ഏറെ ഹിറ്റായി. 2019 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.














