ന്യൂഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പിനുമുന്പ് പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. നിയമത്തിനായുള്ള ചട്ടങ്ങള്‍ കേന്ദ്രം ഉടൻ വിജ്ഞാപനം ചെയ്യും. ഇതോടെ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളില്‍നിന്നുള്ള ആറ് മുസ്‌ലിം ഇതര ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ കേന്ദ്രം ആരംഭിക്കും. കേരളവും ബംഗാളും ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ നിയമം നടപ്പാക്കില്ലെന്നു വ്യക്തമാക്കിയിരുന്നു. ഇതു മറികടക്കാനായി പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈൻ വഴിയായിരിക്കും കേന്ദ്രം നടത്തുക. ഇതിനായുള്ള പോര്‍ട്ടല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ യാത്രാരേഖകളില്ലാതെ ഇന്ത്യയിലെത്തിയ വര്‍ഷം വ്യക്തമാക്കേണ്ടതുണ്ട്. അപേക്ഷകരില്‍നിന്ന് മറ്റു രേഖകളൊന്നും ആവശ്യപ്പെടില്ല. മുന്പ് പൗരത്വത്തിന് അപേക്ഷിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ജില്ലാ ഭരണകൂടമാണ് അപേക്ഷയില്‍ പരിശോധന നടത്തുക.രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കിടെ 2019 ഡിസംബറിലാണ് നരേന്ദ്രമോദി സര്‍ക്കാര്‍ പൗരത്വഭേദഗതി നിയമം പാര്‍ലമെന്‍റില്‍ പാസാക്കിയത്.
2020 ജനുവരി പത്തിന് നിയമം നിലവില്‍വന്നെങ്കിലും ചട്ടങ്ങള്‍ രൂപീകരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളില്‍നിന്നു ഇന്ത്യയിലെത്തിയ ഹിന്ദു, സിക്ക്, ജെയിൻ, ക്രിസ്ത്യൻ, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതിയാണ് പാര്‍ലമെന്‍റ് പാസാക്കിയിരുന്നത്. 2014 ഡിസംബര്‍ 31ന് മുന്പ് ഇന്ത്യയില്‍ എത്തിയവര്‍ക്കാണു പൗരത്വത്തിന് അപേക്ഷ നല്‍കാൻ കഴിയുക എന്നായിരുന്നു നിയമത്തില്‍ വ്യവസ്ഥ ചെയ്തിരുന്നത്. എന്നാല്‍ 2014നു ശേഷവും ഇന്ത്യയില്‍ എത്തിയവര്‍ക്ക് പൗരത്വഭേദഗതി നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്. പൗരത്വഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരേ പ്രതിപക്ഷ സംഘടനകളും വിവിധ മുസ്‌ലിം സംഘടനകളും രാജ്യവ്യാപക പ്രതിഷേധം നടത്തിയിരുന്നു. മുസ്‌ലിംലീഗ് ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.













