Home ഇന്ത്യ ചെന്നൈ നഗരവും സമീപ ജില്ലകളും പൂര്‍ണമായും വെള്ളത്തില്‍, മരണം അഞ്ചായി

ചെന്നൈ നഗരവും സമീപ ജില്ലകളും പൂര്‍ണമായും വെള്ളത്തില്‍, മരണം അഞ്ചായി

278
0

ചെന്നൈ : തമിഴി്നാടിനെ വിറപ്പിച്ച്‌ മിഗ്ജജൗം ചുഴലിക്കാറ്റ്. കനത്ത മഴയില്‍ ചെന്നൈയിലെയും സമീപ ജില്ലകളിലെയും ജനജീവിതം നിശ്ചലമായി. ചെന്നൈ നഗരം പൂര്‍ണമായും വെള്ളത്തിലാണ്. മഴക്കെടുതിയില്‍ ഇതുവരെ അഞ്ചു പേരാണ് മരിച്ചത്. വെള്ളം കയറിയതിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളം അടച്ചു.നിരവധി ട്രെയിൻ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.നാലു ജില്ലകളില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. മിഗ്‍ജൌം ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ ചെന്നൈയും സമീപ ജില്ലകളെയും അക്ഷരാര്‍ഥത്തില്‍ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ഞായറാഴ്ച മുതല്‍ പെയ്ത അതിശക്തമായ മഴയാണ് ചെന്നൈ നഗരത്തെ വെള്ളത്തിലാഴ്ത്തിയത്. പുതുച്ചേരിയില്‍ തീരപ്രദേശത്ത് ഇന്ന് വൈകിട്ട് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച സര്‍ക്കാര്‍ നാല് ജില്ലകളില്‍ പൊതു അവധിയും പ്രഖ്യാപിച്ചു. മഴ ശക്തമായ ചെന്നൈ, കാഞ്ചിപുരം,തിരുവള്ളൂര്‍, ചെങ്കല്‍പേട്ട് തുടങ്ങിയ ജില്ലകളിലെ സ്കൂള്‍ കോളജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനക്കൊപ്പം സൈന്യവും ഇറങ്ങി. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റി. ചെന്നൈ വിമാനത്താവളം ഇന്ന് രാവിലെ 9 മണിവരെ അടച്ചു. നൂറിലധികം ട്രെയിനുകള്‍ റദ്ദാക്കി. വെല്ലുവിളി നിറഞ്ഞ ഈ സമയത്തെ അതിജീവിക്കാൻ എല്ലാവരും ഒരുമിച്ച്‌ നില്‍ക്കണമെന്ന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സന്നദ്ധ പ്രവര്‍ത്തകരോടും രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമാകാൻ ആവശ്യപ്പെട്ടു. അതേസമയം അടുത്ത ആറുമണിക്കൂറില്‍ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മിഗ്‍ജൗം ഇന്ന് രാവിലെ ആന്ധ്രാപ്രദേശ് തീരത്തു നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയില്‍ കരതൊടും. ആന്ധ്രയിലെ 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴ്നാട് , പുതുച്ചേരി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിമാരുമായി ഫോണില്‍ ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തുകയും കേന്ദ്ര സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. കേരളത്തിലും വരുന്ന അഞ്ച് ദിവസം മഴ മുന്നറിയിപ്പുണ്ട്.

Previous articleധരിച്ചത് മുണ്ടും ഷര്‍ട്ടും ആയതിനാല്‍ കയറ്റിവിട്ടില്ല ; കോഹ്‌ലിയുടെ റസ്റ്ററന്‍റിനെതിരേ ആരോപണവുമായി യുവാവ്
Next articleവെള്ളക്കെട്ടിലായ ചെന്നൈ നഗരത്തില്‍ മുതല

Leave a Reply