ഡല്‍ഹി : ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും അതിശൈത്യത്തിന് തുടക്കമായതോടെ വായു നിലവാര സൂചിക വീണ്ടും മുകളിലേക്ക്. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, വായു നിലവാര സൂചിക വീണ്ടും 400 പിന്നിട്ടിട്ടുണ്ട്. നിലവില്‍, ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്ന സാഹചര്യമാണ് ഡല്‍ഹിയില്‍ ഉണ്ടായിരിക്കുന്നത്. അശോക് വിഹാറില്‍ വായു നിലവാര സൂചിക 455ഉം, ദ്വാരക സെക്ടറില്‍ 402ഉം രേഖപ്പെടുത്തി. പുലര്‍ച്ചെ മുതല്‍ കനത്ത പുകമഞ്ഞാണ് ഡല്‍ഹിയില്‍ അനുഭവപ്പെടുന്നത്. പുകമഞ്ഞ് നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് രാജ്യാന്തര വിമാനത്താവള മേഖലയില്‍ കാഴ്ചപരിധി 800 മീറ്ററായി കുറഞ്ഞിരുന്നു. ആരോഗ്യത്തിന് ഹാനികരമായ അന്തരീക്ഷത്തിലെ സൂക്ഷ്മ കണികകളെ നിയന്ത്രണവിധേയമാക്കാൻ സ്മോഗ് ഗണ്ണുകള്‍ ഉപയോഗിച്ച് വെള്ളം തളിക്കുന്നത് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. വായു നിലവാരം നേരിയ തോതില്‍ മെച്ചപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച മുതലാണ് ഡല്‍ഹിയിലെയും പരിസരപ്രദേശങ്ങളിലെയും സ്കൂളുകള്‍ തുറന്നത്. കൂടാതെ, വാഹന ഗതാഗത രംഗത്തും ഇളവുകള്‍ നല്‍കിയിരുന്നു. എന്നാല്‍, ഡല്‍ഹി മേഖലയില്‍ ശൈത്യകാലം ആരംഭിച്ചതോടെയാണ് സ്ഥിതി വീണ്ടും ഗുരുതരമായി മാറിയത്.













