നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ തെലങ്കാനയില്‍ കൊമ്ബുകോര്‍ത്ത് ദേശീയ നേതാക്കള്‍. അന്തിമഘട്ട പ്രചാരണം കൊഴുപ്പിക്കാൻ കോണ്‍ഗ്രസും ബി.ജെ.പിയും ദേശീയ നേതാക്കളെത്തന്നെ പ്രധാന കേന്ദ്രങ്ങളില്‍ ഇറക്കിയിട്ടുണ്ട്. ഭരണ നേട്ടങ്ങളെണ്ണിപ്പറഞ്ഞ് ബി.ആര്‍.എസും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവും പ്രചാരണത്തില്‍ സജീവമാണ്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കര്‍ണാടകയിലെ വിവിധ നേതാക്കളുമാണ് കോണ്‍ഗ്രസിനായി രംഗത്തിറങ്ങിയിട്ടുള്ളത്. കര്‍ണാടകക്ക് സമാനമായി തെലങ്കാനയില്‍ പ്രഖ്യാപിച്ച ആറിന ക്ഷേമവാഗ്ദാനങ്ങള്‍ ആദ്യ മന്ത്രിസഭ യോഗത്തില്‍ തീരുമാനിച്ച് സമയബന്ധിതമായി നടപ്പാക്കുമെന്നാണുറപ്പ്. ബി.ജെ.പി തിങ്കളാഴ്ച ഹൈദരാബാദില്‍ നരേന്ദ്ര മോദിയുടെയും കരിംനഗറില്‍ അമിത്ഷായുടെയും റോഡ് ഷോ സംഘടിപ്പിച്ചു.
വാരിക്കോരിയുള്ള വികസന വാഗ്ദാനങ്ങളും വെല്ലുവിളികളുമെല്ലാം നിറഞ്ഞതാണ് മുന്നണികളുടെ പ്രചാരണ പരിപാടികള്‍. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ജയിച്ചാല്‍ ബി.ആര്‍.എസിന് വില്‍പനക്കുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. എൻ.ഡി.എയില്‍ എടുക്കാത്തതിന്റെ ദേഷ്യമാണ് തന്നോട് കെ.സി.ആറിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിന്റെ പേരുമാറ്റി ഭാഗ്യനഗര്‍ എന്നാക്കുമെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ജി. കിഷൻ റെഡ്ഡിയുടെ വാഗ്ദാനം. നരേന്ദ്ര മോദി വെറുപ്പിന്റെ ദേശീയ പ്രചാരകനാണെന്നായിരുന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം.
പോരാട്ടം കോണ്‍ഗ്രസും ബി.ആര്‍.എസുമാണെന്നും തെലങ്കാന പിടിച്ച ശേഷം മോദിയെ പടിയിറക്കുമെന്നും രാഹുല്‍ പറഞ്ഞു. ബി.ജെ.പിയും ബി.ആര്‍.എസും പണം നല്‍കി വോട്ടുപിടിക്കാൻ ശ്രമിക്കുകയാണെന്നും ആത്മാഭിമാനം വില്‍ക്കില്ലെന്ന് വോട്ടര്‍മാര്‍ മറുപടി നല്‍കണമെന്നും ഭോംഗിറില്‍ നടന്ന റാലിയില്‍ പ്രിയങ്ക ഗാന്ധി പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ റെയ്തു ബന്ധുവിലൂടെ കര്‍ഷകര്‍ക്ക് ധനസഹായം വിതരണംചെയ്യുന്നത് തെരഞ്ഞെടുപ്പ് കമീഷന്‍ തടഞ്ഞത് ബി.ആര്‍.എസിന് കനത്ത തിരിച്ചടിയായി. കോണ്‍ഗ്രസിന്റെ അലാംപൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി സമ്ബത്ത് കുമാറിന്റെ വീട്ടില്‍ അര്‍ധ രാത്രി ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത് വന്‍ പ്രതിഷേധത്തിനിടയാക്കി.
പണം ഒഴുക്കി വോട്ട് പോക്കറ്റിലാക്കാൻ ‘പോള്‍ മാനേജ്മെന്റ്’
തെലങ്കാനയില്‍ വോട്ടുറപ്പിക്കാൻ അവസാന മണിക്കൂറില്‍ നോട്ടിറക്കി മുന്നണികള്‍. ശക്തമായ മത്സരത്തിന് കളമൊരുങ്ങിയ മണ്ഡലങ്ങളില്‍ വോട്ടിന് പണവും മദ്യവുമടക്കം ഒഴുക്കുമെന്നാണ് റിപ്പോര്‍ട്ട്. വോട്ടര്‍ക്ക് 2000 രൂപവരെ നല്‍കാനാകുമെന്ന് പ്രധാന രാഷ്ട്രീയകക്ഷിയുടെ പ്രതിനിധികള്‍ രഹസ്യമായി സമ്മതിക്കുന്നു. മൂന്നുമുതല്‍ നാലു ശതമാനം വോട്ടുവരെ വിവിധ മണ്ഡലങ്ങളില്‍ ‘പോള്‍ മാനേജ്മെന്‍റി’ലൂടെ പോക്കറ്റിലാക്കാമെന്നാണ് മുന്നണികള്‍ കണക്കുകൂട്ടുന്നത്. 26 മണ്ഡലങ്ങളിലാണ് ശക്തമായ പോരാട്ടം നടക്കുന്നതായി കരുതപ്പെടുന്നത്. ഇവിടെ പണവും മദ്യവുമൊഴുക്കാൻ മുന്നണികള്‍ തയാറെടുക്കുന്നതായി നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഈ മണ്ഡലങ്ങളില്‍ ‘പോള്‍ മാനേജ്മെന്‍റി’ന് മാത്രം 780-800 കോടി രൂപ ഒഴുക്കുമെന്നാണ് കണക്കുകൂട്ടലെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ഥിക്ക് 15 മുതല്‍ 20 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മത്സരം കടുത്ത മണ്ഡലത്തില്‍ ഇത് 25-40 കോടിവരെ ഉയരുമെന്നും വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ പറഞ്ഞു.













