തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. കിഴക്കൻ കാറ്റ് ശക്തമായതിനെ തുടര്‍ന്നാണ് മഴ വ്യാപകമായത്. അതിതീവ്ര മഴ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോയമ്ബത്തൂര്‍ അടക്കം അഞ്ച് ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേ, നീലഗിരി അടക്കമുള്ള താലൂക്കുകളിലെ സ്കൂളുകളിലും അവധിയാണ്. മഴ അതിശക്തമായതോടെ മധുരൈ, തിരുപ്പൂര്‍, തേനി, ഡിണ്ടിഗല്‍ തുടങ്ങിയ ജില്ലകളിലെ മിക്ക ഇടങ്ങളും വെള്ളക്കെട്ടിനടിയിലാണ്. മഴയെ തുടര്‍ന്ന് കോയമ്ബത്തൂരിലെ കുഞ്ഞാപ്പ-പനായില്‍ റോഡില്‍ മണ്ണിടിച്ചില്‍ അനുഭവപ്പെട്ടതിനാല്‍ വാഹനഗതാഗതം തടസ്സപ്പെട്ടു.
താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. നിലവില്‍, നീലഗിരി മൗണ്ടൻ റെയില്‍വേ വിഭാഗത്തില്‍ രണ്ട് ട്രെയിനുകള്‍ റദ്ദ് ചെയ്തിട്ടുണ്ട്. ട്രാക്കിലെ മണ്ണ് ഒലിച്ച് പോയതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ റദ്ദാക്കിയത്. കല്ലാര്‍-അഡ്ഡര്‍ലി ഭാഗത്താണ് ട്രാക്കിന്റെ അടിയില്‍ നിന്ന് മണ്ണ് പൂര്‍ണ്ണമായും ഒലിച്ചു പോയത്. കാലാവസ്ഥ വകുപ്പിന്റെ പ്രവചനം അനുസരിച്ച്, വരും മണിക്കൂറുകളിലും തമിഴ്നാട്ടില്‍ മഴ ശക്തമായേക്കും.














