ഹാങ്ചൗ : 19-ാമത് ഏഷ്യൻ ഗെയിംസില്‍ ഇന്ത്യക്ക് ഒൻപതാം സ്വര്‍ണം. ഏഴാം ദിനമാണ് ഇന്ന് ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ രോഹൻ ബൊപ്പണ്ണ-റുതുജ ഭോസാലെ സഖ്യമാണ് സ്വര്‍ണം നേടിയത്. മൂന്നാം സെറ്റ് ടൈ ബ്രേക്കറില്‍ ചൈനീസ് തായ്‌പേയിയുടെ അൻ-ഷുവോ ലിയാങ്-സുങ്-ഹാവോ ഹുവാങ് എന്നിവരെയാണ് ഇന്ത്യൻ സഖ്യം പരാജയപ്പെടുത്തിയത്. സ്കോര്‍: 2-6, 6-3, [10] – [4]. നേരത്തെ ഷൂട്ടിംഗില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ സരബ്ജോത് സിങ്ങും ദിവ്യ ടിഎസും വെള്ളി മെഡല്‍ നേടിയിരുന്നു. ഷൂട്ടിങ് സ്വര്‍ണമത്സരത്തില്‍ സരബ്ജോത്-ദിവ്യ സഖ്യത്തിന് ചൈനീസ് ജോഡിയായ ഷാങ് ബോവൻ-ജിയാങ് റാൻസിൻ ജോഡിയോട് 16-14ന് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. 35 മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്. ഇതില്‍ 9 സ്വര്‍ണവും 13 വെള്ളിയും 13 വെങ്കലവും ഉള്‍പ്പെടുന്നു. മെഡല്‍ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.













