ലാൻഡിങിനിടെ വിമാനം തകര്‍ന്നുവീണ് മുഴുവൻ യാത്രക്കാരും കൊല്ലപ്പെട്ടു. പൈലറ്റ് ഉള്‍പ്പെടെ 14 പേരാണ് അപകടത്തില്‍ മരിച്ചത്. മോശം കാലവസ്ഥയെ തുടര്‍ന്ന് വിമാനം നിലത്തിറക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. 18 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന്റെ നടുക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ബ്രസീലിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ബാഴ്‌സെലോസിലെ ആമസോണില്‍ ശനിയാഴ്ചയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ 12 യാത്രക്കാരും രണ്ട് ജീവനക്കാരും മരിച്ചെന്ന് ഗവര്‍ണര്‍ വില്‍സണ്‍ ലിമ എക്‌സിലൂടെ അറിയിച്ചു. അപകടത്തില്‍ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് ബ്രസീലിയൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ബ്രസീലിയൻ എയര്‍ക്രാഫ്റ്റ് നിര്‍മ്മാതാക്കളായ എംബ്രയര്‍ നിര്‍മ്മിച്ച ഇരട്ട എഞ്ചിൻ വിമാനമായ EMB-110 വിമാനമാണ് തകര്‍ന്നുവീണത്. സംസ്ഥാന തലസ്ഥാനമായ മനൗസില്‍ നിന്ന് ബാഴ്‌സലോസിലേക്കുള്ള വഴിയായിരുന്നു വിമാനം. സ്‌പോര്‍ട്‌സ് ഫിഷിംഗിനായി പോകുന്ന യാത്രക്കാരാണ് കൊല്ലപ്പെട്ടത്. മരിച്ചവരെല്ലാം തദ്ദേശീയരാണെന്നുമാണ് പ്രാഥമികാന്വേഷണത്തിലെ സൂചനയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ബ്രസീലിയന്‍ വ്യോമസേനയും പോലീസും ചേര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.














