കുവൈത്ത് സിറ്റി : തിരുവനന്തപുരം നോണ്‍ റെസിഡന്‍സ് അസോസിയേഷന്‍ ഓഫ് കുവൈത്ത്(ട്രാക്ക്) 7-ാം വാര്‍ഷികാഘോഷം ‘ക്യാപിറ്റല്‍ ഫെസ്റ്റ്-2023’ മാര്‍ച്ച് 10 ന് വൈകുന്നേരം 4 മണി മുതല്‍ അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആഘോഷ പരിപാടിയുടെ സാംസ്‌കാരിക സമ്മേളനം പ്രശസ്ത സിനിമാതാരവും മുന്‍ മന്ത്രിയും എം.എല്‍.എ യും മായ കെ.ബി.ഗണേഷ്‌കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. അഡ്വ:എം.വിന്‍സന്റ് എം.എല്‍.എ മുഖ്യാതിഥിയായിരിക്കും.
കുവൈത്തിലും നാട്ടിലും വിവിധ രോഗങ്ങളാല്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്ന തിരുവനന്തപുരം നിവാസികള്‍ക്ക് ചികിത്സാസഹായങ്ങള്‍ എത്തിക്കുകയാണ് പ്രധാന ഉദ്ദേശ്യം. കോവിഡ് മഹാമാരിക്കാലത്ത് ഭക്ഷണ കിറ്റുകളും കുവൈത്തില്‍ നിന്നും തിരുവനന്തപുരത്തേക്ക് ചാര്‍ട്ടെഡ് വിമാനം ഏര്‍പ്പാടാക്കി.
കോവിഡ് മുന്നണി പോരാളികളായ ട്രാക്കിന്റെ അംഗങ്ങളായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് തുടങ്ങിയ വിവിധ ആരോഗ്യ മേഖലയില്‍ ഉള്ളവര്‍ക്ക് മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ് ട്രാക്കിന്റെ ‘ഹെല്‍ത്ത് കെയര്‍ ഫ്രന്‍ഡ് ലൈന്‍സ് എക്‌സലല്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ട്രാക്ക് അംഗങ്ങള്‍ക്കായി കേരളൈറ്റ്‌സ് മെഡിക്കല്‍ ഫോറം കുവൈത്തുമായി ചേര്‍ന്ന് സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്ബ് സംഘടിപ്പിച്ചു. കഴിഞ്ഞ ഓണാഘോഷത്തോടനുബന്ധിച്ച് ട്രാക്ക് തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന അഭയ തീരം അഗതിമന്ദിരത്തില്‍ കഴിയുന്ന മാതാപിതാക്കള്‍ക്കും, കുട്ടികള്‍ക്കും ഓണസദ്യയും ഓണക്കോടികളും നല്‍കി. തിരുവനന്തപുരം ജില്ലയുടെ പലഭാഗങ്ങളില്‍ നടന്ന അപകടങ്ങളില്‍പ്പെട്ട് വീല്‍ചെയറില്‍ കഴിയുന്നവരുടെ സംഘടനയായ ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീല്‍ചെയറില്‍ കഴിയുന്ന നൂറോളം ഭിന്നശേഷിക്കാര്‍ക്ക് പട്ടം സെന്‍ മേരീസ് എച്ച്.എസ്.എസ് സ്‌കൂളില്‍ വച്ച് ഓണസദ്യ നല്‍കി. ട്രാക്ക് കുവൈത്തിലുംനാട്ടിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘ ക്യാപിറ്റല്‍ ഫെസ്റ്റ്-2023’ ന്റെ പ്രധാന ആകര്‍ഷണമായി സിനിമ പിന്നണി ഗായിക സൗമ്യ സനാതനന്‍ പിന്നണി ഗായകന്‍ സാംസണ്‍ സില്‍വന്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന സംഗീത വിരുന്നും കുവൈത്തിലെ പ്രമുഖ കലാകാരന്മാരും കലാകാരികളും ചേര്‍ന്ന് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും അരങ്ങേറും. ചെയര്‍മാന്‍ പി.ജി.ബിനു, പ്രസിഡന്റ് എം.എ.നിസ്സാം, വൈസ് പ്രസിഡന്റ് ശ്രീരാഗം സുരേഷ്, ട്രഷറര്‍ മോഹനകുമാര്‍,വനിതാവേദി പ്രസിഡന്റ് പ്രിയ രാജ്,പ്രോഗ്രാം കണ്‍വീനര്‍ പ്രദീപ് മോഹനന്‍ നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.














