കുവൈറ്റ് സിറ്റി: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 42-ാമത് രക്തസാക്ഷിത്വ ദിനാചരണം ഇൻകാസ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 31-ന് ഫഹാഹീൽ മെഡക്സ് മെഡിക്കൽ കെയറിൽ സംഘടിപ്പിച്ചു. സർവമത പ്രാർഥന, നിലവിളക്ക് തെളിക്കൽ, ഛായാചിത്രത്തിൽ പുഷ്പാർച്ചന എന്നിവയോടെ ആരംഭിച്ച അനുസ്മരണ യോഗത്തിൽ ഇൻകാസ് കുവൈറ്റ് വൈസ് ചെയർമാൻ തോമസ് പള്ളിക്കൽ അധ്യക്ഷത വഹിച്ചു. ഇൻകാസ് മുതിർന്ന നേതാക്കളിൽ ഒരാളായ ബാബു പനമ്പള്ളി ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി അസാധാരണമായ ധൈര്യവും അതിജീവനശേഷിയും രാജ്യത്തോടുള്ള അചഞ്ചലമായ സമർപ്പണബോധവുമുള്ള നേതാവായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ജോൺസൺ എബ്രഹാം ഓൺലൈനായി മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യയെ ശക്തമായ രാഷ്ട്രമാക്കി ലോകഭൂപടത്തിൽ സുപ്രധാന സ്ഥാനത്തെത്തിക്കുന്നതിൽ ഇന്ദിരാ ഗാന്ധി വഹിച്ച നിർണായക പങ്കിനെയും ദീർഘവീക്ഷണമുള്ള അവരുടെ ഭരണനേതൃത്വത്തെയും അദ്ദേഹം അനുസ്മരിച്ചു. ഇൻകാസ് മീഡിയ കൺവീനർ മധു മാഹി, മാത്യു ചെന്നിത്തല, കുര്യൻ തോമസ് പൈനമൂട്ടിൽ, ജെയിംസ് വി. കൊട്ടാരം, ഷിജു ഓതറ, അലക്സ് മാനന്തവാടി, തമ്പി ലൂക്കോസ്, ബിജി പള്ളിക്കൽ, വനിതാ കൺവീനർ വിജയലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. ഇന്ദിരാ ഗാന്ധിയുടെ ദീപ്തമായ സ്മരണകൾക്ക് മുന്നിൽ അവർ ആദരാഞ്ജലികൾ അർപ്പിച്ചു. റൊമാൻസ് പെയ്റ്റോൺ, ബിജു അലക്സാണ്ടർ, ജിജി നൈനാൻ, ബിജു ഡാനിയൽ, അനു കലുങ്കൽ, ജയപ്രകാശ്, സുബിൻ ജോർജ്, ഡോജി മാത്യു, ജസീൽ കോഴിക്കോട്, ബിനു പത്തനംതിട്ട, ഉണ്ണികൃഷ്ണൻ കൊല്ലം, അനൂപ് പാലക്കാട് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്ത് ഇന്ദിരാ ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഇൻകാസ് കുവൈറ്റ് ജനറൽ സെക്രട്ടറി അനൂപ് സോമൻ സ്വാഗതവും ട്രഷറർ അലക്സ് മാത്യു നന്ദിയും രേഖപ്പെടുത്തി.













