റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ

വാഷിംഗ്ടൺ ഡി.സി.: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിൽ ഉന്നതതല രാജി. യുഎസ് നീതിന്യായ വകുപ്പിലെ സിവിൽ റൈറ്റ്സ് ഡിവിഷൻ മേധാവിയും അസിസ്റ്റന്റ് അറ്റോർണി ജനറലുമായ ഇന്ത്യൻ വംശജ ഹർമീത് ധില്ലൺ (Harmeet Dhillon) സ്ഥാനമൊഴിഞ്ഞു. നവംബർ അഞ്ചിന് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് രാജി സ്ഥിരീകരിച്ചു.
നവംബർ മൂന്നിന് നടന്ന അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ പ്രതിനിധിസഭയുടെയും സെനറ്റിന്റെയും നിയന്ത്രണം തിരിച്ചുപിടിച്ചതിനു പിന്നാലെയാണ് രാജിവാർത്ത പുറത്തുവന്നത്. തിരഞ്ഞെടുപ്പിനുശേഷം ട്രംപ് ഭരണകൂടത്തിൽനിന്ന് സ്ഥാനമൊഴിയുന്ന ആദ്യ ഉന്നത ഉദ്യോഗസ്ഥരിൽ ഒരാളാണ് ധില്ലൺ. എന്നാൽ, തിരഞ്ഞെടുപ്പ് ഫലമാണ് രാജിക്ക് കാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല. സ്വകാര്യ അഭിഭാഷക പ്രാക്ടീസിലേക്ക് മടങ്ങുന്നതിനായി ആഴ്ചകൾക്കുമുമ്പുതന്നെ സ്ഥാനമൊഴിയാൻ തീരുമാനിച്ചിരുന്നതായി ധില്ലൺ വ്യക്തമാക്കി.
2025 ഏപ്രിലിൽ ചുമതലയേറ്റ ധില്ലൺ നീതിന്യായ വകുപ്പിന്റെ സിവിൽ റൈറ്റ്സ് വിഭാഗത്തിൽ വ്യാപകമായ നയമാറ്റങ്ങൾക്ക് നേതൃത്വം നൽകി. സർവകലാശാലകളിലെ വിവേചനാരോപണങ്ങൾ, യഹൂദവിരുദ്ധ പ്രവർത്തനങ്ങൾ, മതസ്വാതന്ത്ര്യം, വോട്ടർ പട്ടികകളുടെ പരിശോധന തുടങ്ങിയ വിഷയങ്ങളിൽ അന്വേഷണങ്ങളും നിയമനടപടികളും അവരുടെ കാലയളവിൽ ശ്രദ്ധേയമായി. അതേസമയം, പരമ്പരാഗത പൗരാവകാശ സംരക്ഷണ പ്രവർത്തനങ്ങളിൽനിന്ന് വകുപ്പ് വഴിമാറിയതായി മുൻ വകുപ്പ് അഭിഭാഷകർ ഉൾപ്പെടെയുള്ള വിമർശകർ ആരോപിച്ചിരുന്നു.
ധില്ലണിന്റെ സേവനത്തെ പ്രശംസിച്ച അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച്, പൗരസ്വാതന്ത്ര്യ സംരക്ഷണത്തിനായി അവർ പ്രവർത്തിച്ചതായി അഭിപ്രായപ്പെട്ടു. ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ ഇരുസഭകളിലും ഭൂരിപക്ഷം നേടിയ രാഷ്ട്രീയ സാഹചര്യത്തിൽ ഈ രാജിക്ക് കൂടുതൽ ശ്രദ്ധ ലഭിക്കുകയാണ്.










