ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തെ പ്രകീര്‍ത്തിച്ച് ബി.ജെ.പി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷ ശാരദ ദേവിയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ സന്ദര്‍ശനത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയത്. വാര്‍ത്ത ഏജൻസിയായ എ.എൻ.ഐയോടാണ് അവരുടെ പ്രതികരണം. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തെ അഭിനന്ദിക്കുകയാണെന്ന് അവര്‍ പറഞ്ഞു. ഈയൊരു ഘട്ടത്തില്‍ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനാണ് എല്ലാവരും ഊന്നല്‍ നല്‍കേണ്ടത്. സംഘര്‍ഷത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും അവര്‍ നിര്‍ദേശിച്ചു. അതേസമയം, മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെക്കേണ്ട സാഹചര്യമില്ലെന്നും ശാരദ ദേവി പറഞ്ഞു. ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ട്. അവര്‍ മുഖ്യമന്ത്രിയെ പിന്തുണക്കാൻ മുന്നോട്ട് വരികയാണ്. മണിപ്പൂരിലെ സ്ഥിതി മെച്ചപ്പെടുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. മണിപ്പൂരിലെ നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണം മുൻ സര്‍ക്കാറുകളുടെ ചെയ്തികളാണെന്നും പാര്‍ട്ടി അധ്യക്ഷ പറഞ്ഞു.












