തിരുവനന്തപുരം : ഹോം ഗ്രൗണ്ടില്‍ ജയം നേടാനാവാതെ കേരള സ്ട്രൈക്കേഴ്സ്. മുംബൈ ഹീറോസിനോട് ഏഴ് റണ്‍സിനാണ് സ്ട്രൈക്കേഴ്സ് പരാജയപ്പെട്ടത്. അവസാന ഓവറില്‍ സ്ട്രൈക്കേഴ്സിന് വേണ്ടിയിരുന്നത് 12 റണ്‍സ് മാത്രമായിരുന്നു. എന്നാല്‍ ഈ ഓവറില്‍ ബാറ്റ് ചെയ്ത ജീന്‍ ലാലിനും പ്രശാന്ത് അലക്സാണ്ടറിനും അതിന് കഴിഞ്ഞില്ല. അതേസമയം, മികച്ച ഫോമിലായിരുന്ന എതിര്‍ഭാഗത്തെ അര്‍ജുന്‍ നന്ദകുമാറിന് സ്ട്രൈക്ക് കൈമാറാന്‍ കഴിയാത്തതിനാല്‍ സിസിഎല്ലില്‍ സ്ട്രൈക്കേഴ്സ് മൂന്നാമതും തലകുനിക്കേണ്ടി വന്നു.
മുംബൈക്കെതിരെ സ്ട്രൈക്കേഴ്സിന്റെ വിജയലക്ഷ്യം 113 റണ്‍സായിരുന്നു. സിദ്ധാര്‍ത്ഥും പെപ്പെയുമാണ് ഓപ്പണിംഗിന് ഇറങ്ങിയത്. എന്നാല്‍ മാധവ് എറിഞ്ഞ രണ്ടാം ഓവറില്‍ സിദ്ധാര്‍ത്ഥും (16 റണ്‍സ്) മണികുട്ടനും മടങ്ങിയതോടെ കേരള സ്ട്രൈക്കേഴ്സ് പ്രതിരോധത്തിലായി. അടുത്ത ഓവറില്‍ പ്ലെയിംഗ് ക്യാപ്റ്റന്‍ ഉണ്ണി മുകുന്ദനും ഒരു ഫോറിന് ശേഷം മടങ്ങിയതോടെ കേരളം പൂര്‍ണ്ണമായും പ്രതിരോധത്തിലായി. തുടര്‍ന്ന് പെപ്പെയും അര്‍ജുന്‍ നന്ദകുമാറും ഒരു തിരിച്ചുവരവിന് ശ്രമിച്ചു. എന്നാല്‍ മാധവിന്‍റെ രണ്ടാം ഓവറില്‍ സിക്സര്‍ അടിച്ച് പെപ്പെ മടങ്ങി.
ഇതിന് പിന്നാലെ അര്‍ജുന്‍ നന്ദകുമാറും വിവേക് ഗോപനും ചേര്‍ന്ന് കേരളത്തെ 4-40 എന്ന സ്കോറില്‍ നിന്ന് പതിയെ മുന്നോട്ട് കൊണ്ടുപോയത്. വിവേക് ഗോപന്‍ ആദ്യ ഇന്നിംഗ്സില്‍ മികച്ച പ്രകടനം നടത്തിയില്ലെങ്കിലും 14 പന്തില്‍ നിന്ന് 17 റണ്‍സ് നേടി. അര്‍ജുന്‍ നന്ദകുമാര്‍ 19 പന്തില്‍ 38 റണ്‍സെടുത്തു. അര്‍ജുന്‍ നോട്ട് ഔട്ടായിരുന്നു.












