Home ഇന്ത്യ യാഗശാലയാകാന്‍ അനന്തപുരി ഒരുങ്ങി, ആറ്റുകാല്‍ പൊങ്കാല നാളെ

യാഗശാലയാകാന്‍ അനന്തപുരി ഒരുങ്ങി, ആറ്റുകാല്‍ പൊങ്കാല നാളെ

321
0

തിരുവനന്തപുരം : ഭക്‌തിയുടെ പാരമ്യത്തിലാണ്‌ അനന്തപുരി. തലസ്‌ഥാനത്തെ വീഥികളെല്ലാം ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിലേയ്‌ക്ക് നീളുകയാണ്‌. വീടുകളെല്ലാം നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന്‌ എത്തുന്ന ലക്ഷക്കണക്കിന്‌ സ്‌ത്രീകളെ വരവേല്‍ക്കാനുള്ള അവസാന ഒരുക്കത്തിലാണ്‌. യാഗശാലയാകുവാനുള്ള ഒരുക്കങ്ങളല്ലൊം പൂര്‍ത്തിയായി. നാളെയാണ്‌ ആറ്റുകാല്‍ പൊങ്കാല. തിളച്ചുതൂവുന്ന പൊങ്കാല കലങ്ങളില്‍ ആഗ്രഹങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും കെട്ടഴിച്ച്‌ ആറ്റുകാല്‍ ദേവിയുടെ അനുഗ്രഹ തീര്‍ഥം ഏറ്റുവാങ്ങാനുള്ള കാത്തിരിപ്പുമായി നഗരത്തിലെമ്ബാടും ഒരു ദിവസം മുന്നേ സ്‌ത്രീകളെത്തി സ്‌ഥാനം പിടിച്ചു തുടങ്ങി. തമ്ബാനൂര്‍ റെയില്‍വേ സ്‌റ്റേഷന്‍, കെ.എസ്‌.ആര്‍.ടി.സി ബസ്സ്‌റ്റാന്‍ഡ്‌ പരിസരം എന്നിവടങ്ങളിലടക്കം ഇന്നലെതന്നെ സ്‌ത്രീകള്‍ നിറഞ്ഞു കഴിഞ്ഞു്‌ ആറ്റുകാല്‍ ദേവീ ക്ഷേത്ര പരിസരത്ത്‌ നേരത്തെ തന്നെ സ്‌ത്രീകള്‍സ്‌ഥാനം പിടിച്ചിരുന്നു. ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായിരിക്കെ, റോഡില്‍ ഇഷ്‌ടിക നിരത്തി സ്‌ഥലം പിടിക്കാന്‍ തുടങ്ങിക്കഴിഞ്ഞു ഭക്‌തര്‍.ഇത്തവണ പൊങ്കാലയിടാന്‍ 50 ലക്ഷം പേര്‍ എത്തുമെന്നാണ്‌ കരുതുന്നത്‌. ഇതു കണക്കിലെടുത്ത്‌ വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നു മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്റണി രാജു, കലക്‌ടര്‍ ജെറോമിക്‌ ജോര്‍ജ്‌, സിറ്റി പൊലീസ്‌ കമ്മിഷണര്‍ സി.എച്ച്‌.നാഗരാജു എന്നിവര്‍ അറിയിച്ചു.

നാളെ രാവിലെ 10.20 നാണ്‌ അടുപ്പുവെട്ട്‌. ഉച്ചയ്‌ക്ക് 2.30 ന്‌ നിവേദ്യം. രാത്രി കുത്തിയോട്ട വ്രതക്കാര്‍ക്കുള്ള ചൂരല്‍കുത്ത്‌.രാത്രി 10.15 ന്‌ മണക്കാട്‌ ശാസ്‌താ ക്ഷേത്രത്തിലേക്ക്‌ ദേവിയെ എഴുന്നള്ളിക്കും. പിറ്റേന്ന്‌ രാവിലെ തിരിച്ചെഴുന്നള്ളത്ത്‌ ക്ഷേത്രത്തിലെത്തിയ ശേഷം രാവിലെ എട്ടിന്‌ ദേവിയെ അകത്ത്‌ എഴുന്നള്ളിക്കും. രാത്രി 9.15 ന്‌ കാപ്പഴിക്കും. പുലര്‍ച്ചെ ഒന്നിന്‌ നടത്തുന്ന കുരുതി തര്‍പ്പണത്തോടെ ഈ വര്‍ഷത്തെ ഉത്സവത്തിനു സമാപനമാകും. മുന്‍ വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ ഭക്‌തര്‍ ഇക്കുറി പൊങ്കാല അര്‍പ്പിക്കാന്‍ എത്തുമെന്നും അതനുസരിച്ചുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ക്ഷേത്ര ട്രസ്‌റ്റ് ചെയര്‍പഴ്‌സന്‍ എ.ഗീതാകുമാരി അറിയിച്ചു. ആറ്റുകാല്‍ ക്ഷേത്ര ട്രസ്‌റ്റിന്റെ തലപ്പത്ത്‌ ആദ്യമായി എത്തുന്ന വനിത അധ്യക്ഷയാണ്‌ ഗീതാകുമാരി. അന്താരാഷ്‌ട്ര വനിതാ ദിനത്തിന്റെ തലേന്നാണ്‌ പൊങ്കാലയെന്ന പ്രത്യേകതയുമുണ്ട്‌ ഇക്കുറി.ഒരേ സമയം 3,000 പേര്‍ക്ക്‌ ക്യൂവില്‍ നിന്ന്‌ ദര്‍ശനം നടത്താനുള്ള സൗകര്യമുണ്ട്‌ ക്ഷേത്രത്തില്‍.ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക്‌ ശുദ്ധജലം വിതരണം ചെയ്യുന്നുണ്ട്‌. ക്ഷേത്രത്തിലെ അംബ, കാര്‍ത്തിക ഓഡിറ്റോറിയങ്ങളിലായി കാല്‍ലക്ഷത്തോളം പേര്‍ക്ക്‌ അന്നദാനം ഉണ്ടാകും. അംബ, അംബിക, അംബാലിക സ്‌റ്റേജുകളില്‍ കലാപരിപാടികള്‍ നടന്നു വരുന്നു.

മുന്‍ വര്‍ഷങ്ങളെക്കാള്‍ ഭക്‌തരുടെ എണ്ണത്തില്‍ 40% ശതമാനം വര്‍ധന ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. സുരക്ഷയ്‌ക്കായി 3300 പൊലീസ്‌ ഉദ്യോഗസ്‌ഥരുണ്ടാകും. ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ 150 വൊളന്റിയര്‍മാര്‍, അഗ്നി രക്ഷാ സേനയുടെ 250 ജീവനക്കാര്‍ തുടങ്ങിയവര്‍ സേവനത്തിനുണ്ടാകും. കെഎസ്‌ആര്‍ടിസി 400 സര്‍വീസുകള്‍ നടത്തും. 1270 പൊതു ടാപ്പുകള്‍ സജ്‌ജീകരിച്ചു. വൃദ്ധര്‍, ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍, കൈ കുഞ്ഞുങ്ങളുമായി എത്തുന്നവര്‍ എന്നിവര്‍ക്ക്‌ പ്രത്യേക പരിഗണന നല്‍കുമെന്നും പ്രസിഡന്റ്‌ ബി.അനില്‍ കുമാര്‍, സെക്രട്ടറി കെ.ശിശുപാലന്‍ നായര്‍, വൈസ്‌ പ്രസിഡന്റ്‌ വി.ശോഭ, ജോയിന്റ്‌ സെക്രട്ടറി എം.എ.അജിത്‌ കുമാര്‍, ട്രഷറര്‍ പി.കെ.കൃഷ്‌ണന്‍ നായര്‍, ഉത്സവ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജി.ജയലക്ഷ്‌മി തുടങ്ങിയവര്‍ അറിയിച്ചു. പൊങ്കാല ഉത്സവം 14 കോടി രൂപയ്‌ക്ക് ഇന്‍ഷുര്‍ ചെയ്‌ത് ആറ്റുകാല്‍ ഭഗവതി ക്ഷേത്ര ട്രസ്‌റ്റ്. മുന്‍ വര്‍ഷങ്ങളിലെക്കാള്‍ കൂടുതല്‍ ഭക്‌തജനങ്ങള്‍ എത്തുമെന്നതിന്റെ അടിസ്‌ഥാനത്തിലാണ്‌ ഇന്‍ഷുര്‍ ചെയ്‌തത്‌. പൊങ്കാലയ്‌ക്കിടെ ഭക്‌തര്‍ക്ക്‌ എന്തെങ്കിലും അത്യാഹിതം ഉണ്ടായാല്‍ അവരുടെ ആവശ്യങ്ങള്‍ക്ക്‌ ഈ തുക ചെലവഴിക്കാനാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

പൊങ്കാലയുമായി ബന്ധപ്പെട്ട്‌ സംസ്‌ഥാന സര്‍ക്കാരും നഗരസഭയും ചേര്‍ന്ന്‌ ചെലവിടുന്നത്‌ 8.40 കോടി രൂപയാണ്‌. ഹരിത പ്രോട്ടോക്കോള്‍ പാലിച്ച്‌ നടത്തുന്ന പൊങ്കാലയുടെ സ്‌പെഷല്‍ ഓഫിസര്‍ ചുമതല തിരുവനന്തപുരം സബ്‌ കലക്‌ടര്‍ അശ്വതി ശ്രീനിവാസിനാണ്‌. അടിയന്തര നിര്‍മാണശുചീകരണ നടപടികള്‍ക്ക്‌ തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്ന്‌ 2.50 കോടി രൂപ അനുവദിച്ചു. തദ്ദേശ വകുപ്പ്‌ അനുവദിച്ച തുകയ്‌ക്ക് പുറമേ കോര്‍പറേഷന്‍ 5.2 കോടി രൂപ കൂടി ചെലവിടുമെന്ന്‌ മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചു. പൊങ്കാല ദിവസം ആറ്റുകാലിലും പരിസരത്തും സുരക്ഷയൊരുക്കാന്‍ സംസ്‌ഥാന പോലീസ്‌ സേനക്കൊപ്പം തമിഴ്‌നാട്‌ പോലീസും എത്തി. സുരക്ഷയ്‌ക്കും തിരക്കു നിയന്ത്രിക്കുന്നതിനുമായി അഞ്ച്‌ എസ്‌പിമാരുടെ നേതൃത്വത്തില്‍ 800 വനിതകള്‍ ഉള്‍പ്പെടെ 3300 പൊലീസുകാരെ നിയോഗിച്ചു. 65 സ്‌ഥലങ്ങളില്‍ പുതിയ നിരീക്ഷണ ക്യാമറകള്‍ സ്‌ഥാപിച്ചു. ആകെ 120 നിരീക്ഷണ കാമറകള്‍ ഉണ്ടാവും. ഉത്സവമേഖലയില്‍ ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗവും വിപണനവും കര്‍ശനമായി തടയാനുള്ള നടപടികളും ഉണ്ടാകും. തമിഴ്‌നാട്‌ പോലീസ്‌ രൂപീകരിച്ചിട്ടുള്ള സ്‌പോട്ടര്‍ വിഭാഗത്തിലെ അംഗങ്ങളാണ്‌ എത്തിയത്‌.

സ്‌ഥിരം കുറ്റവാളികള്‍ തമിഴ്‌നാട്ടിലുണ്ട്‌. ഇവരെ കണ്ടാല്‍ സ്‌പോട്ടര്‍ ടീം അംഗങ്ങള്‍ക്ക്‌ എളുപ്പത്തില്‍ തിരിച്ചറിയാം. പൊങ്കാലയ്‌ക്കിടെയുണ്ടാകുന്ന തിരക്കിനിടെ കൃത്യം നടത്താനുള്ള സാധ്യത കണക്കിലെടുത്താണ്‌ കേരള പോലീസ്‌ തമിഴ്‌നാട്‌ പോലീസിന്റെ സഹായം തേടിയത്‌.തമിഴ്‌നാട്‌ പോലീസില്‍ നിന്ന്‌ കുറ്റവാളികളുടെ ചിത്രങ്ങള്‍ ശേഖരിച്ച്‌ ക്ഷേത്ര ട്രസ്‌റ്റ് ഭാരവാഹികള്‍ക്കും നിലവില്‍ അമ്ബലത്തില്‍ ഡ്യൂട്ടിയിലുള്ള പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കും കൈമാറിയിട്ടുണ്ട്‌. ഭക്‌തര്‍ക്ക്‌ തിരിച്ചറിയാനായി കുറ്റവാളികളുടെ ചിത്രങ്ങള്‍ വിവിധ സ്‌ഥലങ്ങളില്‍ സ്‌ഥാപിക്കുമെന്ന്‌ ഡപ്യൂട്ടി പോലീസ്‌ കമ്മിഷണര്‍ വി. അജിത്‌ അറിയിച്ചു. ഉത്സവ മേഖലയില്‍ അഗ്നിരക്ഷാസേനയുടെ 6 കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഫീല്‍ഡില്‍ ഡ്യൂട്ടിക്കായി 15 സ്‌റ്റേഷന്‍ ഓഫിസര്‍മാരും,10 സ്‌പെഷല്‍ ടാസ്‌ക്‌ ഫോഴ്‌സും, 110 സിവില്‍ ഡിഫന്‍സ്‌ വൊളന്റിയര്‍മാരെയും നിയോഗിച്ചു.300 ഫയര്‍ ആന്റ്‌ റെസ്‌ക്യൂ ഉദ്യോഗസ്‌ഥരെ നിയോഗിച്ചതായി വകുപ്പ്‌ മേധാവി ജി.ജി.പി ബി.സന്ധ്യ അറിയിച്ചു.

ആരോഗ്യ വകുപ്പിന്റെ പ്രത്യേക മെഡിക്കല്‍ ക്യാംപുകള്‍ ഉണ്ടാകും. ഹെല്‍ത്ത്‌ സര്‍വീസിന്റെ 10 ആംബുലന്‍സും 108ന്റെ 2ആംബുലന്‍സും കോര്‍പറേഷന്റെ മൂന്ന്‌ ആംബുലന്‍സും പ്രൈവറ്റ്‌ ഹോസ്‌പിറ്റല്‍ അസോസിയേഷന്റെ 10 ആംബുലന്‍സും സജ്‌ജമാക്കി. 6മെഡിക്കല്‍ ക്യാംപുകളും ഇതിന്റെ ഭാഗമായി ഉണ്ടാകും. പൊങ്കാലയ്‌ക്ക് ഉപയോഗിക്കുന്ന ചുടുകല്ല്‌ ലൈഫ്‌ പദ്ധതിക്കുള്ള ഭവനനിര്‍മാണത്തിന്‌ വേണ്ടി ശേഖരിച്ച്‌ ഉപയോഗിക്കുമെന്ന്‌ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചു. ഇതിനായി പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ച്‌ ശുചീകരണ വേളയില്‍ തന്നെ ശേഖരിക്കും. കല്ല്‌ അനധികൃതമായി ശേഖരിക്കുന്നവര്‍ക്ക്‌ പിഴ ചുമത്തുമെന്നും മേയര്‍ പറഞ്ഞു.പൊങ്കാലയോടനുബന്ധിച്ച്‌ കൂടുതല്‍ ശുചിമുറികള്‍ സജ്‌ജമാക്കും. പൊങ്കാലയ്‌ക്കുള്ള മണ്‍പാത്രങ്ങളിലെ മായം പരിശോധിക്കാന്‍ സാംപിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്‌ക്ക് അയച്ചെന്നും മേയര്‍ അറിയിച്ചു. പൊങ്കാല ശുചീകരണത്തിനുള്ള വാഹനങ്ങളും മേയര്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു.

ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച്‌ ദക്ഷിണ റെയില്‍വെ സ്‌പെഷല്‍ സര്‍വീസുകള്‍ അനുവദിച്ചു. നാളെ നാഗര്‍കോവിലിലേക്കും എറണാകുളത്തേക്കും അധിക സര്‍വീസുകളും നടത്തും.നാളെ പുലര്‍ച്ചെ 1.45ന്‌ എറണാകുളത്തുനിന്നു തിരുവനന്തപുരത്തേക്ക്‌ കോട്ടയം വഴി പ്രത്യേക ട്രെയിന്‍ ഉണ്ടാകും. ഉച്ചയ്‌ക്ക് 2.45ന്‌ തിരുവനന്തപുരത്തുനിന്നു നാഗര്‍കോവിലിലേക്കും ട്രെയിന്‍ സര്‍വീസുണ്ട്‌. വൈകിട്ട്‌ 3.30ന്‌ തിരുവനന്തപുരത്തുനിന്നു കോട്ടയം വഴി എറണാകുളത്തേക്കും പ്രത്യേക ട്രെയിനുകള്‍ സര്‍വീസ്‌ നടത്തും.നാളെ നാഗര്‍കോവില്‍- കോട്ടയം പാസഞ്ചര്‍, കൊച്ചുവേളി- നാഗര്‍കോവില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ കൂടുതല്‍ സമയം തിരുവനന്തപുരത്ത്‌ നിര്‍ത്തിയിടും. തിരക്ക്‌ നിയന്ത്രിക്കുന്നതിനായി അധിക ട്രെയിനുകള്‍ക്ക്‌ പുറമെ കൂടുതല്‍ കോച്ചുകളും അധിക സ്‌റ്റോപ്പും ഒരുക്കും. അണ്‍റിസര്‍വ്‌ഡ് എക്‌സ്പ്രസുകള്‍ക്ക്‌ ഇന്നും നാളെയും രണ്ടു ജനറല്‍ കോച്ചുകള്‍ അധികമായി അനുവദിച്ചിട്ടുണ്ട്‌.

ട്രെയിനുകളും അധികമായി അനുവദിച്ച സ്‌റ്റോപ്പുകളും

16348 മംഗളൂരു തിരുവനന്തപുരം എക്‌സ്പ്രസ്‌: പരവൂര്‍, കടയ്‌ക്കാവൂര്‍

16344 മധുര ജംക്ഷന്‍- തിരുവനന്തപുരം അമൃത എക്‌സ്പ്രസ്‌: പരവൂര്‍, ചിറയിന്‍കീഴ്‌

16331 മുംബൈ സിഎസ്‌എംടി- തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസ്‌: പരവൂര്‍, കടയ്‌ക്കാവൂര്‍, ചിറയിന്‍കീഴ്‌, കഴക്കൂട്ടം

16603 മംഗളൂരു തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്‌: കടയ്‌ക്കാവൂര്‍, ചിറയിന്‍കീഴ്‌

12695 എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ തിരുവനന്തപുരം സൂപ്പര്‍ഫാസ്‌റ്റ്: ചിറയിന്‍കീഴ്‌

16606 നാഗര്‍കോവില്‍ ജംക്ഷന്‍ മംഗളൂരു സെന്‍ട്രല്‍ ഏറനാട്‌ എക്‌സ്പ്രസ്‌: കുഴിത്തുറൈ, പാറശാല, നെയ്യാറ്റിന്‍കര, ബാലരാമപുരം

16729 മധുര ജംക്ഷന്‍- പുനലൂര്‍ എക്‌സ്പ്രസ്‌: കുഴിത്തുറൈ, ബാലരാമപുരം

16650 നാഗര്‍കോവില്‍ മംഗളൂരു സെന്‍ട്രല്‍ പരശുറാം എക്‌സ്പ്രസ്‌: ബാലരാമപുരം

12624 തിരുവനന്തപുരം ചെന്നൈ സെന്‍ട്രല്‍ മെയില്‍: കഴക്കൂട്ടം, ചിറയിന്‍കീഴ്‌, കടയ്‌ക്കാവൂര്‍

12696 തിരുവനന്തപുരം ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്‌റ്റ്: കഴക്കൂട്ടം, ചിറയിന്‍കീഴ്‌

കെ.എസ്‌.ആര്‍.ടി.സിയും സമീപ ജില്ലകളിലേയ്‌ക്ക് പ്രത്യേക സര്‍വീസ്‌ നടത്തും.പ്രത്യേക സര്‍വീസുകള്‍ നടത്താന്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു.

കെഎസ്‌ഇബി നല്‍കുന്ന മുന്‍കരുതല്‍ നിര്‍ദേശം

ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക്‌ സമീപം വേണ്ടത്ര സുരക്ഷിത അകലം പാലിച്ചു മാത്രമേ പൊങ്കാലയിടാവൂ. ഒരു കാരണവശാലും ട്രാന്‍സ്‌ഫോര്‍മര്‍ സേ്‌റ്റഷന്റെ ചുറ്റുവേലിക്ക്‌ സമീപം വിശ്രമിക്കുകയോ സാധന സാമഗ്രികള്‍ സൂക്ഷിക്കുകയോ ചെയ്യരുത്‌. വൈദ്യുതി പോസ്‌റ്റിന്‌ ചുവട്ടില്‍ പൊങ്കാലയിടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്‌. ട്രാന്‍സ്‌ഫോമറുകള്‍, വൈദ്യുതി പോസ്‌റ്റുകള്‍ എന്നിവയുടെ ചുവട്ടില്‍ ചപ്പുചവറുകള്‍ കൂട്ടിയിടരുത്‌. ഗുണനിലവാരമുള്ള വയറുകള്‍, സ്വിച്ച്‌ ബോര്‍ഡുകള്‍ എന്നിവ ഉപയോഗിച്ചു മാത്രമേ ശബ്‌ദം, വെളിച്ചം എന്നീ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാവൂ. വൈദ്യുതി ദീപാലങ്കാരങ്ങള്‍ അംഗീകൃത കോണ്‍ട്രാക്‌റ്റര്‍മാരെ മാത്രം ഉപയോഗിച്ച്‌ നിര്‍വഹിക്കേണ്ടതാണ്‌. ലൈറ്റുകള്‍, ദീപാലങ്കാരങ്ങള്‍ തുടങ്ങിയവ പൊതുജനങ്ങള്‍ക്ക്‌ കയ്യെത്താത്ത ഉയരത്തില്‍ സ്‌ഥാപിക്കുക. ഗേറ്റുകള്‍, ഇരുമ്ബ്‌ തൂണുകള്‍, ഗ്രില്ലുകള്‍, ലോഹ ബോര്‍ഡുകള്‍ എന്നിവയില്‍ കൂടി വൈദ്യുതി ദീപാലങ്കാരങ്ങള്‍ നടത്തുവാന്‍ പാടില്ല.

വൈദ്യുതി പോസ്‌റ്റുകളിലോ അനുബന്ധ ഉപകരണങ്ങളിലോ ബാനര്‍, പരസ്യബോര്‍ഡുകള്‍ തുടങ്ങിയവ സ്‌ഥാപിക്കരുത്‌. ഇന്‍സുലേഷന്‍ നഷ്‌ടപ്പെട്ടതോ ദ്രവിച്ചതോ പഴകിയതോ കൂട്ടിയോജിപ്പിച്ചതോ ആയ വയറുകള്‍ ഉപയോഗിക്കരുത്‌. വൈദ്യുതി പോസ്‌റ്റുകളില്‍ അലങ്കാര വസ്‌തുക്കള്‍ സ്‌ഥാപിക്കാന്‍ പാടില്ല. സുരക്ഷാ മുന്‍കരുതലുകള്‍ പൊങ്കാല ഇടുന്നവരും പൊങ്കാല മഹോത്സവത്തില്‍ പങ്കാളികളാവുന്നവരും കര്‍ശനമായി പാലിക്കണം.

ജി.അരുണ്‍

Previous articleബീ ഗ്ളോബല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എന്‍.കെ. രഹനിഷിന് യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ യംഗ് എന്‍ട്രപ്രണര്‍ അവാര്‍ഡ്
Next articleകേരള സ്ട്രൈക്കേഴ്സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി ; മുംബൈയോട് പരാജയപ്പെട്ടത് 7 റണ്‍സിന്

Leave a Reply