തിരുവനന്തപുരം: ബിജെപി നേതാവ് ആർ. ശ്രീലേഖ ശാസ്തമംഗലം കൗൺസിലർ സ്ഥാനം രാജിവച്ചു. രാജിക്കത്ത് ജില്ലാ കളക്ടർക്കും തിരുവനന്തപുരം മേയർ വി.വി. രാജേഷിനും കൈമാറി. മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് വിവരം. തിരുവനന്തപുരം കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ചരിത്രവിജയം ലഭിച്ചതിന് പിന്നാലെ മേയർ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന ആവശ്യം ശ്രീലേഖ ഉയർത്തിയിരുന്നു. എന്നാൽ ബിജെപി നേതൃത്വം വി.വി. രാജേഷിനെ മേയറായി തീരുമാനിക്കുകയായിരുന്നു. ഇതിൽ ശ്രീലേഖ നേരത്തെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ശ്രീലേഖയുടെ രാജിയോടെ തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്ടമായി. 101 അംഗ കൗൺസിലിൽ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ എൻഡിഎയ്ക്ക് 51 അംഗങ്ങളുടെ പിന്തുണയാണുണ്ടായിരുന്നത്. ശ്രീലേഖ രാജിവച്ചതോടെ ബിജെപി കൗൺസിലർമാരുടെ എണ്ണം 49 ആയി. നിലവിൽ ആകെ അംഗബലം 100 ആയി ചുരുങ്ങി. ബിജെപിയുടെ 49 കൗൺസിലർമാരിൽ ഒരാൾ ജയിലിലാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി ശ്രീലേഖ മത്സരിച്ചിരുന്നെങ്കിലും വിജയിക്കാനായില്ല. തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽ പാർട്ടിയിലെ ആഭ്യന്തര വിഷയങ്ങളെച്ചൊല്ലി ശ്രീലേഖയും നേതൃത്വവും തമ്മിൽ ഭിന്നതയുണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു.













