ചങ്ങനാശേരി: സര്‍ക്കാരിന്റെ ഓപ്പറേഷന് തൂഫാനോട് സഹകരിച്ച് ചങ്ങനാശേരി അതിരൂപത കോര്‍പറേറ്റ് മാനേജ്മെന്റിലെ 66 സ്കൂളുകളിലെ 23,000 വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ കത്തുകള്‍ അയച്ചു. അതിരൂപതയുടെ അഞ്ച് ജില്ലകളിലെയും മുഴുവന്‍ സ്കൂളുകളിലും ഒരേസമയം വിദ്യാര്‍ഥികള്‍ കത്തുകള്‍ എഴുതി തപാല്‍പെട്ടിയില്‍ നിക്ഷേപിച്ചത് ചരിത്രസംഭവമായി. തപാല്‍ വകുപ്പില്‍നിന്നു ലഭിച്ച ഇന്‍ലൻഡുകളില്‍ മുന്‍കൂട്ടി അറിയാത്ത കൂട്ടുകാരനും കൂട്ടുകാരിക്കുമാണ് കുട്ടികള്‍ കത്തെഴുതി അയച്ചത്. “തൂഫാന് പ്രോമാക്സ് ചങ്ങാതിക്കൊരു കത്ത്’ എന്നാണ് കത്തെഴുത്ത് പരിപാടിക്ക് നാമകരണം ചെയ്തിരിക്കുന്നത്. 66സ്കൂളുകളിലും തപാല്പെട്ടികളുമായി തപാല്‍ ഉദ്യോഗസ്ഥരെത്തി കുട്ടികള്‍ എഴുതിയ കത്തുകള്‍ സ്വീകരിച്ചു. ഒരോ സ്കൂളിലെയും കുട്ടികള്‍ കൂട്ടുകാര്ക്കായെഴുതിയ കത്തുകള്‍ മറ്റൊരു സ്കൂളിന്റെ വിലാസത്തിലാണ് അയച്ചത്. മൂന്നു ദിവസങ്ങള്‍ക്കകം കത്തുകള്‍ ഓരോ സ്കൂളിലും എത്തിച്ചേരുമ്പോള്‍ വിലാസമുള്ള കുട്ടികള്‍ക്ക് കത്ത് കൈമാറും.
ചങ്ങനാശേരി സെന്റ് ആന്‍സ് സ്കൂളില്‍ നടന്ന ചടങ്ങില്‍ സിയാന മനോജ് എഴുതിയ കത്ത് ചങ്ങനാശേരി ഡിവൈഎസ്പി അന്‍ഷാദ് സദാനന്ദനും ചങ്ങനാശേരി ഡിവിഷണല്‍ പോസ്റ്റല്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് അശ്വിന് നാഥും ചേര്‍ന്ന് ഏറ്റുവാങ്ങി. സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ എല്സിന് എഫ്സിസി അധ്യക്ഷത വഹിച്ചു. അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. ജോബി മൂലയില്‍ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ അന്‍സ എഫ്സിസി, സീനിയര്‍ അസിസ്റ്റന്റ് ജെയ്മോള്‍ മാത്യു, സ്റ്റാഫ് സെക്രട്ടറി ജിന്‍സി ജോസഫ്, സബീഷ് നെടുംപറമ്പില്‍, സിസ്റ്റര്‍ ലിസസ്റ്റ എഫ്സിസി, ഷീജ ഷിജോ എന്നിവര്‍ പ്രസംഗിച്ചു.












