ചങ്ങനാശേരി: മരിയന് തീര്ഥാടനകേന്ദ്രമായ പാറേല് പള്ളിയുടെ കൂദാശ നവംബര് 21ന് നടക്കും. ഒരു ഹൃദയവും ഒരു ആത്മാവുമായി പള്ളി കൂദാശയിലേക്ക് എന്ന ആപ്തവാക്യവുമായി ഇടവകയില് കൂദാശയ്ക്കൊരുക്കമായുള്ള നൂറുദിന പ്രാര്ഥനാ ശുശ്രൂഷകള്ക്ക് ഇന്നു തുടക്കമാകും. നവംബര് 20 വരെയാണ് പ്രാര്ഥനാശുശ്രൂഷകള് ക്രമീകരിച്ചിരിക്കുന്നതെന്ന് വികാരി ഫാ. ജേക്കബ് വാരിക്കാട്ട് അറിയിച്ചു. കൂദാശ ഒരുക്കത്തിനായുള്ള പ്രാര്ഥനയും പത്തു ‘നന്മനിറഞ്ഞ മറിയമേ’ എന്ന പ്രാര്ഥനയും ഇടവകയിലെ ആയിരം കുടുംബങ്ങള് കുടുംബമായോ വ്യക്തിപരമായോ ഇന്നു മുതല് നൂറു ദിനങ്ങളില് നിയോഗമായി ചൊല്ലും. ദേവാലയം, നമ്മുടെ ശരീരമാകുന്ന ദേവാലയം, സഭാ കൂട്ടായ്മ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിശുദ്ധ ഗ്രന്ഥത്തിലുള്ള ഭാഗങ്ങള് ഇടവകയിലെ കുടുംബങ്ങള്ക്ക് വാട്സ്ആപ്പിലൂടെ നല്കും. ഒരു കുടുംബം ഒരു ദിവസത്തിലെ ഒരുമണിക്കൂര് സമയം പള്ളിയില് എത്തി പ്രാര്ഥിക്കാന് അവസരമൊരുക്കിയിട്ടുണ്ട്. പത്തു കുടുംബങ്ങള് വീതം 100 ദിനങ്ങളിലായി 1000 മണിക്കൂര് പ്രാര്ഥിക്കും.ഇന്നു രാവിലെ 8.30 മുതല് വൈകുന്നേരം 4.30 വരെ പള്ളിയില് അഖണ്ഡ ജപമാല പ്രാര്ഥന നടക്കും. 15ന് പരിശുദ്ധ കന്യകമാതാവിന്റെ സ്വര്ഗാരോപണത്തിരുനാള് ആഘോഷിക്കും. സെപ്റ്റംബര് ഒന്നു മുതല് എട്ടു വരെ എട്ടുനോമ്പാചരണം, 15 മുതല് ഒക്ടോബര് മൂന്നു വരെ ഹോംമിഷന്, ഒക്ടോബര് നാലു മുതല് ഒമ്പതു വരെ വാര്ഡ് കണ്വന്ഷന്, 16 മുതല് 25 വരെ ദശദിന ജപമാല, 26 മുതല് 29 വരെ വാര്ഷിക ധ്യാനം. 31ന് അഖണ്ഡ ജപമാല, നവംബര് ഒന്നു മുതല് ഏഴു വരെ ജറീക്കോ പ്രാര്ഥന, 12 മുതല് 20 വരെ നവദിന ഒരുക്കപ്രാര്ഥന എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്.











