വാത്സിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ നേതൃത്വത്തിൽ നടന്ന പത്താമത് വാത്സിംഗ്ഹാം തീർഥാടനത്തിനിടെ ഫാ. ബാബു ജോൺ ചിരിയങ്കണ്ടത്ത് രചിച്ച് സംഗീതം നൽകിയ വാത്സിംഗ്ഹാം മാതാവിനുള്ള ഭക്തിഗാനമായ “ട്രൈബ്യൂട്ട്’ ഔദ്യോഗികമായി പ്രകാശനം ചെയ്തു. വാത്സിംഗ്ഹാം ബസിലിക്കയിൽ ആയിരക്കണക്കിന് തീർഥാടകരുടെ സാന്നിധ്യത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ബസിലിക്ക റെക്ടർ റവ. ഡോ. റോബർട്ട് ബില്ലിംഗിന്റെ സാന്നിധ്യവും ചടങ്ങിന് മാറ്റുകൂട്ടി. തീർഥാടകർ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഗാനത്തെ ഹൃദയപൂർവം സ്വീകരിച്ചു. വാത്സിംഗ്ഹാം നാഷണൽ കത്തോലിക്ക ബസിലിക്കയിലേക്കുള്ള ആദ്യ സന്ദർശനത്തിൽ അനുഭവിച്ച ആത്മീയ അനുഭവവും പരിശുദ്ധ മാതാവിനോടുള്ള സ്നേഹവുമാണ് ഈ ഗാനത്തിന്റെ പ്രചോദനമെന്ന് ഫാ. ബാബു ജോൺ പറഞ്ഞു. ഓരോ തീർഥാടകന്റെയും ഹൃദയസ്പന്ദനം പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ഗാനത്തിന്റെ വരികളും സംഗീതവും ഒരുക്കിയിരിക്കുന്നത്. ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിൽ നിരവധി ഭക്തിഗാനങ്ങൾ രചിക്കുകയും സംഗീതം നൽകുകയും ചെയ്തിട്ടുള്ള ഫാ. ബാബു ജോൺ, ക്രൈസ്തവ സംഗീതരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിയാണ്. “ആത്മാ പാവനാത്മാ’, “കരുണാ സാഗർ’, “പ്രേഷിത്’, “ഹല്ലേലൂയ്യ’, “ഹേ പിതാഹമാരെ’ തുടങ്ങിയ ഹിന്ദി ഭക്തിഗാനങ്ങൾ അദ്ദേഹത്തിന് ശ്രദ്ധേയമായ അംഗീകാരം നേടിക്കൊടുത്തിട്ടുണ്ട്. നിലവിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ കേംബ്രിഡ്ജ് റീജണിൽ കിംഗ്സ് ലിൻ സേക്രഡ് ഹാർട്ട് മിഷന്റെയും ബോസ്റ്റൺ മാർ യൗസേപ്പ് പ്രൊപ്പോസ്ഡ് മിഷന്റെയും മിഷൻ ഡയറക്ടറായി സേവനം ചെയ്യുന്ന ഫാ. ബാബു ജോൺ, റീജണിലെ മെൻസ് ഫോറം, സാവിയോ ഫ്രണ്ട്സ്, ചെറുപുഷ്പ മിഷൻ ലീഗ് എന്നിവയുടെ ഡയറക്ടറുമാണ്.
Home യൂറോപ്പ് വാത്സിംഗ്ഹാം മാതാവിനുള്ള ഭക്തിഗാനമായ “ട്രൈബ്യൂട്ട്’ മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു












