വാഷിംഗ്ടൺ: അമേരിക്കയിൽ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശ് സ്വദേശിനി പ്രസന്ന അറ്റ്ലൂരി (25) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കാറിൽ സഞ്ചരിക്കവെയാണ് അപകടം ഉണ്ടായത്. ജൂലൈ അഞ്ചിനായിരുന്നു അപകടം നടന്നത്. സിഗ്നലിൽ കാർ നിർത്തിയിട്ടിരുന്നപ്പോൾ അമിതവേഗത്തിലെത്തിയ മറ്റൊരു വാഹനം പിന്നിൽ ഇടിക്കുകയായിരുന്നു. പ്രസന്നയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സംഭവ ദിവസം തന്നെ മരിണപ്പെട്ടിരുന്നു. ചികിത്സയിലിരിക്കെയാണ് പ്രസന്നയും മരണത്തിന് കീഴടങ്ങിയത്. ഇവരൊടൊപ്പം സഞ്ചരിച്ചിരുന്ന മറ്റൊരു സുഹൃത്ത് ഗുരുതര പരിക്കുകളോടെ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. പ്രസന്ന അമേരിക്കയിൽ പേസ് യൂണിവേഴ്സിറ്റിയിലെ ലുബിൻ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് അടുത്തിടെ ബിരുദം നേടിയിരുന്നു. ആന്ധ്രാപ്രദേശിൽ എൻടിആർ ജില്ലയിൽ അറ്റ്ലൂരി വസന്ത റാവുവിന്റെ മകളാണ് പ്രസന്ന. മൃതദേഹം നാട്ടിലേത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ യുഎസ് പോലീസ് അന്വേഷണം ആരംഭിച്ചു.














