ന്യൂയോര്‍ക്ക് : ഒളിയമ്പുകൾ എയ്‌തും വാക്കുകളിൽ വ്യംഗ്യാർത്ഥം ഒളിപ്പിച്ചും ഫോമായിലെ രണ്ടു പാനലുകൾ ഏറ്റുമുട്ടിയ മുഖാമുഖം 2026-28 കാലത്ത് സംഘടന ഏതു ദിശയിലായിരിക്കുമെന്നതിന്റെ വ്യക്തമായ സൂചനയായി. പൊതുവിൽ സൗഹൃദപരമായ ചർച്ച ആയിരുന്നുവെങ്കിലും വരികൾക്കിടയിൽ വ്യത്യസ്തമായ അർത്ഥതലങ്ങൾ ഒളിപ്പിക്കാൻ ഇരു കൂട്ടരും വിരുത് കാട്ടി. ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂയോര്‍ക്ക് മെട്രോ റീജിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇലക്ഷൻ ഡിബേറ്റ് സംഘടനയുടെ ഭാവി, നേതൃത്വത്തിന്റെ ദിശ, അംഗസംഘടനകളുടെ പങ്കാളിത്തം, യുവജന-വനിതാ ശാക്തീകരണം, സാമ്പത്തിക സുതാര്യത, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, കേരള കണ്‍വെന്‍ഷന്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ സജീവ ചര്‍ച്ചക്ക് വേദിയായി. മത്സരരംഗത്തുള്ള ടീം പ്രോമിസിന്റെയും ടീം വോയിസ് ഓഫ് ഫോമായുടെയും സ്ഥാനാര്‍ഥികള്‍ തങ്ങളുടെ കാഴ്ചപ്പാടുകളും പദ്ധതികളും അവതരിപ്പിച്ചു.
ഡിബേറ്റിന് തുടക്കം കുറിച്ച് ആർ.വി.പി. കൂടിയായ മോഡറേറ്റര്‍ മാത്യു ജോഷ്വ, നിലവിലുള്ള നേതൃത്വത്തെയോ മുന്‍ ഭരണസമിതികളെയോ വിമര്‍ശിക്കാനല്ല പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും കാലത്തിനനുസരിച്ച് സംഘടനകളില്‍ മാറ്റങ്ങളും നവീകരണങ്ങളും അനിവാര്യമാണെന്നും വ്യക്തമാക്കി. ഫോമാ ഇതുവരെ ചെയ്ത കാര്യങ്ങള്‍ തെറ്റാണെന്ന് സ്ഥാപിക്കുകയല്ല ലക്ഷ്യം, മറിച്ച് പുതിയ കാലഘട്ടത്തില്‍ ആവശ്യമായ മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കുകയാണ് ഡിബേറ്റിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ ചോദ്യത്തിന് മറുപടി നല്‍കിയ ടീം പ്രോമിസ് പ്രസിഡൻറ് സ്ഥാനാര്‍ഥി മാത്യു വര്‍ഗീസ്, 2026-28 കാലയളവിലേക്കുള്ള ടീമിന്റെ ദര്‍ശനം, വിശ്വാസം, സത്യസന്ധത, ഉത്തരവാദിത്വം, സുതാര്യത എന്നീ നാല് അടിസ്ഥാന മൂല്യങ്ങളില്‍ അധിഷ്ഠിതമാണെന്ന് പറഞ്ഞു. യുവജനങ്ങള്‍, സ്ത്രീകള്‍, അംഗസംഘടനകള്‍ എന്നിവയെ കൂടുതല്‍ ഉള്‍പ്പെടുത്തി ഫോമയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. റീജിയണല്‍, ദേശീയ തലങ്ങളില്‍ യൂത്ത് ഫെസ്റ്റിവലുകള്‍ സംഘടിപ്പിച്ച് വിജയികള്‍ക്ക് ഫോമ കണ്‍വെന്‍ഷനില്‍ പ്രകടനാവസരം ഒരുക്കുമെന്നും, കണ്‍വെന്‍ഷനുകളില്‍ യുവജനങ്ങള്‍ക്കായി പ്രത്യേക നെറ്റ്‌വര്‍ക്കിംഗ്, സൗഹൃദ വേദികള്‍, ബാൻക്വേറ്റ് എന്നിവ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വനിതാ ഫോറത്തിന് റീജിയണല്‍, ദേശീയ സമ്മേളനങ്ങള്‍, കുടുംബസംഗമങ്ങള്‍, കലാ-സാംസ്‌കാരിക പരിപാടികള്‍, കായികമത്സരങ്ങള്‍ എന്നിവ നടത്തും. മയാമിയില്‍ ഫോമയുടെ പേരില്‍ വള്ളംകളി സംഘടിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. അംഗസംഘടനകളും ഫോമയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി ‘വിദ്യാജ്യോതി’ സ്കോളര്‍ഷിപ്പ് പദ്ധതി വരും. അംഗസംഘടനകള്‍ നല്‍കുന്ന സ്കോളര്‍ഷിപ്പുകള്‍ക്ക് ഫോമ തുല്യ തുക നല്‍കുന്ന മാതൃകയാണിതെന്നും അദ്ദേഹം വിശദീകരിച്ചു. ഫോമ ആപ്പ്, ന്യൂസ്‌ലെറ്റര്‍, സൂം മീറ്റിംഗുകള്‍ എന്നിവ വഴി എല്ലാ അംഗസംഘടനകളുമായും സ്ഥിരം ബന്ധം പുലര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
ടീം വോയിസ് ഓഫ് ഫോമായുടെ പ്രസിഡൻറ് സ്ഥാനാര്‍ഥി ബിജു തോണിക്കടവില്‍ ഫോമായുടെ ഭാവി സത്യസന്ധത, സുതാര്യത, ധാര്‍മിക മൂല്യങ്ങള്‍, ഉത്തരവാദിത്വബോധം എന്നിവയുടെ അടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറഞ്ഞു . വിവിധ കമ്മിറ്റികളിലും ദേശീയ നേതൃത്വത്തിലും പ്രവര്‍ത്തിച്ച അനുഭവസമ്പന്നരായവരുടെ സംഘമാണ് തങ്ങളുടേതെന്നും അദ്ദേഹം വ്യക്തമാക്കി. ഫോമ ഹെല്‍പ്പിംഗ് ഹാന്‍ഡ്സ് പദ്ധതി കൂടുതല്‍ വിപുലീകരിച്ച് ആയിരം അംഗങ്ങളെ ഉള്‍പ്പെടുത്തി അടിയന്തര സാഹചര്യങ്ങളില്‍ അമേരിക്കയിലെയും കേരളത്തിലെയും മലയാളികളെ സഹായിക്കാന്‍ കഴിയുന്ന സംവിധാനം ഒരുക്കും. വനിതകള്‍, യുവജനങ്ങള്‍, കുടുംബങ്ങള്‍, സീനിയര്‍ സിറ്റിസണ്‍സ് എന്നിവരെ ഫോമയിലേക്ക് കൂടുതല്‍ അടുപ്പിക്കുകയാണ് പ്രധാന ലക്‌ഷ്യം. സീനിയര്‍ സിറ്റിസണ്‍സിന് ആരോഗ്യ ബോധവത്കരണ ക്ലാസുകളും വിവിധ മേഖലകളിലെ വിദഗ്ധരുടെ സേവനങ്ങളും ലഭ്യമാക്കും. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ബിസിനസുകാര്‍, ഐടി പ്രൊഫഷണലുകള്‍ എന്നിവരെ ഉള്‍പ്പെടുത്തി സഹായ ശൃംഖല രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥികളായ പോള്‍ പി. ജോസും അനു സ്കറിയയും തങ്ങളുടെ ടീമുകളുടെ പ്രത്യേകതകള്‍ അവതരിപ്പിച്ചു. ഫോമായുടെ ദേശീയ നേതൃത്വത്തിലും വിവിധ കമ്മിറ്റികളിലും പ്രവര്‍ത്തിച്ച അനുഭവസമ്പന്നരായ അംഗങ്ങളാണ് ടീം വോയിസ് ഓഫ് ഫോമായിലുള്ളതെന്നും, സംഘടനയുടെ ഹൃദയസ്പന്ദനങ്ങള്‍ മനസിലാക്കിയ ശേഷമാണ് തങ്ങള്‍ മത്സരരംഗത്തിറങ്ങിയതെന്നും പോള്‍ പി. ജോസ് പറഞ്ഞു. അതേസമയം, ടെക്ക് രംഗത്തെ തന്റെ പരിചയത്തിൽ നിന്ന് ഫോമായുടെ ഏറ്റവും വലിയ വെല്ലുവിളി ആശയവിനിമയത്തിലെ പോരായ്മയാണെന്ന് അനു സ്കറിയ ചൂണ്ടിക്കാട്ടി. സാങ്കേതിക വിദ്യ ഉപയോഗിച്ച് അംഗസംഘടനകളുമായും ആര്‍.വി.പി.മാരുമായും ദേശീയ നേതൃത്വവുമായും ശക്തമായ ആശയവിനിമയ ശൃംഖല സൃഷ്ടിക്കുമെന്നും, കൂടുതല്‍ അംഗങ്ങളെ വിവിധ കമ്മിറ്റികളിലേക്ക് ഉള്‍പ്പെടുത്തി അവരെ ഫോമായുടെ പ്രവര്‍ത്തനങ്ങളുടെ പങ്കാളികളാക്കുമെന്നും അദ്ദേഹം പറഞ്ഞു.











