തൃശൂര്‍ : വടക്കന്‍ ജില്ലകളില്‍ മഴ ശക്തം. പാലക്കാടും തൃശൂരും ശക്തമായ കാറ്റ് അനുഭവപ്പെട്ടു. തൃശൂരില്‍ മിന്നല്‍ ചുഴലി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൃശൂര്‍ വില്ലിടം, ചൂച്ചട്ടി, നടത്തറ, മചേരൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ശക്തമായ മിന്നല്‍ ചുഴലി ആഞ്ഞടിച്ചത്. നടത്തറ മില്‍മ, വില്ലേജ് ഓഫീസിനു മുന്നിലും മരം വീണു. നടത്തറ പൂച്ചട്ടി ഭാരതീയ വിദ്യാഭവന്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ മരങ്ങള്‍ കടപുഴകി വീണ് വാഹനങ്ങള്‍ തകര്‍ത്തു. സ്‌കൂള്‍ വാഹനങ്ങള്‍ ആണ് അപകടത്തില്‍പെട്ടത്. രാവിലെ ഒമ്പത് മണിയോടെ കുട്ടികളെ സ്‌കൂളില്‍ എത്തിച്ച വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത സ്ഥലത്തേക്കാണ് കൂറ്റന്‍ തേക്കുകളും മാവുകളും കടപുഴകി വീണത്. സമീപത്തു കുട്ടികള്‍ ഉണ്ടായിരുന്നുവെങ്കിലും ആര്‍ക്കും അപകടമുണ്ടായില്ല. സ്‌കൂളിന്റെ മേല്‍ക്കൂരയിലെഇരുമ്പ് തൂണുകള്‍ ഇളകി മാറി. ഷീറ്റുകള്‍ പറന്നുപോയി.
അധ്യാപകരുടെ അടക്കം വാഹനങ്ങള്‍ക്ക് മുകളിലേക്കാണ് മരങ്ങള്‍ വീണത്. പലരും ഈ സമയം വാഹനങ്ങള്‍ക്കുള്ളില്‍ ഉണ്ടായിരുന്നു. മരങ്ങള്‍ വാഹനങ്ങള്‍ക്ക് മുകളില്‍ തടഞ്ഞുനിന്നതിനാല്‍ കുട്ടികള്‍ അടിയില്‍ പെടാതെ രക്ഷപ്പെടുകയായിരുന്നു. സമീപത്തുള്ള വീടുകളിലെ മേല്‍ക്കൂരയും പറന്നുപോയി. ജില്ലയുടെ പല ഭാഗത്തും ശക്തമായ കാറ്റ് അനുഭവപ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തി മരങ്ങള്‍ മുറിച്ചുമാറ്റുകയാണ്. റോഡിന് ഇരുവശത്തും വൈദ്യുതി ലൈന് സമീപമുള്ളതുമായ മരങ്ങള്‍ മുറിച്ചുമാറ്റുകയാണ്. കുറച്ചുവര്‍ഷങ്ങളായി തൃശൂരില്‍ മിന്നല്‍ ചുഴലി പതിവാണ്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.
ഇടുക്കി രാജാക്കാടും കാറ്റില്‍ വന്‍നാശനഷ്ടമുണ്ടായി. കൂറ്റന്‍ മരം റോഡിലേക്ക് കടപുഴകി വീണു. പാലക്കാട് തൃത്താമരയില്‍ ശക്തമായ കാറ്റില്‍ മരം വീണ് വൈദ്യുതി ലൈന്‍ പൊട്ടി. ഒരുവീടിന്റെ മുകളിലേക്കാണ് മരം വീണത്. വീട് ഭാഗികമായി തകര്‍ന്നു. കണ്ൂര്‍ തളാപ്പ് എല്‍ഐസി റോഡില്‍ കനത്ത മഴയില്‍ കെട്ടിടവും മതിലും ഇടിഞ്ഞുവീണു. ബല്ലാര്‍ഡ് റോഡില്‍ കടകളില്‍ വെള്ളം കയറി.












