Home ഇന്ത്യ പേരാവൂരിൽ സണ്ണി ജോസഫ് ഹാട്രിക് തികച്ചു ; കെ.കെ. ശൈലജയ്ക്ക് വീണ്ടും അടിതെറ്റി

പേരാവൂരിൽ സണ്ണി ജോസഫ് ഹാട്രിക് തികച്ചു ; കെ.കെ. ശൈലജയ്ക്ക് വീണ്ടും അടിതെറ്റി

85
0

കണ്ണൂർ : നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ക്യാമ്പിനെ ഏറ്റവും കൂടുതൽ നിരാശപ്പെടുത്തിയ ഫലങ്ങളിലൊന്നാണ് പേരാവൂരിലേത് (Peravoor Election Results 2026). കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ നേരിടാൻ കെ.കെ. ശൈലജയെ നിയോഗിച്ച സിപിഎം തന്ത്രം പാളി. പത്തായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് സണ്ണി ജോസഫ് മണ്ഡലം നിലനിർത്തിയത്. 2011-ലും സണ്ണി ജോസഫിനോട് പരാജയപ്പെട്ട ചരിത്രമുള്ള ശൈലജയ്ക്ക്, ഈ തോൽവി വടകര ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ തുടർച്ചയായി മാറി.

ഇതോടെ അഞ്ച് തവണ നിയമസഭയിലേക്ക് മത്സരിച്ച ശൈലജയുടെ പരാജയങ്ങൾ സണ്ണി ജോസഫിന് മുന്നിൽ മാത്രമായി ചുരുങ്ങി. സംസ്ഥാനത്തുടനീളം ആഞ്ഞടിച്ച യുഡിഎഫ് കാറ്റ് പേരാവൂരിലും പ്രതിഫലിച്ചു. ഇടതുപക്ഷത്തിന്റെ ഉറച്ച വോട്ടുകളിൽ പോലും വിള്ളലുണ്ടായതായാണ് സൂചന. റെക്കോർഡ് ഭൂരിപക്ഷം നൽകിയ മട്ടന്നൂർ വിട്ട് പേരാവൂരിലേക്ക് എത്തിയത് ശൈലജയ്ക്ക് തിരിച്ചടിയായി. മട്ടന്നൂരിൽ വി.കെ. സനോജിനെ മത്സരിപ്പിക്കാനായിരുന്നു പാർട്ടി തീരുമാനം.

കഴിഞ്ഞ 15 വർഷമായി മണ്ഡലത്തിൽ സണ്ണി ജോസഫ് കെട്ടിപ്പടുത്ത വ്യക്തിപരമായ സ്വാധീനത്തെ മറികടക്കാൻ ശൈലജയുടെ ജനപ്രീതിക്ക് സാധിച്ചില്ല. ആദ്യ രണ്ട് റൗണ്ടുകളിൽ മാത്രമാണ് ശൈലജയ്ക്ക് ലീഡ് നിലനിർത്താനായത്. മൂന്നാം റൗണ്ട് മുതൽ ലീഡ് പിടിച്ച സണ്ണി ജോസഫ് ഓരോ ഘട്ടത്തിലും അത് വർദ്ധിപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ് കാട്ടിയ മേധാവിത്തം നിയമസഭയിലും ആവർത്തിക്കപ്പെട്ടു.

Previous articleസ്വപ്നം ഫലം കണ്ടില്ല ; പി.സി ജോർജിനും ഷോൺ ജോർജിനും കനത്ത തിരിച്ചടി
Next articleപരാജയ കാരണങ്ങൾ ആഴത്തിൽ പരിശോധിക്കും” ; എം.വി. ഗോവിന്ദൻ

Leave a Reply