സതേണ്‍ റീജിയണിലെ, പ്രത്യേകിച്ച് ഹൂസ്റ്റണിലെ സ്നേഹം നിറഞ്ഞ ഫോമാ സുഹൃത്തുക്കളേ, ഹൂസ്റ്റണ്‍ മണ്ണില്‍ ചരിത്രമാകേണ്ട ഫോമാ ഫാമിലി കണ്‍വന്‍ഷന്‍ 2026-ന് ഏതാണ്ട് 100 ദിവസങ്ങള്‍ മാത്രം ശേഷിക്കേ ആതിഥേയരായ നാം എവിടെ നില്‍ക്കുന്നുവെന്ന് നമ്മോടു തന്നെ ചോദിക്കേണ്ടിയിരിക്കുന്നു. 2008-ലെ ആദ്യത്തെ ഫോമാ കണ്‍വന്‍ഷന്‍ വലിയ പ്രശ്നങ്ങളുടെയും പ്രത്യാഘാതങ്ങളുടെയും നടുവില്‍ വളരെ ഭംഗിയായി ഹൂസ്റ്റണില്‍ നടത്തി നാം കൈയടി വാങ്ങിയത് തികഞ്ഞ അഭിമാനത്തോടെ ഓര്‍ക്കുന്നു. അത് നമുക്ക് മറക്കാനാവാത്തൊരു പ്രചോദനമാണ്.
അതിലും വലിയ പ്രതീക്ഷകളോടെയും ആവേശത്തോടെയുമാണ് നൂറില്‍ പരം അസോസിയേഷനുകള്‍ ഫമോമായുടെ ബാനറില്‍ മറ്റൊരു കണ്‍വന്‍ഷനായി ഹൂസ്റ്റണിലേക്ക് വീണ്ടും എത്തുന്നത്. ഫോമാ പിറന്ന 2008-ല്‍ ഇന്നത്തെപ്പോലെ ടെക്നോളജിയുടെ അനന്തമായ പിന്തുണ ഇല്ലായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ന് എല്ലാ സാഹചര്യങ്ങളും അനുകൂലമാണെന്നിരിക്കെ, കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന ഭൂരിപക്ഷം ആള്‍ക്കാരും യുവജനങ്ങളാണെന്നും ഇരിക്കെ കണ്‍വന്‍ഷന്റെ നടത്തിപ്പു സംബന്ധിച്ച് ഒരു ശുഷ്‌ക്കാന്തിയും കാണുന്നില്ലെന്ന് വേദനയോടെ പറയുകയാണ്.
ഫോമായെ സ്നേഹിക്കുന്ന നാം ഓരോരുത്തരും ചിന്തിക്കേണ്ടത് ഇത് നമ്മുടെ സ്വന്തം കണ്‍വന്‍ഷന്‍ ആണെന്നതാണ്. ഹൂസ്റ്റണ്‍, ടെക്സസ് റീജിയന്‍ ആണ് കണ്‍വന്‍ഷന് ആതിഥേയത്വം വഹിക്കുന്നത് എന്ന് നാം ഓര്‍ക്കുക. ഈ കണ്‍വന്‍ഷന്‍ നന്നായാലും ഇല്ലെങ്കിലും അതിന്റെ പൂര്‍ണ ഉത്തരവാദിത്വം നമുക്ക് മാത്രമാണ്. നമ്മുടെയിടയില്‍ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായാലും ഇല്ലെങ്കിലും സകലതും സഹിച്ചും ക്ഷമിച്ചും ശേഷിക്കുന്ന നൂറ് ദിവസം ഒറ്റക്കെട്ടായി നിന്ന് ഈ മലയാളി മാമാങ്കം വിജയിപ്പിക്കേണ്ട കടമ നമ്മളില്‍ നിക്ഷിപ്തമായിരിക്കുന്നു.
ഫോമായുടെ 2026 കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ എത്തുന്നവര്‍ക്ക് ചരിത്രത്തിലെ മറക്കാനാകാത്ത അനുഭവങ്ങളുമായി മടങ്ങുവാന്‍ ഇടയാകട്ടെ എന്ന് ആശംസിക്കുന്നു. അതിനായി എല്ലാ സ്നേഹിതരുടെയും ആത്മാര്‍ത്ഥമായ സഹകരണം വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിന് 65-ലധികം കമ്മറ്റികള്‍ രൂപീകരിക്കേണ്ടതുണ്ട് എന്ന തികച്ചും ഗൗരവതരമായ കാര്യം ഓര്‍ത്ത് അതിനനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ സാധിക്കണം.
മറ്റൊരു പ്രധാനപ്പെട്ട കാര്യം ചൂണ്ടിക്കാണിക്കുവാനുള്ളത്, ഫോമായുടെ ബൈലോ ഭേദഗതി അനുസരിച്ച് ഡലിഗേറ്റുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാതെ ഇലക്ഷനില്‍ വോട്ടു ചെയ്യാനുമുള്ള അവകാശം ഉണ്ടായിരിക്കുന്നതല്ല. കണ്‍വന്‍ഷനില്‍ സംബന്ധിക്കുവാന്‍ താത്പര്യമുള്ളവര്‍ എല്ലാവരും തന്നെ രജിസ്റ്റര്‍ ചെയ്യേണ്ടതായിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല എന്ന് ഓര്‍മിപ്പിച്ചുകൊള്ളട്ടെ. ആയതിനാല്‍ ഏര്‍ളി ബേര്‍ഡ് രജിസ്ട്രേഷന്‍ ഏപ്രില്‍ 30-ന് അവസാനിക്കാനിരിക്കെ എല്ലാവരും ഡിസ്‌ക്കൗണ്ട് റേറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അവരവരുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് താത്പര്യപ്പെടുന്നു.
രജിസ്ട്രേഷനുള്ള ലിങ്ക്:
ഏവരെയും അവിസ്മരണീയമായ ഒരു ഫോമാ കണ്‍വന്‍ഷനിലേക്ക് ഹൃദയപൂര്‍വം സ്വാഗതം ചെയ്തുകൊണ്ട്
സ്നേഹാദരങ്ങളോടെ
ജോയ് എന്‍ സാമുവേല്‍
(ഫോമാ കണ്‍വന്‍ഷന്‍ 2026 ജനറല്‍ കണ്‍വീനര്‍)













