Home അമേരിക്ക ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ ഐക്യസംഗമമായി ന്യൂയോർക്കിൽ ഈദ് ആഘോഷം ; പ്രമുഖരുടെ സാന്നിധ്യം ശ്രദ്ധേയമായി

ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ ഐക്യസംഗമമായി ന്യൂയോർക്കിൽ ഈദ് ആഘോഷം ; പ്രമുഖരുടെ സാന്നിധ്യം ശ്രദ്ധേയമായി

54
0

ന്യൂയോർക്ക് : ന്യൂയോർക്കിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെയും ഇന്ത്യൻ അമേരിക്കൻ മുസ്ലിംസ് ഓഫ് നോർത്ത് അമേരിക്ക (ഐഎഎംഎൻഎ)- യുടെയും സഹകരണത്തോടെ ഏപ്രിൽ 10-ന് ഈദ് ആഘോഷങ്ങൾ സംഘടിപ്പിച്ചു. 2026-ലെ ഈദുല്‍ ഫിത്തർ മാർച്ച് 20-ന് ലോകമെമ്പാടുമുള്ള മുസ്ലിം സമൂഹം ആഘോഷിച്ചിരുന്നു. വിശുദ്ധ റമദാൻ മാസത്തിന്റെ സമാപനമായി പ്രത്യേക ഈദ് നമസ്കാരങ്ങൾ, കുടുംബസംഗമങ്ങൾ, വിരുന്നുകൾ, ദാനധർമ്മ പ്രവർത്തനങ്ങൾ എന്നിവയോടുകൂടി നിരവധി ഇടങ്ങളിൽ മൂന്ന് ദിവസത്തോളം നീണ്ടുനിന് ആഘോഷങ്ങളാണ് നടന്നത്. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ ബിനയ ശ്രീകന്ത പ്രധാൻ ചടങ്ങിന് നേതൃത്വം നൽകി. ഐഎഎംഎൻഎ കോൺസുലേറ്റുമായി ചേർന്ന് വർഷങ്ങളായി ഈദ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിൽ തുടരുന്ന സഹകരണത്തെ അദ്ദേഹം അഭിനന്ദിച്ചു. ഈ വർഷം കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ പേർ പങ്കെടുത്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവിധ ഭാഷകളും ആചാരങ്ങളും മതവിശ്വാസങ്ങളും പരസ്പര ബഹുമാനത്തിന്റെ അടിസ്ഥാനത്തിൽ സഹവർത്തിത്വത്തോടെ നിലനിൽക്കുന്ന ഇന്ത്യയുടെ പാരമ്പര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകൾ സാഹോദര്യത്തിന്റെ ആത്മാവിൽ ഒന്നിച്ചുകൂടുന്ന വൈവിധ്യത്തിലെ ഐക്യം എന്ന ആശയം ഈ സംഗമത്തിൽ പ്രതിഫലിക്കുന്നതായി അദ്ദേഹം പറഞ്ഞു. ജീവിതത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ആളുകളെ ഒരിടത്ത് കാണാൻ കഴിയുന്നത് ഈ പരിപാടിയുടെ ഉൾക്കൊള്ളൽ മനോഭാവം വ്യക്തമാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ യുഎഇ കോൺസൽ ജനറൽ അംന ആലംഹെയ്‌റി മുഖ്യാതിഥിയായി പങ്കെടുത്തു. യുഎഇയിലും പരിസരപ്രദേശങ്ങളിലും അടുത്തിടെ ഉണ്ടായ ബുദ്ധിമുട്ടുകൾക്ക് ശേഷം ഇപ്പോൾ സാഹചര്യം മെച്ചപ്പെട്ടുവരുന്നതായും അതിനാൽ ഈ വർഷത്തെ ഈദ് ആഘോഷങ്ങൾ സമാധാനത്തിന്റെയും ഐക്യത്തിന്റെയും പ്രത്യാശയുടെയും പ്രതീകമായി കൂടുതൽ അർത്ഥവത്തായതായി മാറിയെന്നും അവർ പറഞ്ഞു.

ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ നൽകിയ കുറിപ്പിൽ, വിവിധ ഇന്ത്യൻ-അമേരിക്കൻ സമൂഹ നേതാക്കൾ പങ്കെടുത്ത ഈ പരിപാടി പ്രാർത്ഥനകളും കൃതജ്ഞതയും സൗഹൃദപരമായ സഹവർത്തിത്വവും നിറഞ്ഞ ആഘോഷമായി മാറിയതായി അറിയിച്ചു.

ന്യൂയോർക്ക് സിറ്റി കോംപ്ട്രോളർ സ്ഥാനാർഥി രാജ് ഗോയൽ, സെനറ്റർ ജോൺ ലിയു, ന്യൂയോർക്ക് സിറ്റി പബ്ലിക് അഡ്വക്കേറ്റ് ജുമാനെ വില്യംസ്, പത്മശ്രീ ഡോ.സുധിർ പരീഖ്, അഭിഭാഷകൻ രവി ബാത്ര, രഞ്ജു ബാത്ര, ന്യൂയോർക്ക് സിറ്റി കൗൺസിൽ അംഗം റിത ജോസഫ് എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ഹിന്ദുക്കൾ, മുസ്ലീങ്ങൾ, സിഖുകാർ, ക്രിസ്ത്യാനികൾ എന്നിവർ ഒരുമിച്ചുകൂടിയ ഈ ആഘോഷം പ്രവാസി സമൂഹത്തിനിടയിലെ ഐക്യത്തിന്റെ മനോഹരമായ ഉദാഹരണമാണെന്ന് രാജ് ഗോയൽ അഭിപ്രായപ്പെട്ടു. ഇന്ത്യൻ- അമേരിക്കൻ മുസ്ലിം സമൂഹത്തോടൊപ്പം ഈദ് ആഘോഷിക്കാൻ കഴിഞ്ഞത് അഭിമാനകരമായ അനുഭവമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ സമൂഹ നേതാവ് രാജേന്ദർ ദിച്ച്പള്ളിയെ സമൂഹ സേവനത്തിനുള്ള സംഭാവനകൾ പരിഗണിച്ച് ആദരിച്ചു. സമൂഹത്തിനായി നൽകിയ സേവനങ്ങൾക്ക് അംഗീകാരം ലഭിച്ചതിൽ താൻ ഏറെ നന്ദിയുള്ളവനാണെന്ന് അദ്ദേഹം പ്രതികരിച്ചു.

ഡോ. സുധീർ പരീഖ്, അങ്കുർ വൈദ്യ, ശ്രുജൽ പരീഖ്, രവി ഭൂപ്ലാപൂർ, മോഹിന്ദർ സിംഗ് ഗിൽസിയൻ, ഇന്ദ്രജിത് സലൂജ, രവി ബാത്ര, വികാസ് ധാൽ, ജയ്സിംഗ്, നീത ജെയ്ൻ, ഹർപ്രീത് സിംഗ് തൂർ, ഇൻഡർപാൽ ധാൽ, എ.ജി. ഫറൂഖി എന്നിവരുള്‍പ്പെടെ നിരവധി ഇന്ത്യൻ-അമേരിക്കൻ സമൂഹ നേതാക്കളെയും ചടങ്ങിൽ ആദരിച്ചു. ആരോഗ്യരംഗം, ബിസിനസ്, മാധ്യമം, സാമൂഹ്യസേവനം, കമ്മ്യൂണിറ്റി വികസനം തുടങ്ങിയ വിവിധ മേഖലകളിൽ നൽകിയ മികച്ച സംഭാവനകളെ മാനിച്ചാണ് ഇവരെ ആദരിച്ചത്.

Previous articleകാന്‍ജ് മീഡിയ ആന്‍ഡ് പബ്ലിക്കേഷന്‍സ്
Next articleസീനിയർ സിറ്റിസൺ ഫോറം ശ്രദ്ധേയമായി.

Leave a Reply