Home യൂറോപ്പ് യുകെയില്‍ പെട്രോള്‍ വിതരണം പ്രതിസന്ധിയിലേക്ക്; മുന്നറിയിപ്പുമായി ആസ്ദ മേധാവി,

യുകെയില്‍ പെട്രോള്‍ വിതരണം പ്രതിസന്ധിയിലേക്ക്; മുന്നറിയിപ്പുമായി ആസ്ദ മേധാവി,

70
0

ഇറാനിലെ ട്രംപിന്റെ യുദ്ധം നീളുന്നത് കാര്യങ്ങള്‍ തകിടം മറിക്കുന്നു. വില കുതിച്ചുയരുന്നതിന് പുറമെ , ഹോര്‍മുസിലെ തടസങ്ങളും തുടരുകയാണ്. ഇത് യുകെയില്‍ യുകെയില്‍ വിതരണം പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് മുന്നറിയിപ്പ്. പണപ്പെരുപ്പ ഷോക്കിനൊപ്പം വിലക്കയറ്റവും ജനത്തെ ശ്വാസംമുട്ടിക്കും. തങ്ങളുടെ ഫോര്‍കോര്‍ട്ടുകളില്‍ പെട്രോള്‍ വിതരണം ‘ടൈറ്റാണെന്ന്’ ആസ്ദ മേധാവി മുന്നറിയിപ്പ് നല്‍കി. പെട്രോള്‍ വില ലിറ്ററിന് 150 പെന്‍സ് എന്ന റെക്കോര്‍ഡ് നിലയിലേക്കാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്. രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ഈ ഉയരം താണ്ടുന്നത്. ഈ ഘട്ടത്തില്‍ തങ്ങളുടെ ചില ഫോര്‍കോര്‍ട്ടുകളില്‍ വിതരണ പ്രശ്‌നം നിലനില്‍ക്കുന്നതായി സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അലന്‍ ലെയ്ടണ്‍ പറഞ്ഞു. വൂസ്റ്ററില്‍ സ്ഥിതി ചെയ്യുന്ന ടെസ്‌കോ സൂപ്പര്‍‌സ്റ്റോറിലെ പെട്രോള്‍ പമ്പില്‍ ഇന്ധനം പൂര്‍ണമായി തീര്‍ന്നതോടെ വാഹനയാത്രികര്‍ മടങ്ങേണ്ടിവന്നു. പമ്പിന്റെ പ്രവേശന കവാടത്തില്‍ ”ഇന്ധനം ലഭ്യമല്ല. ഉണ്ടായ അസൗകര്യങ്ങള്‍ക്ക് ക്ഷമിക്കണം” എന്നറിയിക്കുന്ന ബോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്. ഇന്ധനവിതരണം പുനരാരംഭിക്കാന്‍ ശ്രമം തുടരുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്റ്റേഷനുകളില്‍ വൈകാതെ ഇന്ധനമെത്തിക്കുമെന്നും ടെസ്‌കോ വ്യക്തമാക്കി.

മിഡില്‍ ഈസ്റ്റ് യുദ്ധം മൂലം ഇറാന്‍ ഹോര്‍മുസ് കടലിടുക്കിനെ അടച്ചുവെച്ച് ഇന്ധന പ്രതിസന്ധി രൂക്ഷമാക്കുകയാണ് ചെയ്യുന്നത്. ലോകത്തിലെ 20 ശതമാനം എണ്ണ വിതരണവും നടക്കുന്നതിന് ഈ ഷിപ്പിംഗ് ലെയിന്‍ പ്രധാനമാണ്. നിലവില്‍ തടസ്സം മാറ്റാന്‍ തെഹ്‌റാന്‍ യാതൊരുവിധത്തിലും സഹകരിക്കുന്നില്ല. ട്രംപിന്റെ ഇടനില സംഭാഷണങ്ങളും വലിയ ഗുണം ചെയ്യുന്നില്ല. ശത്രുക്കളുടെ ഷിപ്പിംഗിന് കടലിടുക്കില്‍ നിരോധനം തുടരുന്നതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് വ്യക്തമാക്കി. ഇതുവഴി സഞ്ചരിക്കാനുള്ള ശ്രമം നടന്നാല്‍ പ്രതികരണവും കടുത്തതാകുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. ഈ ഘട്ടത്തിലാണ് ഇന്ധന വിതരണം കനത്ത വെല്ലുവിളി അഭിമുഖീകരിക്കുകയാണെന്ന് ആസ്ദയുടെ മേധാവി വ്യക്തമാക്കിയത്. പ്രതിസന്ധി വഷളാകുമെന്ന ആശങ്കയില്‍ വാഹനങ്ങളില്‍ പരിഭ്രാന്തരായി ഇന്ധനം നിറച്ച് സ്ഥിതി രൂക്ഷമാക്കരുതെന്ന് കമ്പനി മേധാവികള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. യുകെയില്‍ ചില ഫോര്‍കോര്‍ട്ടുകളില്‍ മാത്രമാണ് പ്രശ്‌നമെന്നും, മറ്റ് സ്ഥലങ്ങളില്‍ വിതരണം സാധാരണ നിലയിലാണെന്നും ഫ്യൂവല്‍സ് ഇന്‍ഡസ്ട്രി യുകെ ചീഫ് എലിസബത്ത് ഡി ജോംഗ് വ്യക്തമാക്കി.

Previous articleകഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ക്ക് യെല്‍ദോ മോര്‍ തീത്തോസ് തിരുമേനി കാലിഫോര്‍ണിയയില്‍ നേതൃത്വം നല്കുന്നു

Leave a Reply