ന്യൂയോർക്ക് : ചിക്കാഗോ സീറോ മലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ‘സീറോ മലബാർ യുഎസ്എ’ കൺവെൻഷനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്. ജൂലൈ ഒമ്പത് മുതൽ 12 വരെ ചിക്കാഗോയിലെ മക്കോർമിക് പ്ലേസ് കൺവെൻഷൻ സെന്ററിലാണ് ഈ മഹാസംഗമം നടക്കുന്നത്. കൺവെൻഷന്റെ ‘ഏർലി ബേർഡ്’ രജിസ്‌ട്രേഷൻ ജനുവരി 31ന് അവസാനിക്കും. അതിനു മുൻപ് രജിസ്റ്റർ ചെയ്യുന്നവർക്ക് ഹോട്ടൽ നിരക്കുകളിൽ ഇളവ് ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട്, വികാരി ജനറൽമാരായ ഫാ. ജോൺ മേലേപ്പുറം, ഫാ. തോമസ് മുളവനാൽ, ഫാ. തോമസ് കടുകപ്പിള്ളിൽ, ചാൻസിലർ ഫാ. ജോൺസൺ കോവൂർ പുത്തൻപുരയിൽ, പ്രൊക്യൂറേറ്റർ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഇടവകകളിൽ നടത്തിയ ‘കിക്കോഫ്’ പരിപാടികൾക്കും സന്ദർശനങ്ങൾക്കും വിശ്വാസികളിൽ നിന്ന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. കൺവെൻഷന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ ഈ സന്ദർശനങ്ങൾ സഹായിച്ചു.
യുവജന പങ്കാളിത്തം ഉറപ്പാക്കുന്നതിനായി രൂപത യൂത്ത് അപ്പസ്തോലേറ്റ് ഡയറക്ടർ ഫാ. മെൽവിൻ പോൾ, യൂത്ത് ലീഡ് മാത്യു തോമസ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്. കുട്ടികൾക്കും യുവജനങ്ങൾക്കുമായി പ്രത്യേക സെമിനാറുകൾ, വർക്ക് ഷോപ്പുകൾ, സ്പോർട്സ്, ഡാൻസ്, ലീഡർഷിപ്പ് പ്രോഗ്രാമുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. കൂടാതെ ‘സ്റ്റാർട്ടപ്പുകൾക്കുള്ള’ മാർഗ നിർദേശങ്ങൾ നൽകുന്ന സെഷനുകളും യുവജനങ്ങൾക്കായി ഉൾപ്പെടുത്തിയിട്ടുണ്ട്. കൺവെൻഷന്റെ ഭാഗമായി മെഗാ മാർഗ്ഗംകളി, വിവിധ നൃത്ത പരിപാടികൾ എന്നിവ അരങ്ങേറും. സിനിമാ താരം ജയറാം നയിക്കുന്ന ‘താളവിസ്മയം’, പ്രശസ്ത മ്യൂസിഷ്യൻ സ്റ്റീഫൻ ദേവസ്സി, ജയറാം എന്നിവർ ചേർന്നൊരുക്കുന്ന കലാസന്ധ്യകൾ എന്നിവ മുഖ്യ ആകർഷണമാകും. ‘പാരിഷ് ഫെസ്റ്റ്’ വഴി ഇടവക തലത്തിലുള്ള കലാപരിപാടികൾ അവതരിപ്പിക്കാനും അവസരമുണ്ട്.
രൂപതയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച പയനിയർമാർ, കൈക്കാരൻമാർ, അൾത്താര ശുശ്രൂഷികൾ, സൺഡേ സ്കൂൾ/ മലയാളം സ്കൂൾ/ കൾച്ചറൽ അക്കാദമി അദ്ധ്യാപകർ, എസ്.എം.സി.സി, വിൻസെന്റ് ഡി പോൾ, വിമൻസ് ഫോറം, മിഷൻ ലീഗ് ഭാരവാഹികൾ, ക്വയർ അംഗങ്ങൾ തുടങ്ങിയവരെ ചടങ്ങിൽ ആദരിക്കും. കൂടാതെ വിവാഹജീവിതത്തിന്റെ 50 വർഷം പൂർത്തിയാക്കിയ ദമ്പതികളെയും പ്രത്യേകം ആദരിക്കുന്നതാണ്. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, മാർ ജോയ് ആലപ്പാട്ട്, രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവർക്കൊപ്പം വൈദികരും സന്യസ്തരും അൽമായരും ഒത്തുചേരുന്ന നാല് ദിനങ്ങൾ ആത്മീയ നവീകരണത്തിനുള്ള അവസരം കൂടിയാകും. അമേരിക്കയിൽ വളരുന്ന പുതുതലമുറയെ സഭാവിശ്വാസത്തോടും പൈതൃകത്തോടും ചേർത്തുനിർത്താനും കൺവെൻഷൻ ലക്ഷ്യമിടുന്നു.
ജൂബിലി കമ്മിറ്റി കൺവീനർ ഫാ. ജോൺ മേലേപ്പുറം, ചെയർമാൻ ജോസഫ് ചാമക്കാല, കൺവെൻഷൻ കൺവീനർ ഫാ. തോമസ് കടുകപ്പിള്ളിൽ, ചെയർമാൻ ബിജി സി. മാണി, ജോയിന്റ് കൺവീനർമാരായ ഫാ. ജോയൽ പയസ്, ഫാ. യൂജിൻ ജോസഫ്, സെക്രട്ടറി ബീന വള്ളിക്കളം, ഫിനാൻസ് ചെയർമാൻ ആൻഡ്രൂ തോമസ്, ഫസിലിറ്റി ചെയർമാൻ ജോണി വടക്കുംചേരി, മാർക്കറ്റിങ് ചെയർമാൻ സജി വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. എല്ലാ വിശ്വാസികളെയും ഈ മഹാസംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി മാർ ജോയ് ആലപ്പാട്ട് അറിയിച്ചു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക: http://www.syroconvention.org











