തിരുവനന്തപുരം : കേരളത്തിന്റെ വികസനത്തിന് ഇന്ന് മുതല്‍ പുതിയ ദിശാബോധം കൈവന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്തെ വലിയ സ്റ്റാര്‍ട്ടപ്പ് കേന്ദ്രമായി തിരുവനന്തപുരത്തെ മാറ്റുന്നതിനായുള്ള ആദ്യ ചുവട് ഇന്ന് വെക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസിത ഭാരതത്തിനായി രാജ്യം മുഴുവന്‍ ശ്രമിക്കുകയാണ്. വികസിത കേരളത്തില്‍ കൂടി മാത്രമേ വികസിത ഭാരതം പൂര്‍ത്തിയാക്കാനാകൂ. കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കേരളത്തന് ലഭിച്ച മൂന്ന് അമൃത് ഭാരത് അടക്കം നാല് ട്രെയിനുകളുടെ ഫ്ളാഗ് ഓഫ് കര്‍മവും മോഡി നിര്‍വഹിച്ചു. ‘രാജ്യത്തെ മുഴുവന്‍ പാവപ്പെട്ടവരുടെയും ഉന്നമനത്തിന് നടപ്പാക്കുന്ന ഒരു മഹത്തായ സംരഭത്തിനും തിരുവനന്തപുരത്ത് തുടക്കമായിട്ടുണ്ട്’- ഉന്തുവണ്ടിക്കാര്‍ക്കും വഴിയോര കച്ചവടക്കാര്‍ക്കും പ്രയോജനം ലഭിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കിക്കൊണ്ട് മോഡി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ പി.എം സ്വാനിധി പദ്ധതിയിലേക്ക് കേരളത്തേയും ഉള്‍പ്പെടുത്തും. ഇത് തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ തീര്‍ഥാടകര്‍ക്ക് സഹായകരമാകും. നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്കായി സര്‍ക്കാര്‍ ഒത്തിരി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. കേരളത്തിലെ നഗരങ്ങളിലെ ദരിദ്ര കുടുംബങ്ങള്‍ക്കും ആവാസ് യോജന വഴി വീട് കിട്ടിയെന്നും മോഡി പറഞ്ഞു. വിമാനത്താവളത്തിന്‍ നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്കുള്ള പ്രധാനമന്ത്രിയുടെ റോഡ് ഷോ. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് സംസാരിച്ചു. അമൃത് ഭാരത് ട്രെയിനുകളടക്കം ലഭിച്ചത് കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമുള്ള കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് വലിയ സംതൃപ്തി നല്‍കുന്ന നിമിഷമാണിത്. കാരണം ഈ പദ്ധതികളില്‍ പലതിനും കേന്ദ്ര സര്‍ക്കാരിന്റെ പച്ചക്കൊടി ലഭിക്കാന്‍ തങ്ങള്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഈ പദ്ധതികള്‍ക്ക് അനുമതി നല്‍കിയതിന് പ്രധാനമന്ത്രിയോടുള്ള ഞങ്ങളുടെ ആത്മാര്‍ത്ഥമായ നന്ദി അറിയിക്കാന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുന്നു. ഭാവിയിലും കേരളത്തോട് ഈ കരുതല്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റ് വിവിധ മേഖലകളുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുമെന്നും അവയെല്ലാം സമയബന്ധിതമായി നടപ്പിലാക്കാന്‍ പ്രധാനമന്ത്രി ശ്രദ്ധിക്കുമെന്നും പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. രാവിലെ തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമടക്കമുള്ളവര്‍ ചേര്‍ന്നാണ് വിമാനത്താവളത്തില്‍ സ്വീകരിച്ചത്. സുരക്ഷാ കാരണങ്ങളുടെ പേരില്‍ തിരുവനന്തപുരം മേയര്‍ക്ക് സ്വീകരണച്ചടങ്ങില്‍ എത്താനായില്ല. വിമാനത്താവളത്തിന്‍ നിന്ന് ഔദ്യോഗിക പരിപാടികളുടെ പ്രധാനവേദിയായ പുത്തരിക്കണ്ടം മൈതാനത്തേക്കുള്ള അദേഹത്തിന്റെ റോഡ് ഷോ പാര്‍ട്ടി പ്രവര്‍ത്തകര്‍ വലിയ ആഘോഷമാക്കി മാറ്റി.













