യുഎസ് പ്രാദേശിക തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏതാനും നേതാക്കൾക്കു ഇന്ത്യൻ അമേരിക്കൻ ഇമ്പാക്ട് പിന്തുണ പ്രഖ്യാപിച്ചു. മീര തന്ന (ഒർലാൻഡോ, ഫ്ലോറിഡ), കാരൻ ഭാട്ടിയ (നാസോ കൗണ്ടി, ന്യൂ യോർക്ക്), കിം സിംഗ് (മേസൺ, ഒഹായോ), ഓഡ്രി നാഥ് (ഹ്യുസ്റ്റൺ, ടെക്സസ്), ദിയ പട്ടേൽ (പാര്സിപ്പനി, ന്യൂ ജേഴ്‌സി), അർജുൻ ജയ്‌കുമാർ (കേംബ്രിജ്, മാസച്യുസെറ്റ്സ്), മിനിത സാംഘ്‌വി (സരട്ടോഗ സ്പ്രിങ്സ്, ന്യൂ യോർക്ക്) എന്നിവർക്കാണ് പിന്തുണ. മീര തന്ന ഒർലാൻഡോ സിറ്റി കൗൺസിലിലേക്കാണ് മത്സരിക്കുന്നത്. ‘പരിചയ സമ്പത്തുളള സിറ്റി ഗ്രാന്റ്സ് മാനേജർ, പൗരാവകാശ പ്രവർത്തക എന്നീ നിലകളിലൊക്കെ അവരെ പിന്തുണയ്ക്കുന്നുവെന്നു ഐ എ ഇമ്പാക്ട് പറഞ്ഞു. സിറ്റിയുടെ ഗ്രാന്റ്സ് മാനേജർ എന്ന നിലയ്ക്ക് $275 മില്യൺ പ്രോഗ്രാമുകൾക്കാണ് തന്ന മേൽനോട്ടം വഹിക്കുന്നത്. അവരെ പിൻതുണയ്ക്കാൻ സ്ഥാനാർഥി ആരോൺ ലെവിസ് പിന്മാറിയിരുന്നു.
നാസോ കൗണ്ടി സഭയിലേക്കു ഡിസ്‌ട്രിക്‌ട് 18ലാണ് കാരൻ ഭാട്ടിയ മത്സരിക്കുന്നത്. ഇന്ത്യൻ പിതാവിന്റെയും ബ്രസീലിയൻ മാതാവിന്റെയും പുത്രി രണ്ടു പതിറ്റാണ്ടിൽ അധികമായി നാസോ കൗണ്ടിയിൽ ജീവിക്കുന്നു. വോൾ സ്ട്രീറ്റ് നിയമ സ്ഥാപനത്തിൽ നിന്നു വിട്ടു സ്വന്തം സ്ഥാപനം ആരംഭിച്ച ഭാട്ടിയ പിന്നീട് ഇക്കണോമിക് ഡെവലപ്മെന്റ് കോർപൊറേഷനിൽ ന്യൂ യോർക്ക് സിറ്റിയുടെ സാങ്കേതിക മേഖലയിൽ $200 മില്യന്റെ തന്ത്രങ്ങൾ മെനയുന്ന ചുമതലയേറ്റു. ഒഹായോ മേസൺ സിറ്റി കൗൺസിൽ സ്ഥാനാർഥി കിം സിംഗ് സുതാര്യതയും സുരക്ഷയും സൂക്ഷിക്കുന്ന പൊതുപ്രവർത്തകയാണെന്നു ഇമ്പാക്ട് ചൂണ്ടിക്കാട്ടി. 16 വർഷമായി പ്രാദേശിക ഭരണത്തിലുണ്ട്. ഇപ്പോൾ വാറൻ കൗണ്ടി ബോര്ഡിൽ അംഗമാണ്.
ഹ്യുസ്റ്റണിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്‌ട്രിക്‌ട് VII ബോര്ഡിലേക്കു മത്സരിക്കുന്ന ഓഡ്രി നാഥ് ശിശു രോഗ ചികിത്സാ വിദഗ്ദ്ധനാണ്. ഡിസ്ട്രിക്ടിൽ പ്രാദേശിക നിയന്ത്രണം വാഗ്‌ദാനം ചെയ്യുന്നു. ന്യൂ ജേഴ്‌സി പാഴ്സിപ്പനി ടൗൺ കൗൺസിലിലെ ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ദിയ പട്ടേൽ ഭരണത്തിൽ സുതാര്യതയും യുവ പങ്കാളിത്തവും വാഗ്‌ദാനം ചെയ്യുന്നു. മാസച്യുസെറ്സിലെ കേംബ്രിജ് സ്കൂൾ കമ്മിറ്റിയിലേക്കാണ് അർജുൻ ജയകുമാറിന്റെ മത്സരം. ബോസ്റ്റണിൽ ജനിച്ചു ന്യൂട്ടണിൽ വളർന്ന അദ്ദേഹം പബ്ലിക് സർവീസ് അറ്റോണിയാണ്.
സരട്ടോഗ കൗണ്ടി സൂപ്പർവൈസർ സ്ഥാനത്തേക്കാണ് മിനിത സാംഘ്‌വി മത്സരിക്കുന്നത്. പാർപ്പിട ചെലവ് കുറയ്ക്കും എന്നതാണ് ഒരു വാഗ്‌ദാനം.













