കൊളോണ്‍ : നാല് പതിറ്റാണ്ടിന്‍റെ നിറവിലെത്തിയ ജര്‍മനിയിലെ കൊളോണ്‍ ദര്‍ശന തീയേറ്റേഴ്സ് ഒരുക്കുന്ന 23ാമത് നാടകം ?രണ്ടു നക്ഷത്രങ്ങള്‍”” സെപ്റ്റംബര്‍ 27, ഒക്ടോബര്‍ 4 തീയതികളിലെ(ശനി) വാരാന്ത്യങ്ങളില്‍ അരങ്ങേറും. ഇത്തവണ രണ്ടു സ്റേറജുകളിലാണ് നാടകം അവതരിപ്പിക്കുന്നത്. ആദ്യത്തേത് സെപ്റ്റംബര്‍ 27 ന് പതിവുപോലെ കൊളോണ്‍ റാഡര്‍ത്താലിലെ സെന്റ് മരിയ എംഫേഗ്നസ് ദേവാലയ ഓഡിറ്റോറിയത്തിലും, രണ്ടാമത്തേത് ഒക്ടോബര്‍ 4 ന് കൊളോണിനടുത്തുള്ള റെഫ്റാത്ത് സിറ്റിസണ്‍ ഹാളിലുമാണ് പ്രദര്‍ശനങ്ങള്‍ ഒരുക്കുന്നത്. രണ്ടു സ്ഥലങ്ങളിലും വൈകുന്നേരം 6 മണിയ്ക്കാണ് നാടകം ആരംഭിയ്ക്കുന്നത്. (പ്രവേശനം 5.30 മുതല്‍). 15 യൂറോയാണ് ടിക്കറ്റ് വില. ജര്‍മനിയിലെ പരിചയസമ്പന്നരായ അഭിനേതാക്കള്‍ക്കൊപ്പം പുതിയതായി നാട്ടില്‍ നിന്നും എത്തിയിട്ടുള്ള കഴിവുറ്റ യുവനടീനടന്മാരെയും നാടകത്തില്‍ ദര്‍ശന പരിചയപ്പെടുത്തുന്നതും ഒരു പ്രത്യേകതയാണ്. 12 ലേറെ നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ജോയ് മാണിക്കത്തും ദര്‍ശനയുടെ നിലവിലെ അമരക്കാരില്‍ ഒരാളും നാടകകൃത്തുമായ ഗ്ളെന്‍സന്‍ മുത്തേടനുമാണ് രണ്ടു നക്ഷത്രങ്ങളുടെ സംവിധാനം നിര്‍വഹിച്ചിരിയ്ക്കുന്നത്. കേരളത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയടക്കം നിരവധി അവാര്‍ഡുകള്‍ നേടിയ മികച്ച നാടകമാണ് രണ്ടു നക്ഷത്രങ്ങള്‍.കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടകരചനക്കുള്ള പുരസ്കാരങ്ങള്‍ നിരവധി തവണ നേടിയിട്ടുള്ള പ്രതിഭയായ ഹേമന്ദ്കുമാര്‍ ആണ് നാടകത്തിന്റെ രചന നിര്‍വഹിച്ചിരിയ്ക്കുന്നത്.
നാടകാസ്വാദകരുടെ മനം കവരുന്ന, പുതിയ ലോകത്തിന്റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളുന്ന രചനാശൈലിയാണ് ഹേമന്ദ്കുമാറിന്റേത്. വള്ളുവനാട് ബ്രപ്മയെന്ന നാടകസമിതിയുടെ നിര്‍മ്മാണസഹായത്തോടെ ദര്‍ശന അണിയിച്ചൊരുക്കുന്ന നാടകത്തില്‍ അരങ്ങില്‍ മാറിമാറി വരുന്ന പശ്ചാത്തലത്തില്‍ രംഗങ്ങള്‍ ഏറെ മിഴിവോടെയാണ് സജ്ജമാക്കിയിരിയ്ക്കുന്നത്. സാധാരണക്കാരുടെ സാമ്പത്തികശാസ്ത്രത്തില്‍ പണം ആവശ്യമോ അത്യാഗ്രഹമോ ആയിത്തീരുമ്പോള്‍ മനുഷ്യന്‍ ഏതറ്റം വരെ പോകുമെന്ന വാസ്തവം പ്രമേയമാക്കി നാടകത്തിലൂടെ പ്രതിപാദിയ്ക്കുകയാണ് രചയിതാവ്. മനുഷ്യന്റെ നീതിബോധവും സഹാനുഭൂതിയും പണത്തിനു മുമ്പില്‍ കീഴടങ്ങുമോ എന്ന ചോദ്യത്തിന് കാണികളില്‍ ഏറെ ആകാംക്ഷ സൃഷ്ടിക്കാനും കഴിയുന്നുണ്ട്. 1982 ല്‍ കൊളോണില്‍ രൂപീകരിച്ചു പ്രവര്‍ത്തിച്ചുവരുന്ന ദര്‍ശനാ തീയേറ്റേഴ്സിന്റെ നാടകത്തില്‍ കലാമൂല്യത്തിനും അവതരണമികവിനും വിട്ടുവീഴ്ചയില്ലാത്ത പ്രാധാന്യം കൊടുക്കുന്ന രണ്ടു നക്ഷത്രങ്ങളുടെ കലാസായാഹ്നത്തിലേക്ക് ഏവരേയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നതായി ദര്‍ശന ഭാരവാഹികള്‍ അറിയിച്ചു.
ജോസ് കുമ്പിളുവേലില്‍














