ലണ്ടന്‍ : ഇംഗ്ളീഷ് ചാനല്‍ വഴി അനധികൃതമായി ബ്രിട്ടനിലേയ്ക്ക് കുടിയേറാന്‍ ശ്രമിച്ച ഇന്ത്യക്കാരനെ ഫ്രാന്‍സിലേയ്ക്ക് നാടു കടത്തി ബ്രിട്ടന്‍. ഇംഗ്ളീഷ് ചാനല്‍ കടന്ന് അനധികൃതമായി പ്രവേശിക്കുന്ന കുടിയേറ്റക്കാരെ തടയുന്നതിനായി യുകെയും ഫ്രാന്‍സും ഒപ്പു വച്ച ഉടമ്പടി പ്രകാരമാണ് ഈ നാടുകടത്തല്‍.അനധികൃത കുടിയേറ്റം തടയുന്നതിനുള്ള സുപ്രധാന ഘട്ടമാണിതെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ഷബാന മപ്മൂദ് പറഞ്ഞു. വണ്‍ ഇന്‍ വണ്‍ ഔട്ട് പദ്ധതി പ്രകാരം ഫ്രാന്‍സില്‍ നിന്ന് ചെറു ബോട്ടുകളില്‍ അനധികൃതമായി ഇംഗ്ളീഷ് ചാനല്‍ വഴിയെത്തുന്ന കുടിയേറ്റക്കാരെ തടങ്കലില്‍ വയ്ക്കുകയും സുരക്ഷിത മാര്‍ഗങ്ങളിലൂടെയെത്തുന്ന അഭയാര്‍ഥികളെ യുകെ സ്വീകരിക്കുകയും ചെയ്യും. തുടര്‍ന്ന് അനധികൃത കുടിയേറ്റക്കാരനെ ഫ്രാന്‍സിലേയ്ക്കു തന്നെ തിരിച്ചയക്കും. കഴിഞ്ഞ ഓഗസ്ററിലാണ് ഇന്ത്യക്കാരന്‍ യുകെയില്‍ അനധികൃതമായി പ്രവേശിച്ചത്. ഇയാളെ യുകെയിലെ ഹീത്രു വിമാനത്താവളത്തില്‍ നിന്ന് പാരീസിലേയ്ക്ക് കൊണ്ടു പോയി ഫ്രാന്‍സില്‍ എത്തിയ ശേഷം ഇന്ത്യയിലേയ്ക്ക് സ്വമേധയാ മടങ്ങാന്‍ അവസരം നല്‍കും. തയാറായില്ലെങ്കില്‍ നിര്‍ബന്ധമായി നീക്കം ചെയ്യും.














