യുക്മ – ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളിയുടെ വനിതാ വിഭാഗത്തിൽ ഇതാദ്യമായി 12 വനിതാ ടീമുകൾ പങ്കെടുക്കുന്നു. യുക്മ കേരളപൂരം വള്ളംകളി ആരംഭിച്ച 2017 മുതൽ വനിതാ വിഭാഗം മത്സരങ്ങൾ നടന്നിരുന്നുവെങ്കിലും ഇതാദ്യമായാണ് 12 ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നത്. ഓഗസ്റ്റ് 30 ന് റോഥർഹാം മാൻവേഴ്‌സ് തടാകത്തിൽ വച്ചാണ് കേരളപൂരം വള്ളംകളിയുടെ മത്സരങ്ങൾ നടക്കുന്നത്. യുക്മ – ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളി 2025 ഏറ്റവും ഭംഗിയായി നടത്തുവാനുള്ള ക്രമീകരണങ്ങളാണ് നടന്ന് വരുന്നതെന്ന് യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ് എന്നിവർ അറിയിച്ചു. യുക്മ ട്രോഫിയ്ക്ക് വേണ്ടിയുള്ള ഏഴാമത് വള്ളംകളിയിൽ മത്സര വിഭാഗത്തിൽ 32 ടീമുകളാണ് പങ്കെടുക്കുന്നത്.














