Home അമേരിക്ക കാത്തിരിപ്പിന് വിരാമം ; സുനിത വില്യംസ് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി

കാത്തിരിപ്പിന് വിരാമം ; സുനിത വില്യംസ് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി

217
0
**EDS: THIRD PARTY IMAGE** In this image via NASA, NASA astronaut Suni Williams is helped out of a SpaceX Dragon spacecraft onboard the SpaceX recovery ship MEGAN after she, NASA astronaut Nick Hague, and Butch Wilmore, and Roscosmos cosmonaut Aleksandr Gorbunov landed in the water off the coast of Tallahassee, Florida, Tuesday, March 18, 2025. Hague, Gorbunov, Williams, and Wilmore are returning from a long-duration science expedition aboard the International Space Station. (NASA/Keegan Barber via PTI Photo)(PTI03_19_2025_000035B)

ഫ്ലോറിഡ : ഒമ്പത് മാസം ബഹിരാകാശത്ത് ചെലവഴിച്ചതിന് ശേഷം, സുനിത വില്യംസ് ഭൂമിയിലേക്ക് തിരിച്ചെത്തി. അവരോടൊപ്പം ബുച്ച് വില്‍മോര്‍, നിക്ക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നിവരും ഭൂമിയിലേക്ക് മടങ്ങി. ഇന്ന്, മാർച്ച് 18 ചൊവ്വാഴ്ച യുഎസ് സമയം വൈകുന്നേരം 5:57 നാണ് അവരെ വഹിച്ചുകൊണ്ടുള്ള സ്പേസ് എക്സിന്റെ ഡ്രാഗണ്‍ കാപ്സ്യൂള്‍ ഫ്ലോറിഡയുടെ തീരത്തോട് ചേര്‍ന്നുള്ള അറ്റ്‌ലാൻഡിക് സമുദ്രത്തിലെ മെക്‌സിക്കൻ ഉൾക്കടലിലാണ് ക്രൂ-9 പേടകം പതിച്ചത്. ഭൂമിയിൽ സുരക്ഷിതമായി എത്തിയ സംഘത്തെ ഫ്ലോറിഡയിലെ ജോൺസൺ സ്‌പേസ് സെന്‍ററിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് മെഡിക്കൽ പരിശോധനകൾ നടത്തും. സുനിത വില്യംസും ബുച്ച് വിൽമോറും സുരക്ഷിതമായി ഭൂമിയിലെത്തിയതോടെ ഇരുവരുടെയും ഒമ്പത് മാസത്തെ നീണ്ട കാത്തിരിപ്പ് അവസാനിക്കുകയാണ്. വെറും എട്ട് ദിവസത്തെ ദൗത്യത്തിനായാണ് സുനിത വില്യംസും ബുച്ച് വിൽമോറും ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിൽ 2024 ജൂൺ 5ന് ബഹിരാകാശ നിലയത്തിലേക്ക് പോയത്. എന്നാൽ, സ്റ്റാർലൈനർ പേടകത്തിലെ ഹീലിയം ചോർച്ചയും ത്രസ്റ്റർ തകരാറും കാരണം ഇവർക്ക് മടങ്ങിവരാനായില്ല.

പിന്നീട് സ്റ്റാർലൈനർ യാത്രക്കാരില്ലാതെ ഭൂമിയിലേക്ക് എത്തിച്ചെങ്കിലും സുരക്ഷാ കാരണങ്ങളാൽ ഇരുവർക്കും തിരികെ മടങ്ങാനായില്ല. ഇതോടെ സുനിത വില്യംസും സഹസഞ്ചാരിയായ ബുച്ച് വിൽമോറിനും മാസങ്ങളോളം ബഹിരാകാശ നിലയത്തിൽ തങ്ങേണ്ടിവന്നു. തിരഞ്ഞെടുപ്പിനു ശേഷം പ്രസിഡന്‍റായി അധികാരമേറ്റ ഡൊണാൾഡ് ട്രംപ് ഇവരെ തിരികെയെത്തിക്കുന്നതിനായി വേണ്ട നടപടികൾ സ്വീകരിക്കാൻ ഇലോൺ മസ്‌കിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മസ്‌ക്കിന്‍റെ സ്‌പേസ് എക്‌സ് ക്രൂ9 പേടകത്തിൽ ഇരുവരെയും ഭൂമിയിലേക്ക് തിരികെയെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഫെബ്രുവരിയിൽ മടങ്ങേണ്ടിയിരുന്ന ക്രൂ9 പേടകത്തിന്‍റെ ദൗത്യം നീട്ടിയത് കാരണം സുനിത വില്യംസിന്‍റെ കാത്തിരിപ്പ് വീണ്ടും നീളാൻ കാരണമായി. പിന്നീടാണ് മാർച്ച് 14ന് സ്‌പേസ് എക്‌സ് ക്രൂ-10 പേടകം 4 ബഹിരാകാശ സഞ്ചാരികളുമായി ഭൂമിയിൽ നിന്ന് ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്നത്.

മാർച്ച് 16നാണ് ക്രൂ-10 പേടകം ബഹിരാകാശ നിലയത്തിലെത്തിയത്. തുടർന്ന് ക്രൂ-10 പേടകത്തിലെ യാത്രികർക്ക് ബഹിരാകാശ നിലയത്തിന്‍റെ മേൽനോട്ട ചുമതലകൾ കൈമാറിയ ശേഷമാണ് സുനിതയും വിൽമോറും അടങ്ങുന്ന സംഘം ബഹിരാകാശ നിലയത്തിൽ നിന്നും മടങ്ങുന്നത്. മാസങ്ങൾക്ക് ശേഷം ഭൂമിയിലെത്തിയ ഈ ബഹിരാകാശ യാത്രികർക്ക് നിരവധി ആരോഗ്യപ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാമെന്നാണ് വിദഗ്‌ധാഭിപ്രായം. മുമ്പും ഇത്തരത്തിൽ മാസങ്ങളായി ബഹിരാകാശ നിലയത്തിൽ കഴിയേണ്ടിവന്ന യാത്രികർക്ക് കാഴ്‌ച്ചക്കുറവ്, തലകറക്കം, നടക്കാൻ ബുദ്ധിമുട്ട്, മാനസിക പിരിമുറുക്കം ഉൾപ്പെടെയുള്ള നിരവധി പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ബഹിരാകാശത്ത് നിന്ന് മടങ്ങിയെത്തുന്ന സുനിത വില്യംസിനും ബുച്ച് വിൽമോറിനും അസ്ഥികളുടെ സാന്ദ്രത കുറയാനും പേശികൾ ക്ഷയിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഇത് കാരണം എല്ലുകൾ എളുപ്പത്തിൽ ഒടിയാനും സാധ്യതയുണ്ട്. ഭൂമിയിൽ തിരിച്ചെത്തിയ ശേഷം അവരുടെ അസ്ഥികൾ സാധാരണ നിലയിലേക്ക് മടങ്ങാൻ നാല് വർഷം വരെ എടുത്തേക്കാം. കൂടാതെ ഇവരുടെ കാൽപ്പാദത്തിലെ ചർമ്മം അടർന്ന് കുട്ടികളേതിന് സമാനമായ മൃദുലമായ ചർമ്മമായി മാറും.

ഇത് കാരണം ഇവർക്ക് നടക്കുമ്പോൾ പ്രയാസം നേരിട്ടേക്കാം. മൈക്രോഗ്രാവിറ്റിയിൽ കഴിഞ്ഞതിനാൽ തന്നെ ഇവർക്ക് ഭാരമെടുക്കുന്നതിനും പ്രയാസം അനുഭവപ്പെടും. ചെറിയ ഭാരമെടുക്കുന്നത് പോലും ബുദ്ധിമുട്ടായി തോന്നിയേക്കാം. ഇതിന് പുറമെ ഹൃദയാരോഗ്യ പ്രശ്‌നങ്ങൾ, കാഴ്‌ച പ്രശ്‌നങ്ങൾ, മാനസിക സമ്മർദ്ദം, രോഗപ്രതിരോധശേഷി കുറവ് എന്നിങ്ങനെ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് സാധ്യതയുണ്ട്. സുനിതയെയും മറ്റ് ബഹിരാകാശ സഞ്ചാരികളെയും ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ ഇലോൺ മസ്‌ക് ഒരു പ്രധാന പങ്ക് വഹിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന്, ഇലോണിന്റെ ബഹിരാകാശ ഗവേഷണ കമ്പനിയായ സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ കാപ്‌സ്യൂളാണ് സുനിത ഉൾപ്പെടെയുള്ള നാല് ബഹിരാകാശയാത്രികരെയും സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവന്നത്.

286 ദിവസം നീണ്ടുനിന്ന ഈ ബഹിരാകാശ ദൗത്യം അമേരിക്കയുടെ ചരിത്രത്തിലെ ആറാമത്തെ ഏറ്റവും ദൈർഘ്യമേറിയ ദൗത്യമായി മാറി. സാധാരണയായി ബഹിരാകാശയാത്രികരെ ആറ് മാസത്തേക്കാണ് ഐ‌എസ്‌എസിലേക്ക് അയയ്ക്കുന്നത്, എന്നാൽ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം സുനിത വില്യംസിനും, ബുച്ച് വിൽമോറിനും ഈ കാലയളവിനേക്കാൾ കൂടുതൽ കാലം അവിടെ തങ്ങേണ്ടിവന്നു.

Previous articleസെന്റ് പാട്രിക്സ് ഡേ പരേഡിൽ ശ്രദ്ധ നേടി മായോ മലയാളി അസോയിയേഷൻ
Next article“140 കോടി ഇന്ത്യക്കാർ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു”; സുനിത വില്യംസിന് പ്രധാനമന്ത്രിയുടെ കത്ത്

Leave a Reply