ദോഹ : അഷറഫ് ഹംസ സംവിധാനം ചെയ്ത ‘സുലൈഖ മന്‍സിലി’ലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദോഹയിലെത്തി. കേരളത്തിലെ പോലെ ഗള്‍ഫിലും സിനിമയ്ക്കുള്ള പ്രേക്ഷക സ്വീകാര്യതയില്‍ സന്തോഷമുണ്ടെന്ന് ദോഹയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും പറഞ്ഞു. പെരുന്നാള്‍ ചിത്രമായി ഏപ്രില്‍ 21ന് റിലീസ് ചെയ്ത സുലൈഖ മന്‍സില്‍ കോമഡി, റൊമാന്‍സ്, ഡ്രാമ ചേരുവയോടെയുള്ള കുടുംബസിനിമയാണ്. ലുക്മാന്‍ അവറാന്‍, അനാര്‍ക്കലി മരക്കാര്‍, ചെമ്ബന്‍ വിനോദ് ജോസ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ . മലബാറിലെ മുസ്‌ലിം കല്ല്യാണത്തിന്റെ പശ്ചാതലത്തില്‍ കഥ പറയുന്ന സുലൈഖ മന്‍സില്‍ ചെമ്ബന്‍ വിനോദിന്റെ ചെമ്ബോസ്‌കി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ചെമ്ബന്‍ വിനോദ് ജോസ്, സുബീഷ് കണ്ണഞ്ചേരി, സമീര്‍ കാരാട്ട് എന്നിവരാണ് നിര്‍മിച്ചിരിക്കുന്നത്.
ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 974 ഇവന്റ്‌സിന്റെ ദോഹയില്‍ പ്രവര്‍ത്തിക്കുന്ന മിഡില്‍ ഈസ്റ്റ് ഓഫിസാണ് സുലൈഖ മന്‍സിലിന്റെ ജി സി സി പ്രമോഷണല്‍ പര്യടനത്തിന് നേതൃത്വം നല്‍കുന്നത്. ജി സി സി മേഖലയിലെ വിവിധ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും മാളുകളിലും ഏപ്രില്‍ 23 മുതല്‍ 28 വരെയാണ് പ്രമോഷന്‍ നടക്കുന്നത്. ദോഹ അറേബ്യന്‍ റെസ്റ്റോറന്റില്‍ നടന്നവാര്‍ത്താസമ്മേളനത്തില്‍താരങ്ങളായ അനാര്‍ക്കലി മരക്കാര്‍, അമല്‍ഡ ലീസ്, ഗായകനും കമ്ബോസറുമായ ഡബ്സി , ചീഫ് അസോസിയേറ്റ് ഡയറക്‌ട്ടര്‍ ജിനു തോമസ്,974 ഇവന്റ്‌സ് ഡയറക്ടര്‍ മുഹമ്മദ് റസല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ദോഹയിലെ അബു സിദ്രയിലെ ലുലു മാളില്‍ സിനിമാസ്വദകര്‍ക്കായി സംഘടിപ്പിച്ച പരിപാടിയിലും താരങ്ങളുംഅണിയറപ്രവര്‍ത്തകരും പങ്കെടുത്തു
ഷഫീക് അറക്കല്‍












