കണ്ണൂര്‍ : സംസ്ഥാനത്തെ ട്രെയിനുകളുടെ വേഗം കൂട്ടാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ.റെയില്‍ പാളത്തില്‍ പണി തുടങ്ങി. വേഗം 130 കിലോമീറ്ററില്‍ എത്തിക്കാനാണ് പാത നവീകരിക്കുന്നത്. രാജ്യത്ത് 53 റൂട്ടുകളില്‍ പാത നവീകരിക്കുന്നുണ്ട്. അവയില്‍ രണ്ടെണ്ണം കേരളത്തിലാണ്. മെഗാ റെയില്‍ ബ്ലോക്ക് ഏര്‍പ്പെടുത്തി ചാലക്കുടി പാലത്തിലെ ഗര്‍ഡറുകള്‍ മാറ്റിയത് ഇതിന്റെ ഭാഗമാണ്. കേരളത്തില്‍ തിരുവനന്തപുരം- കോഴിക്കോട് (400 കിലോമീറ്റര്‍), കണ്ണൂര്‍-കോഴിക്കോട് (89 കിലോമീറ്റര്‍) എന്നിവയാണ് നവീകരിക്കുന്നത്. ഇതിനൊപ്പം തിരുവനന്തപുരം-മധുര (301 കിലോമീറ്റര്‍) റൂട്ടുമുണ്ട്. പുതിയ സിഗ്നലിംഗ് സംവിധാനം, വളവ് നികത്തല്‍, പാളം ,പാലം അറ്റകുറ്റപ്പണി അടക്കം ഇവയിലുണ്ട്. 160 കിലോമീറ്റര്‍ വേഗം കൂട്ടാനുള്ള എ ക്യാറ്റഗറിയിയില്‍ ഇന്ത്യയില്‍ നാല് റൂട്ടുകളാണുള്ളത്. കേരളത്തില്‍ ബി കാറ്റഗറിയാണ്, അതായത് വേഗം 130 കിലേമീറ്റര്‍.
നിലവില്‍ വേഗക്കുറവ് ഉള്ളത് ഷൊര്‍ണൂര്‍-എറണാകുളം റൂട്ടിലാണ്. പുതിയ പാത ഉള്‍പ്പടെ നിലവില്‍ ഇവിടെ നിര്‍മ്മിക്കണം. അതിന് മുന്‍പ് ലൂപ്പ് ലൈന്‍ നിര്‍മ്മാണം ഉള്‍പ്പടെ നിലവില്‍ സാധ്യമായ വേഗം കൂട്ടല്‍ പ്രവൃത്തിയാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. കേരളത്തിലെ അടിസ്ഥാന വേഗമായ 100-110 കിലോമീറ്റര്‍ കുറവ് വരുന്ന സ്‌പോട്ടുകളെ കുറിച്ച് റെയില്‍വേ എന്‍ജിനീയറിംഗ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വേഗം കൂട്ടുന്നത്.











