ഫ്ളോറിഡ: സ്വിംഗ് സ്റ്റേറ്റായ പെൻസില്‍വാനിയില്‍ കൂടി വിജയിച്ചതോടെ തെരഞ്ഞെടുപ്പില്‍ വിജയം പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി രാജ്യത്തെ അഭിസംബോധന ചെയ്തു. ചാഞ്ചാടുന്ന ഏഴ് സ്വിംഗ് സ്റ്റേറ്റുകളും ഡ്രംപിനെ പിന്തുണച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ അഭിസംബോധന. ഫ്ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ പ്രചാരണ വേദിയിലാണ് അദ്ദേഹമെത്തിയത്.
അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി തെരഞ്ഞെടുത്തതില്‍ അദ്ദേഹം നന്ദി അറിയിച്ചു. മുറിവേറ്റ രാജ്യത്തെ സുഖപ്പെടുത്താൻ പോവുകയാണെന്നും അമേരിക്കയുടെ സുവർണ കാലഘട്ടം ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ ജനതയുടെ മഹത്തായ വിജയമാണ് ഇത്. ഈ വിജയം അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ പോവുകയാണ്. രാജ്യത്തെ സുഖപ്പെടുത്താൻ ഞങ്ങള്‍ സഹായിക്കാൻ പോകുന്നു. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിലൂടെയാണ് കടന്നുപോയതെന്ന് ജനങ്ങള്‍ക്ക് ബോധ്യമാകും. അഭൂതപൂർവവും ശക്തവുമായ ജനവിധിയാണ് അമേരിക്ക നല്‍കിയതെന്ന് സെനറ്റിലെ വിജയത്തെ ചൂണ്ടിക്കാട്ടി ട്രംപ് പറഞ്ഞു.
ഭാര്യ മെലാനിയ ട്രംപിന് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. ജനങ്ങളെ സഹായിക്കാനായി ഏറെ കാര്യങ്ങള്‍ ഭാര്യ ചെയ്യുന്നുണ്ട്. മഹത്തായ പ്രവർത്തനങ്ങളാണ് കാഴ്ച വയ്‌ക്കുന്നത്. പിന്നാലെ അമേരിക്കയുടെ പുതിയ വൈസ് പ്രസിഡൻ്റാകാനൊരുങ്ങുന്ന ജെഡി വാൻസിനെും അദ്ദേഹം അഭിനന്ദിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ തിരിച്ചുവരവാണ് ട്രംപ് നടത്തിയതെന്ന് വാൻസ് പ്രസംഗത്തിനിടെ പറഞ്ഞു.
‘We want Trump’ ആരവത്തോടെയാണ് അദ്ദേഹത്തിനെ ജനങ്ങള്‍ വരവേറ്റത്. ആരവങ്ങള്‍ക്കിടയില്‍ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പ്രധാന പങ്ക് വഹിച്ച ഇലോണ്‍ മസ്കിനെ കുറിച്ചും ട്രംപ് പരാമർശിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയുടെ പുതിയ താരം എന്നാണ് മസ്കിനെ ട്രംപ് വിശേഷിപ്പിച്ചത്.
ട്രംപിന്റെ പത്നി മെലാനിയ ട്രംപ്, വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി ജെഡി വാൻസ്, പ്രചാരണ പ്രവർത്തകർ ഉള്‍പ്പടെയുള്ളവർ വേദിയില്‍ സന്നിഹിതരായിരുന്നു. നാല് ഇലക്ടറല്‍ വോട്ടുകള്‍ക്ക് പിന്നിലാണ് ട്രംപ് ഇപ്പോഴും. എന്നിരുന്നാലും വിജയം ഉറപ്പിച്ചുകൊണ്ടാണ് അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്തത്.













