ബാങ്കോക്ക്: സിങ്കപ്പൂർ എയർലൈൻസ് വിമാനം ആകാശത്ത് അതിശക്തമായി ആടിയുലഞ്ഞതിനെത്തുടർന്ന് ഒരാൾ മരിക്കുകയും എഴുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിന്റെ നടുക്കത്തിൽ നിന്നും യാത്രക്കാർ ഇതുവരെ മോചിതരായിട്ടില്ല. വിമാനം ഉലഞ്ഞതോടെ യാത്രക്കാരിൽ ചിലരുടെ തല വിമാനത്തിൻ്റെ മേൽത്തട്ടിൽ ഇടിച്ചതായി വിമാനത്തിലുണ്ടായിരുന്ന വിദ്യാർഥി റോയിട്ടേഴ്സിനോട് പ്രതികരിച്ചു. സീറ്റ് ബെൽറ്റ് ഇടാതിരുന്ന യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇവർ ഉടൻ തന്നെ മുകളിലേക്ക് തെറിച്ചുപോയി. ബാഗുകൾ വയ്ക്കുന്ന സ്ഥലത്തേക്കാണ് ഇവരുടെ തലയിടിച്ചത്. അവിടെയുണ്ടായിരുന്ന ലൈറ്റുകൾ അപകടത്തിൽ തകർന്നത് ഇവർക്ക് സാരമായി പരിക്കേൽക്കുന്നതിന് കാരണമായി. ശൗചാലയത്തിലുണ്ടായിരുന്ന ജീവനക്കാർക്കും യാത്രക്കാർക്കുമാണ് അപകടത്തിൽ ഏറ്റവും കൂടുതൽ പരിക്കേറ്റത്. എഴുന്നേൽക്കാൻ പറ്റാത്ത സ്ഥിയിലായിരുന്നു ഇവർ. നട്ടെല്ലിനും തലയ്ക്കും പരിക്കേറ്റ നിലയിലായിരുന്നു ഇവരെന്നും വിദ്യാർഥി കൂട്ടിച്ചേർത്തു.
മൂന്ന് ഇന്ത്യക്കാരുൾപ്പെടെ 211 യാത്രക്കാരും 18 ജീവനക്കാരുമായി ഹീത്രോ വിമാനത്താവളത്തിൽനിന്നു പുറപ്പെട്ട ബോയിങ് 777-300 ഇ.ആർ. വിമാനമാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് അപകടത്തിൽപ്പെട്ടത്. 37,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന വിമാനം അഞ്ചുമിനിറ്റിനുള്ളിൽ 31,000 അടിയിലേക്കു താണപ്പോഴാണ് ഉലച്ചിലുണ്ടായത്. ചുറ്റുമുള്ള വായുപ്രവാഹത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് വിമാനങ്ങളുടെ ഉലച്ചിലിന് ഇടയാക്കുന്നത്. തുടർന്ന്, ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ് 3.45-ന് (ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 2.15) തായ്ലാൻഡിലെ ബാങ്കോക്കിൽ വിമാനം അടിയന്തരമായി ഇറക്കി. 71 പേർക്ക് അപകടത്തിൽ പരിക്കേറ്റു. ആറുപേരുടെ പരിക്ക് ഗുരുതരമാണ്. 73 വയസ്സുള്ള ബ്രിട്ടീഷുകാരനാണ് മരിച്ചത്. ഹൃദയാഘാതമാകാം മരണകാരണമെന്നാണു വിവരം.













