തിരുവനന്തപുരം : സംസ്ഥാനത്തെ ഡ്രൈവിംഗ് പരിശീലനത്തിന് പുത്തൻ മുഖം നല്‍കികൊണ്ട് കെഎസ്‌ആർടിസിയുടെ ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കാൻ പദ്ധതിയിടുന്നതായി ഗതാഗതവകുപ്പ്. മിതമായ ചെലവില്‍ ഡ്രൈവിംഗ് പരിശീലനം ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി ഗതാഗത മന്ത്രാലയം ആലോചിക്കുന്നത്. പദ്ധതിയുടെ സാങ്കേതികത പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്‌ആർടിസി സിഎംഡിക്ക് ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാർ നിർദ്ദേശം നല്‍കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനായുള്ള പരിശീലനകേന്ദ്രങ്ങള്‍ ഒരുക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ കെഎസ്‌ആർടിസിയിലെ വിദഗ്‌ധരായ ഇൻസ്ട്രക്‌ടർമാരുടെ സേവനം പ്രയോജനപ്പെടുത്തി അധിക പരിശീലനം നല്‍കാനും ഈ പദ്ധതിയിലൂടെ ഗതാഗത വകുപ്പ് പദ്ധതിയിടുന്നുണ്ട്. പദ്ധതി നടപ്പായാല്‍ അതുകൊണ്ട് ഏറ്റവും കൂടുതല്‍ ഗുണമുണ്ടാവുക സാധാരണക്കാർക്കാവും. നിലവില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ ചുമത്തുന്ന ഭീമമായ പരിശീലന ഫീസില്‍ നിന്ന് അവർക്ക് ഒരുപരിധി രക്ഷപ്പെടാനുള്ള സാഹചര്യമാണ് ഇതിലൂടെ ഉണ്ടാവുന്നത്. അതാത് ഇടങ്ങളില്‍ തന്നെ പരിശീലനത്തിന് സൗകര്യം ഒരുക്കി ഡ്രൈവിംഗ് ലൈസൻസ് നല്‍കാൻ കൂടിയുള്ളതാണ് ഈ പദ്ധതി.
ദേശീയ അന്തർദ്ദേശീയ നിലവാരത്തിലുള്ള ലൈറ്റ് മോട്ടോർ ഡ്രൈവിംഗ് പരിശീലനം ഈ കേന്ദ്രങ്ങളില്‍ ലഭ്യമാക്കാനാണ് ഇതിലൂടെ വകുപ്പ് ലക്ഷ്യമിടുന്നത്. ആധുനിക സംവിധാനങ്ങളോടെ ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകളില്‍ കെഎസ്‌ആർടിസി ഡ്രൈവർമാർക്ക് അധിക പരിശീലനം നല്‍കുന്നത് ഉള്‍പ്പെടെ പരിഗണിക്കുന്നുണ്ട്. അതേസമയം, ഗതാഗത വകുപ്പ് മന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം മുതല്‍ കെഎസ്‌ആർടിസി പ്രതിസന്ധി പരിഹരിക്കാനുള്ള ശക്തമായ നീക്കങ്ങളാണ് ഗണേഷ് കുമാർ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഓർഡിനറി സർവീസുകളില്‍ റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കി കൊണ്ട് വലിയ ലാഭമാണ് കെഎസ്‌ആർടിസി ഉണ്ടാക്കിയെടുത്തത്. എന്നാല്‍ ഇലക്‌ട്രിക് ബസുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗണേഷ് കുമാറിന്റെ നിലപാട് വിമർശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇലക്‌ട്രിക് ബസുകള്‍ ലാഭകരം അല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികാരണം. എന്നാല്‍ സിഎംഡി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇലക്‌ട്രിക് ബസുകള്‍ ലാഭകരം ആണെന്ന് കണ്ടെത്തിയതോടെ ഗണേഷിന് പിന്നോട്ട് പോകേണ്ടി വന്നിരുന്നു.
പിന്നീട് ഡ്രൈവിംഗ് പരിശീലനത്തിന്റെ രീതികള്‍ മാറ്റാൻ നടപ്പാക്കിയ തീരുമാനത്തില്‍ പലയിടത്തും ഇപ്പോഴും എതിർപ്പുകള്‍ നിലനില്‍ക്കുന്നുണ്ട്. കൂടാതെ ഒരു ദിവസം നടത്താവുന്ന ഡ്രൈവിംഗ് ടെസ്‌റ്റുകളുടെ എണ്ണവുമായി ബന്ധപ്പെട്ട നിർദ്ദേശവും ഗണേഷ് കുമാറിന് തിരിച്ചടിയായിരുന്നു. എന്നാല്‍ ഇത് കൊണ്ടൊന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് മന്ത്രി.











