കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) ക്യാമ്പസിൽ അമേരിക്കൻ കോർണർ സ്ഥാപിക്കാൻ സർവകലാശാലയും ചെന്നൈയിലെ യുഎസ് കോൺസലേറ്റ് ജനറലും തമ്മിൽ കരാറായി. വെള്ളിയാഴ്ച കുസാറ്റിൽ യുഎസ് കോൺസൽ ജനറൽ ക്രിസ്റ്റഫർ ഡബ്ള്യു. ഹോഡ്‌ജസും യൂണിവേഴ്സിറ്റി റജിസ്ട്രാർ വി. മീരയും കരാറിൽ ഒപ്പിട്ടു. വൈസ് ചാൻസലർ പി ജി ശങ്കരൻ സന്നിഹിതനായിരുന്നു. യുഎസിലെ 18 യൂണിവേഴ്സിറ്റികളിൽ നിന്നുള്ള വാണിജ്യ സംഘം കുസാറ്റ് സന്ദർശിച്ചതിനെ തുടർന്നാണ് കരാറിനു വഴി തെളിഞ്ഞത്. ഇന്ത്യയിലും ഏഷ്യയിലും ലോകമൊട്ടാകെയും വ്യാപിച്ചു കിടക്കുന്ന 600ലേറെ American Spaces ഇപ്പോൾ നിലവിലുണ്ട്.
യുഎസ്ഐഎ സാംസ്‌കാരിക പരിപാടികൾ കുസാറ്റിലെ അമേരിക്കൻ കോർണറിൽ പുനരാരംഭിക്കും. 1970ൽ തിരുവനന്തപുരത്തെ കേന്ദ്രം പൂട്ടിയതോടെ അതു നിലച്ചു പോയതാണ്.
ചെന്നൈയിലെ യുഎസ് കോൺസലേറ്റ് അതിനു എല്ലാ പിന്തുണയും നൽകും. കഴിവുകൾ വികസിപ്പിക്കാനുള്ള സൗകര്യങ്ങൾ അവിടെ ഉണ്ടാവും. മാധ്യമ വർക്ഷോപ്പുകൾ, യുഎസ് സ്ഥാപനങ്ങളുമായുള്ള കൈമാറ്റ സൗകര്യങ്ങൾ അവിടെ പഠനത്തിനുള്ള മാർഗ നിർദേശങ്ങൾ ഇവയൊക്കെ ലഭ്യമാവും. കേന്ദ്രം സൗജന്യമായിരിക്കും. എല്ലാവർക്കും പങ്കെടുക്കാവുന്നതുമാണ്. ഈ വർഷം തന്നെ തുറക്കും.











